ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ അധികാരാവകാശങ്ങളെച്ചൊല്ലി കഴിഞ്ഞ 13 വര്‍ഷമായി തുടര്‍ന്ന തര്‍ക്കങ്ങള്‍ക്ക് ഇന്നലെ സുപ്രീം കോടതി വിധിയോടെ പരിസമാപ്തിയായി... ഭക്തര്‍ കാത്തിരുന്ന വിധികേള്‍ക്കാന്‍ ആ രണ്ടുപേര്‍ ഇല്ല ;ഉത്രാടം തിരുനാളും സൗന്ദരരാജനും

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ അധികാരാവകാശങ്ങളെച്ചൊല്ലി കഴിഞ്ഞ 13 വര്‍ഷമായി തുടര്‍ന്ന തര്‍ക്കങ്ങള്‍ക്കാണ് ഇന്നലെ സുപ്രീം കോടതി വിധിയോടെ പരിസമാപ്തിയായത്.എന്നാല്‍ ആ വിധി കേള്‍ക്കാന്‍ രാജകുടുംബത്തിന്റെ അധികാരാവകാശത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയ അഭിഭാഷകനായ സൗന്ദരരാജനും, ഹൈക്കോടതിയുടെ പ്രതികൂല വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയും ഇല്ല. ഇരുവരും മണ്‍മറഞ്ഞ ശേഷമാണ് ഇപ്പോള്‍ സുപ്രീം കോടതിയുടെ അന്തിമ വിധി വന്നത്.
തര്‍ക്കത്തിന്റെതുടക്കം ഇങ്ങനെയാണ് . ക്ഷേത്രത്തിലെ നിലവറകള്‍ തുറന്ന് സ്വര്‍ണ, വെള്ളി ആഭരണങ്ങളുടെ ഫോട്ടോയെടുക്കാനുള്ള ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മയുടെ 2007 ആഗസ്റ്റ് 2 ലെ തീരുമാനത്തിനെതിരെ രണ്ട് ഭക്തര്‍ തിരുവനന്തപുരം സബ് കോടതിയെ സമീപിച്ചു
പിന്നീട് ക്ഷേത്രത്തില്‍ രാജകുടുംബത്തിന്റെ അധികാരാവകാശത്തിനെതിരെ അഭിഭാഷകനായ സൗന്ദരരാജന്‍ ഹൈക്കോടതിയിലേക്ക് . രാജകുടുംബത്തിന് ക്ഷേത്രത്തില്‍ യാതൊരു അവകാശവുമില്ലെന്ന് 2007ല്‍ സബ് കോടതി വിധി പ്രഖ്യാപിച്ചു. . ഇതിനെതിരെ രാജകുടുംബം ഹൈക്കോടതിയെ സമീപിച്ചു .
ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങള്‍ക്കനുസൃതമായി ഭരണം നടത്താന്‍ ട്രസ്റ്റോ മറ്റേതെങ്കിലും സംവിധാനമോ മൂന്ന് മാസത്തിനകം ഉണ്ടാക്കണമെന്ന് 2011 ജനുവരി 31 ന്‌ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി. നിലവറകള്‍ തുറന്ന് പരിശോധന നടത്താനും സര്‍ക്കാരിന് നിര്‍ദ്ദേശം.
ഹൈക്കോടതിയുടെ ഈ വിധിക്കെതിരെ അപ്പീലുമായി ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ സുപ്രീംകോടതിയെ സമീപിച്ചതിനെ തുടര്‍ന്നുണ്ടായ നീണ്ട വാദപ്രതിവാദങ്ങള്‍ക്കു ശേഷമാണ് ഇന്നലെ സുപ്രീംകോടതി ഈ വിഷയത്തില്‍ അന്തിമ വിധി പറഞ്ഞത്. എന്നാല്‍ ആ വിധി കേള്‍ക്കാന്‍ രാജകുടുംബത്തിന്റെ അധികാരാവകാശത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയ അഭിഭാഷകനായ സൗന്ദരരാജനും, ഹൈക്കോടതിയുടെ പ്രതികൂല വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയും ഇല്ല എന്നത് യാദൃശ്ചികം മാത്രം.
ചേരരാജവംശത്തില്‍ പെട്ട വേണാട് സ്വരൂപത്തില്‍ മഹാറാണി സേതു പാര്‍വതിഭായിയുടെയും കിളിമാനൂര്‍ കൊട്ടാരത്തിലെ രവിവര്‍മ്മ കൊച്ചുകോയിത്തമ്പുരാന്റെയും മകനായി 1922 മാര്‍ച്ച് 22നാണ് ഉത്രാടം തിരുനാള്‍ മഹാരാജാവ് ജനിച്ചത്. 1991 ജൂലായ് 19ന് തിരുവിതാംകൂറിലെ അവസാനത്തെ മഹാരാജാവ് ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ നാട് നീങ്ങിയതോടെയാണ് ഉത്രാടംതിരുനാള്‍ കിരീടാവകാശിയായത്.
പിതാവിന്റെ പാത പിന്തുടര്‍ന്ന ഉത്രാടംതിരുനാള്‍ പത്മനാഭദാസനെന്ന നിലയില്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണവും മഹാരാജാവ് എന്ന ബഹുമതിയും 1991ല്‍ ഏറ്റെടുത്തു. അസുഖബാധിതനാവുന്നതുവരെ മുടക്കമില്ലാതെ രാവിലെ ശ്രീപത്മനാഭസ്വാമിക്ഷേത്ര ദര്‍ശനം നടത്തിയിരുന്നു.
ശ്രീപത്മനാഭനെ വണങ്ങുക എന്നത് ഒന്നാമത്തെ കര്‍മമായി വിശ്വസിച്ചിരുന്ന അദ്ദേഹം നാട് നീങ്ങിയ ജ്യേഷ്ഠന്റെ അഭീഷ്ടപ്രകാരം 1992- 93 കാലത്ത് ശ്രീപത്മനാഭസ്വാമിക്ഷേത്രത്തില്‍ വിപുലമായ കോടിഅര്‍ച്ചന നടത്തുകയും 93 ല്‍ പ്രധാന ബലിക്കല്ലില്‍ സ്വര്‍ണം പൂശുകയും ചെയ്തു.
ഇക്കാലത്താണ് ശൃംഗേരിമഠത്തിലെ ശ്രീ ശങ്കരാചാര്യരെ ക്ഷേത്രത്തില്‍ സ്വീകരിച്ച് ആദരിച്ചത്. ഇന്ത്യയില്‍ ഏറ്റവും അപൂര്‍വവും സമ്പന്നവുമായ രത്നശേഖരമുള്ള ക്ഷേത്രമെന്ന വെളിപ്പെടുത്തല്‍ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തെക്കുറിച്ചുണ്ടായത് അടുത്ത കാലത്താണ്.
1952ല്‍ ബാംഗ്ളൂരിലെ പ്ളൈമൗത്ത് കമ്പനിയില്‍ ചേര്‍ന്ന ഉത്രാടം തിരുനാള്‍ വ്യവസായപ്രമുഖനും കൂടിയാണ്്. സാഹിത്യ, കലാരംഗങ്ങളിലും ഫോട്ടോഗ്രാഫിയിലും അഗാധമായ അറിവും അദ്ദേഹം സ്വായത്തമാക്കിയിരുന്നു. സ്വാതിതിരുനാള്‍ കീര്‍ത്തനങ്ങള്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയെടുക്കുകയും ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha