വാളയാറില്‍ എത്തിയ മലപ്പുറം സ്വദേശിക്കു കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട പൊലീസുകാരെ ക്വാറന്റീനില്‍ അയച്ചില്ല

കോവിഡ് രോഗിയായ ഒരാള്‍ വാളയാറില്‍ എത്തിയപ്പോള്‍ അവിടെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാര്‍, പൊതുപ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവര്‍ 14 ദിവസത്തേക്കു വീട്ടുനിരീക്ഷണത്തില്‍ പ്രവേശിക്കണമെന്ന് ഡിഎംഒയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് മേയ് 14-നു തീരുമാനിച്ചിരുന്നു. ചെന്നൈയില്‍നിന്നാണ് മേയ് 9-ന് മലപ്പുറം സ്വദേശി വാളയാറിലെത്തിയത്.
എന്നാല്‍, വാളയാറില്‍ പൊലീസുകാരെ നിയോഗിച്ച ഡ്യൂട്ടി ഷെഡ്യൂള്‍ പ്രകാരം രോഗി എത്തിയ 9-നു വാളയാറില്‍ ജോലിയില്‍ ഉണ്ടായിരുന്ന പൊലീസുകാരില്‍ 51 പേര്‍ മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനം വന്നശേഷവും മേയ് 23 വരെയുള്ള പല ദിവസങ്ങളിലും ഇവിടെ ജോലി ചെയ്തിട്ടുണ്ട്. ഒരു ദിവസം മുതല്‍ 8 ദിവസം വരെയാണു പലരും ജോലിചെയ്തിരിക്കുന്നത്.
വാളയാറില്‍ വിവിധ നടപടിക്രമങ്ങള്‍ക്കായി കാത്തുനില്‍ക്കെ 9-ാം തീയതി രാവിലെ 10-നു കുഴഞ്ഞുവീണ രോഗിയെ എടുത്തുപൊക്കിയ പ്രൈമറി ഹൈ റിസ്‌ക്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ട പൊലീസുകാരും അവിടെ ഇദ്ദേഹത്തെ പരിചരിച്ച നഴ്‌സുമാരും ഉള്‍പ്പെടെയുള്ളവരെ ഐസലേഷനിലാക്കിയിരുന്നു. ലോ റിസ്‌ക് പ്രൈമറി കോണ്‍ടാക്ടില്‍ ഉള്‍പ്പെട്ട മറ്റുള്ളവരോടാണു വീട്ടുനിരീക്ഷണത്തില്‍ കഴിയണമെന്ന് ആവശ്യപ്പെട്ടത്.
എന്നാല്‍, മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശം അവഗണിച്ച് ഏതാനും ഉന്നത പൊലീസ് ഉദ്യോഗസ്ഥരൊഴികെ മറ്റുള്ളവരെ വീണ്ടും അതിര്‍ത്തിയില്‍ തന്നെ ജോലിക്കു നിയോഗിക്കുകയായിരുന്നു. മേയ് 9-ന് അതിര്‍ത്തിയില്‍ എത്തിയ എംപിമാരായ വി.കെ.ശ്രീകണ്ഠന്‍, രമ്യാ ഹരിദാസ്, ടി.എന്‍.പ്രതാപന്‍ എന്നിവരും എംഎല്‍എമാരായ ഷാഫി പറമ്പില്‍, അനില്‍ അക്കര എന്നിവരും 14 ദിവസം വീട്ടുനിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നു.
https://www.facebook.com/Malayalivartha