ഭാരതപ്പുഴയുടെ സ്വാഭാവിക ഒഴുക്കിന് തടസ്സമാകുന്ന പുല്‍ക്കാടുകള്‍ നീക്കല്‍: ആദ്യഘട്ടം പൂര്‍ത്തിയായി

ഭാരതപുഴയുടെ സ്വാഭാവിക ഒഴുക്കിന് തടസ്സമാകുന്ന പുല്‍ക്കാടുകളും മണ്‍തിട്ടകളും നീക്കം ചെയ്യുന്ന പദ്ധതിയുടെ ആദ്യഘട്ടം കുറ്റിപ്പുറത്തിനടുത്ത് തവനൂര്‍ മേഖലയില്‍ പൂര്‍ത്തിയായി. കടകശ്ശേരി പമ്പ് ഹൗസിനും തവനൂര്‍ ബ്രഹ്മ ക്ഷേത്രത്തിനും ഇടയിലുള്ള പുല്‍ക്കാടുകളും മണ്‍തിട്ടകളുമാണ് മണ്ണുമാന്തികള്‍ ഉപയോഗിച്ച് നീക്കം ചെയ്തത്.
പരീക്ഷണാടിസ്ഥാനത്തില്‍ ഭാരതപ്പുഴയുടെ ശുചീകരണം നടത്തിയത് ദുരന്തനിവാരണ അതോറിറ്റിയില്‍ നിന്നുള്ള 35 ലക്ഷം രൂപ ചെലവിട്ടാണ്. ഭാരതപ്പുഴയില്‍ വ്യാപിക്കുന്ന പുല്‍ക്കാടുകളും മണ്‍തിട്ടകളും ഒഴുക്കിന് തടസ്സമാകുന്നതായും ഇതുവഴി പുഴയോര പ്രദേശങ്ങളില്‍ പ്രളയം ഉണ്ടാകുന്നതായും കണ്ടെത്തിയിരുന്നു.
ഇതേ തുടര്‍ന്നാണ് തവനൂര്‍ മേഖലയില്‍ പുല്‍ക്കാടുകള്‍ നീക്കാന്‍ പദ്ധതി തയാറാക്കിയത്. 5 മണ്ണുമാന്തികള്‍ ഉപയോഗിച്ച് 26 ദിവസം കൊണ്ടാണ് 3 കിലോമീറ്ററോളം ഭാഗത്തെ പുല്‍ക്കാടുകള്‍ നീക്കിയത്. അതേസമയം കുറ്റിപ്പുറം, തിരുനാവായ, പൊന്നാനി പ്രദേശങ്ങളിലെ പുല്‍ക്കാടുകളും മണ്‍തിട്ടകളും നീക്കം ചെയ്യാന്‍ പദ്ധതി തയാറായിട്ടില്ല.
https://www.facebook.com/Malayalivartha

























