നഗ്ന ശരീരം കുട്ടികൾക്ക് മുന്നിൽ പ്രദർശിപ്പിച്ച കേസ്; രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി..കലയെന്ന പേരിൽ കുട്ടികളെ ഇത്തരം പ്രവൃത്തികൾക്ക് ഉപയോഗിക്കരുതെന്ന് സർക്കാർ....സ്വന്തം കുട്ടിയെ വച്ച് എന്തും ചെയ്യാമെന്ന നില വരരുത്

സ്വന്തം നഗ്ന ശരീരം മകന് ചിത്രം വരയ്ക്കാൻ അനുവദിക്കുകയും അതിൻ്റെ വിഡിയോ ദൃശ്യം പകർത്തി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഹൈക്കോടതിയാണ് രഹ്ന ഫാത്തിമയുടെ ഹർജി തള്ളിയത്. മക്കളുടെ മുന്നിൽ നഗ്നതാ പ്രദർശനം നടത്തി സമൂഹ മാധ്യമങ്ങളിൽ പ്രദർശിപ്പിച്ചതാണ് രഹ്നയ്ക്കെതിരായ കേസ്.
വിഡിയോ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് സൈബർ ഡോമിന്റെ നിർദേശത്തിൽ എറണാകുളം സൗത്ത് പൊലീസ്, പോക്സോ, ജുവനൈൽ ജസ്റ്റിസ്, ഐടി ആക്ടുകൾ പ്രകാരം എടുത്ത കേസിലാണ് രഹ്ന(Rehana Fathima) മുൻകൂർ ജാമ്യം തേടിയത്.
തുടർന്ന് എറണാകുളം സൗത്ത് സിഐ അനീഷ് രഹ്നയുടെ വീട്ടിലെത്തി പരിശോധന നടത്തുകയും ചിത്ര രചനയ്ക്ക് ഉപയോഗിച്ച പെയിന്റുകളും ബ്രഷും ഉൾപ്പടെ പിടിച്ചെടുക്കുകയും, രഹ്നയുടെ കുട്ടികളെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്ന് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും അറസ്റ്റ് സാധ്യത മുൻകൂട്ടി മുൻകൂർ ജാമ്യാപേക്ഷ നൽകുകയായിരുന്നു.
നഗ്നതാ പ്രദർശനത്തിൽ രഹ്ന ഫാത്തിമയ്ക്ക് ജാമ്യം നൽകരുതെന്ന് സംസ്ഥാന സർക്കാരും അറിയിച്ചിരുന്നു. ഹൈക്കോടതിയിലാണ് രഹ്ന ഫാത്തിമയ്ക്കെതിരെ സർക്കാർ നിലപാട് വ്യക്തമാക്കിയത്. കലയെന്ന പേരിൽ കുട്ടികളെ ഇത്തരം പ്രവൃത്തികൾക്ക് ഉപയോഗിക്കരുതെന്ന് സർക്കാർ അറിയിച്ചു.സ്വന്തം കുട്ടിയെ വച്ച് എന്തും ചെയ്യാമെന്ന നില വരരുത്. സമൂഹത്തിൽ അത് ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. രഹ്നയുടെ മുൻകാല ചെയ്തികൾ കണക്കിലെടുക്കണമെന്നും സർക്കാർ കോടതിയെ ബോധിപ്പിച്ചു. വിഷയം പോക്സോ കേസിന്റെ പരിധിയിൽ വരുമെന്നും സർക്കാർ കൂട്ടിച്ചേർത്തു
കഴിഞ്ഞ മാസമാണ് നഗ്ന വീഡിയോ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് രഹ്ന ഫാത്തിമയ്ക്കെതിരെ കേസെടുത്തത്. പോക്സോ ആക്ട് സെക്ഷൻ 13, 14, 15 എന്നിവയും ഐടി ആക്ട് പ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തത്. ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി എ.വി.അരുൺപ്രകാശ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ രഹ്ന ഫാത്തിമയ്ക്കെതിരെ ക്രിമിനൽ നടപടിയെടുക്കാൻ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവിട്ടിരുന്നു
https://www.facebook.com/Malayalivartha

























