സ്വപ്ന സുരേഷും സന്ദീപ് നായരും കോവിഡ് നെഗറ്റീവ്, തിങ്കള്‍ മുതല്‍ 10 ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്ന് എന്‍ ഐ എ
സ്വര്‍ണക്കടത്തുകേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരുടെ കോവിഡ് പരിശോധന ഫലം നെഗറ്റിവായി. മൂന്ന് ദിവസത്തെ റിമാന്‍ഡില്‍ വിട്ടതിനാല്‍ സ്വപ്ന തൃശൂരിലും സന്ദീപ് കറുകുറ്റിയിലും കോവിഡ് കെയര്‍ സെന്ററുകളിലാണ് ഇപ്പോഴുള്ളത്. ഞായറാഴ്ച രാവിലെ ആലുവ ആശുപത്രിയില്‍വച്ചാണ് ഇവരുടെ സാംപിളുകള്‍ ശേഖരിച്ചത്.
കഴിഞ്ഞ ദിവസം ബെംഗളൂരുവിലെ ഫ്ലാറ്റില്‍വച്ചാണ് എന്‍ഐഎ സ്വപ്നയെയും സന്ദീപിനെയും പിടികൂടിയത്. ഞായറാഴ്ച വൈകിട്ടോടെ ഇവരെ കൊച്ചി എന്‍ഐഎ ഓഫിസിലെത്തിച്ചു. നിയമനടപടികള്‍ക്ക് സ്വപ്നയ്ക്കായി അഭിഭാഷകയെയും ലഭ്യമാക്കിയിട്ടുണ്ട്. എന്‍ഐഎ പ്രത്യേക ജഡ്ജ് പി. കൃഷ്ണകുമാറാണു കോടതിയില്‍ കേസ് പരിഗണിച്ചത്. പ്രതികളുടെ കോവിഡ് പരിശോധന ഫലം അറിയേണ്ട സാഹചര്യത്തില്‍ ഇരുവരെയും മൂന്ന് ദിവസത്തെ റിമാന്‍ഡിലാണു വിട്ടത്.
സ്വപ്നയെയും സന്ദീപിനെയും കസ്റ്റഡിയില്‍ വേണമെന്ന എന്‍ഐഎ ആവശ്യം തിങ്കളാഴ്ച കോടതി പരിഗണിക്കാനിരിക്കുകയാണ്. തിങ്കള്‍ മുതല്‍ 10 ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാണ് ആവശ്യം. സ്വപ്നയുടെ കോവിഡ് ടെസ്റ്റ് ഫലം നെഗറ്റിവായത് എന്‍ഐഎയ്ക്കും ആശ്വാസം നല്കുന്നു. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉള്‍പ്പെടെ കടത്തിയ സ്വര്‍ണം ഉപയോഗിച്ചതായി കരുതുന്നു. ഇക്കാര്യത്തില്‍ ഇരുവരുടെയും ബന്ധം പരിശോധിക്കേണ്ടതുണ്ടെന്നും കസ്റ്റഡി അപേക്ഷയില്‍ എന്‍ഐഎ വ്യക്തമാക്കി.
അതേസമയം ഫൈസല്‍ ഫരീദ് സ്വര്‍ണക്കടത്ത് കേസിലെ ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ട് രംഗത്തെത്തി. സ്വര്‍ണക്കടത്തില്‍ ഒരു ബന്ധവുമില്ല. തന്റെ പേര് എന്‍ഐഎയുടെ എഫ്ഐആറില്‍ വന്നതിനെപ്പറ്റി അറിയില്ല. സ്വപ്ന അടക്കമുള്ള പ്രതികളുമായി ഒരു ബന്ധവുമില്ല. എഫ്ഐആറില്‍ പറയുന്ന അല്‍ത്തസാര്‍ സ്പൈസസ് എന്ന സ്ഥാപനത്തെക്കുറിച്ച് അറിയില്ലെന്നും ഫൈസല്‍ ഫരീദ് പറഞ്ഞു.
https://www.facebook.com/Malayalivartha