ഒരു വര്‍ഷം മുന്‍പ് നടന്ന മറ്റൊരു സ്വര്‍ണക്കള്ളക്കടത്ത് കേസിന്റെ പിന്നാമ്പുറക്കഥകള്‍; സെറീന-കസ്റ്റംസ് സൂപ്രണ്ട് സംഘം അന്ന് കടത്തിയത് 705 കിലോ സ്വര്‍ണം

തിരുവനന്തപുരം വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 8.5 കോടി രൂപയുടെ സ്വര്‍ണം 2019-ലും ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ്(ഡിആര്‍ഐ) ആ വര്‍ഷം മേയ് 13-ന് പിടികൂടിയിരുന്നു. ദുബായില്‍ നിന്നു മസ്‌കത്ത് വഴിവന്ന വിമാനത്തില്‍ 25 ബിസ്‌കറ്റുകളായി ഹാന്‍ഡ് ബാഗിലൊളിപ്പിച്ചാണ് സ്വര്‍ണം കടത്തിയത്. ഇപ്പോള്‍ യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്റെ പേരിലെത്തിയ പാഴ്‌സലില്‍ സ്വര്‍ണക്കടത്തിന് തിരുവനന്തപുരം കേന്ദ്രീകരിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ അടങ്ങുന്ന 'ഗോള്‍ഡ് സിന്‍ഡിക്കറ്റ്' പ്രവര്‍ത്തിച്ചെന്ന് ഡിആര്‍ഐ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. 'ഗോള്‍ഡ് സിന്‍ഡിക്കറ്റി'ന്റെ സഹായത്തോടെയാണ് നയതന്ത്ര പാഴ്‌സല്‍ അടക്കമുള്ള പുതിയ പരീക്ഷണങ്ങളിലേക്കു റാക്കറ്റ് കടന്നതെന്നാണു നിഗമനം.
2019-ല്‍, കസ്റ്റംസ് സൂപ്രണ്ടായിരുന്ന എസ്.പി. രാധാകൃഷ്ണന്റെ ഒത്താശയോടെയാണ് അന്ന് തിരുവനന്തപുരം വിമാനത്താവളം വഴി 705 കിലോഗ്രാം സ്വര്‍ണം കടത്തിയതെന്നും ഒരു വര്‍ഷം നീണ്ട അന്വേഷണത്തില്‍ ഡിആര്‍ഐ കണ്ടെത്തി. ആ കേസില്‍ അറസ്റ്റിലായ എസ്.പി. രാധാകൃഷ്ണന്‍ കള്ളക്കടത്ത് തടയല്‍ നിയമപ്രകാരം (കൊഫെപോസ) ഇപ്പോള്‍ കരുതല്‍ തടങ്കലിലാണ്.
2019-ല്‍ ബാഗിലൊളിപ്പിച്ച് സ്വര്‍ണം കടത്തിയതിന് പറവൂര്‍ സെമിനാരിപ്പടി ആലിമിറ്റത്ത് സെറീന ഷാജി, തിരുമല സ്വദേശി സുനില്‍ കുമാര്‍ എന്നിവരെയാണ് ഡിആര്‍ഐ ആദ്യം അറസ്റ്റ് ചെയ്തത്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രാധാകൃഷ്ണന്‍, മുഖ്യ സൂത്രധാരനും തിരുവനന്തപുരം നഗരത്തിലെ അഭിഭാഷകനുമായ ബിജു മനോഹരന്‍, ബിജുവിന്റെ ഭാര്യ വിനീത തുടങ്ങിയവരിലേക്ക് അന്വേഷണം നീണ്ടത്.
ദുബായില്‍ ബ്യൂട്ടി സലൂണ്‍ നടത്തുന്നയാളാണ് സെറീന ഷാജി. അവിടെ ഒരു നിര്‍മാണ കമ്പനിയിലും ബിസിനസ് പങ്കാളിയാണ്. സെറീനയാണ് സ്വര്‍ണം എത്തിക്കുന്നതിനു നേതൃത്വം നല്‍കുന്നത്. ഇവര്‍ മിക്കപ്പോഴും ദുബായിലാണ് താമസം. സുനില്‍കുമാര്‍ ആശ്രിത നിയമനത്തിലൂടെ ലഭിച്ച കെഎസ്ആര്‍ടിസി കണ്ടക്ടര്‍ ജോലിയില്‍ നിന്ന് അവധിയെടുത്താണ് സ്വര്‍ണക്കടത്തിന് ഇറങ്ങിയത്. സുനിലും സെറീനയും ചേര്‍ന്ന് 6 മാസത്തിനിടെ 5 തവണ സ്വര്‍ണം കടത്തിയെന്നാണ് ഡിആര്‍ഐയുടെ കണ്ടെത്തല്‍. തിരുവനന്തപുരത്തെ അഭിഭാഷകനായ ബിജുവിന്റെ നിര്‍ദേശപ്രകാരമായിരുന്നു കടത്ത്.
സെറീനയുടെ ബ്യൂട്ടിക് കേന്ദ്രീകരിച്ചാണ് ദുബായില്‍ സംഘം പ്രവര്‍ത്തിച്ചത്. സംസ്ഥാനത്ത് നിന്നും സെറീനയുടെ നേതൃത്വത്തില്‍ സ്ത്രീകളെ എത്തിച്ചു ബ്യൂട്ടിക്കില്‍ പരിശീലനം നല്‍കിയാണ് സ്വര്‍ണക്കടത്തില്‍ ഉപയോഗിച്ചിരുന്നത്. വിശ്വസ്തര്‍ ആയി തോന്നുന്നവരെ മാത്രമാണ് കാരിയര്‍ ആയി ഉപയോഗിച്ചു വന്നത്. ഈ സംഘത്തില്‍ ഒരു ലക്ഷം രൂപ വരെ മാസം ലഭിച്ചു വന്ന സ്ഥിരം കടത്തുകാര്‍ ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ആലുവ സ്വദേശിയായ സെറീന സ്വര്‍ണക്കടത്തിന് ആണ് തലസ്ഥാനത്തേക്ക് താമസം മാറ്റിയത്.
തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് കസ്റ്റംസ് പരിശോധനയ്ക്കു ശേഷം പുറത്തുവന്ന സുനിലിന്റെയും സെറീന ഷാജിയുടെയും ബാഗില്‍ നിന്ന് 25 കിലോ സ്വര്‍ണം ഡിആര്‍ഐ പിടികൂടിയതോടെയാണു വന്‍ സ്വര്‍ണക്കടത്തിന്റെ ചുരുളഴിയുന്നത്. സ്വര്‍ണം പുറത്തേക്കു കടത്താന്‍ സഹായിക്കുന്ന 6 താല്‍ക്കാലിക ജീവനക്കാര്‍ മുന്‍പു പിടിയിലായിരുന്നു. ഇവരില്‍ നിന്നുള്ള വിവരമാണു തിരുവനന്തപുരം വിമാനത്താവളത്തിലെ അതുവരെയുള്ള ഏറ്റവും വലിയ സ്വര്‍ണ വേട്ടയിലേക്കു ഡിആര്‍ഐയെ എത്തിച്ചത്.
ദുബായില്‍നിന്നു തിരുവനന്തപുരത്തേക്കു കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ 8 തവണയായി 50 കിലോഗ്രാം സ്വര്‍ണം കടത്തിയതായി സെറീന ഷാജി മൊഴി നല്‍കിയിരുന്നു. ഓരോ തവണയും 2,000 ദിര്‍ഹം (37,885 രൂപ) പ്രതിഫലം ലഭിച്ചു. കള്ളക്കടത്തു റാക്കറ്റ് വിമാന ടിക്കറ്റ് സൗജന്യമായി നല്‍കി.
സെറീനയുടെ സലൂണിലേക്ക് ആവശ്യമായ സൗന്ദര്യ വര്‍ധക വസ്തുക്കള്‍ വിതരണം ചെയ്യുന്ന പാക്കിസ്ഥാന്‍കാരന്‍ നദീമാണ് ഒരിക്കല്‍ ജിത്തു എന്നയാളിനെ സെറീനയ്ക്ക് പരിചയപ്പെടുത്തിയത്. സ്വര്‍ണം കടത്തുന്നവര്‍ക്ക് അകമ്പടി പോകണമെന്നും സഹായിക്കണമെന്നും ജിത്തു പറഞ്ഞു. പ്രതിഫലമായി വിമാന ടിക്കറ്റും 2,000 ദിര്‍ഹവും വാഗ്ദാനം ചെയ്തു. വിമാനത്താവളത്തില്‍ എത്തിയാല്‍ ഫോണിലൂടെ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നതു ജിത്തുവാണ്.
പിടിക്കപ്പെടുന്നതിന് തലേദിവസം മേയ് 12-ന് എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ 24 കിലോഗ്രാം സ്വര്‍ണം ജിത്തു നല്‍കി. ഇത്തവണ കൂടുതലുണ്ടെന്നും ഈ ബിസിനസ് അവസാനിപ്പിക്കുകയാണെന്നും പറഞ്ഞു. അഡ്വ എം. ബിജുവാണ് സ്വര്‍ണക്കടത്തു സംഘത്തെ നയിച്ചിരുന്നത്. 2018 നവംബറിലാണ് ബിജു ഫോണില്‍ വിളിച്ചു സ്വര്‍ണക്കടത്തുമായി സഹകരിക്കാന്‍ സെറീനയ്ക്ക് നിര്‍ദേശം നല്‍കിയത്. സഹായി വിഷ്ണു സോമസുന്ദരമാണ് ബിജുവിനു വേണ്ടി കൂടുതലും ഫോണില്‍ വിളിച്ചിരുന്നത്. 2018 ഡിസംബര്‍ 18-ന് തിരുവനന്തപുരത്ത് എത്താന്‍ വിമാന ടിക്കറ്റ് അയച്ചുകൊടുത്തു. വിഷ്ണുവിനെയും ജിത്തുവിനെയും പിന്നീടു ദുബായ് എയര്‍പോര്‍ട്ടില്‍ ഒരുമിച്ചു കണ്ടപ്പോഴാണ് എല്ലാവരും ഒരേ സംഘത്തിന്റെ ഭാഗമാണെന്ന് സെറീനയ്ക്ക് മനസ്സിലായത്.
തിരുവനന്തപുരം എയര്‍പോര്‍ട്ടിലെ ഒരു കസ്റ്റംസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെയാണു സ്വര്‍ണം കടത്തുന്നതെന്നും കസ്റ്റംസിന്റെ ആദ്യത്തെ എക്‌സ്‌റേ പരിശോധനാ ബെല്‍റ്റിനു സമീപം ഈ ഉദ്യോഗസ്ഥന്‍ നില്‍ക്കുമെന്നും പലതവണ ഇദ്ദേഹത്തെ കണ്ടിട്ടുണ്ടെന്നും സെറീന മൊഴി നല്‍കി. ഡിആര്‍ഐ കാണിച്ച ചിത്രങ്ങളില്‍ നിന്നും ഉദ്യോഗസ്ഥനെ സെറീന തിരിച്ചറിഞ്ഞു.
ഹാന്‍ഡ് ബാഗിലൊളിപ്പിച്ച് സ്വര്‍ണം കടത്തിയതില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പങ്ക് പുറത്തുവന്നതോടെ ഡിആര്‍ഐക്ക് പുറമെ സിബിഐയും കേസെടുത്തിരുന്നു. ഡിആര്‍ഐ കസ്റ്റംസ് ആക്ട് പ്രകാരവും സിബിഐ അഴിമതി നിരോധന നിയമ പ്രകാരവുമാണു കേസ് എടുത്തത്. കൂടുതല്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കുടുങ്ങുമെന്നു വന്നതോടെ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ സമ്മര്‍ദത്തിലായത്തിനിടെയാണ് സിബിഐ രംഗത്തെത്തിയത്. രാജ്യാന്തര ബന്ധം ഉള്‍പ്പെടെയുള്ളവയും സിബിഐയുടെ അന്വേഷണ പരിധിയില്‍ വരുമെന്നാണ് അറിയിച്ചിരുന്നത്. കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണനെ ഒന്നാം പ്രതിയാക്കിയായിരുന്നു സിബിഐയുടെ എഫ്‌ഐആര്‍.
2019 ഏപ്രില്‍-മേയ് മാസങ്ങളിലായി രാധാകൃഷ്ണന്‍ അടക്കം 9 പ്രതികള്‍ ഗൂഢാലോചന നടത്തി കോടികളുടെ സ്വര്‍ണം വിമാനത്താവളം വഴി കടത്തിയതായി എഫ്‌ഐആറില്‍ പറയുന്നു. കഴക്കൂട്ടം സ്വദേശി സെറീന ഷാജി, തിരുമല സ്വദേശി എം.സുനില്‍ കുമാര്‍, തിരുമല സ്വദേശി വിഷ്ണു സോമസുന്ദരം, അഭിഭാഷകനായ ബിജു മോഹന്‍, ഭാര്യ വിനീത, മലപ്പുറം സ്വദേശി അബ്ദുല്‍ ഹക്കീം, പിപിഎം ജ്വല്ലറി അക്കൗണ്ടന്റ് പി.കെ.റഷീദ്, പാങ്ങോട് സ്വദേശി പ്രകാശ് തമ്പി എന്നിവരാണു മറ്റു പ്രതികള്‍.
പ്രതികളില്‍ ചിലര്‍ക്ക് വയലിനിസ്റ്റ് ബാലഭാസ്‌കറുമായി ബന്ധമുണ്ടെന്ന വാര്‍ത്തകളുണ്ടായിരുന്നെങ്കിലും അത്തരം തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് ഹൈക്കോടതിയില്‍ ക്രൈംബ്രാഞ്ച് അറിയിച്ചിരുന്നു.
സൂപ്രണ്ട് രാധാകൃഷ്ണന്റെ സഹായത്തോടെ 2019 ഏപ്രില്‍ 24-നും മേയ് 13-നും മധ്യേ കോടിക്കണക്കിനു രൂപയുടെ സ്വര്‍ണം പ്രതികള്‍ വിമാനത്താവളം വഴി കടത്തി. മേയ് 13-ന് രാധാകൃഷ്ണന്റെ സഹായത്തോടെ 8.17 കോടിയുടെ 25 കിലോ സ്വര്‍ണം കടത്താന്‍ ശ്രമിച്ചപ്പോഴാണു സുനില്‍കുമാറും സെറീനയും ഡിആര്‍ഐ പിടിയിലാകുന്നത്.
ദുബായില്‍ നിന്നും മസ്‌കത്ത് വഴി തിരുവനന്തപുരത്തെത്തിയ ഒമാന്‍ എയര്‍വേയ്‌സിലാണ് ഇവര്‍ വന്നത്. ദുബായില്‍ ജിത്തു എന്നയാളാണു സ്വര്‍ണം നല്‍കിയതെന്നു സെറീന മൊഴി നല്‍കി. മുന്‍പും സ്വര്‍ണം കടത്തിയിട്ടുണ്ടെന്നും വിമാനത്താവളത്തിലെ എക്‌സ്‌റേ പോയിന്റില്‍ കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണന്റെ സഹായം ലഭിച്ചിരുന്നെന്നും ഇവര്‍ വെളിപ്പെടുത്തി. അഡ്വ.ബിജുവിന്റെ ഭാര്യ വിനീതയും ഇതേ മൊഴിയാണു നല്‍കിയത്.

എക്‌സ്‌റേ പോയിന്റില്‍ ജോലി ചെയ്യാന്‍ രാധാകൃഷ്ണന്‍ പലപ്പോഴും പ്രത്യേക താല്‍പര്യം കാണിച്ചിരുന്നതായി രാജ്യാന്തര വിമാനത്താവളത്തില്‍ ഡ്യൂട്ടി ചെയ്ത ഡി ബാച്ചിലെ കസ്റ്റംസ് ഉദ്യോഗസ്ഥരും മൊഴി നല്‍കി. പ്രതികള്‍ സ്വര്‍ണം കടത്തിയപ്പോഴെല്ലാം രാധാകൃഷ്ണന്‍ എക്‌സ്‌റേ പോയിന്റില്‍ ജോലി ചെയ്തിരുന്നതിനു സിസിടിവി ദൃശ്യങ്ങള്‍ തെളിവാണ്. മറ്റു പ്രതികള്‍ ദുബായില്‍ നിന്നു കടത്തുന്ന സ്വര്‍ണം ജ്വല്ലറികള്‍ക്കാണു വില്‍ക്കുന്നതെന്നും വിവരം ലഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























