വാര്‍ഡില്‍ നിന്നു കടന്ന കോവിഡ് പോസിറ്റീവായ പ്രതി 4 മണിക്കൂറിനകം പിടിയിലായി

കണ്ണൂര്‍ അഞ്ചരക്കണ്ടിയിലെ കോവിഡ് ചികിത്സാകേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട മോഷണക്കേസ് പ്രതി നാലു മണിക്കൂറിനകം പൊലീസിന്റെ പിടിയിലായി. ആറളം സ്വദേശി(18)യാണ് ഇന്നലെ രാവിലെ പത്തോടെ ചികിത്സാകേന്ദ്രത്തില്‍ നിന്നു കടന്നു കളഞ്ഞത്. ബസും ബൈക്കും കയറി ഇരിട്ടിയിലെത്തിയ ഇയാളെ ഉച്ചയ്ക്കു രണ്ടോടെ പൊലീസ് പിടികൂടി തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്കു മാറ്റി.
ഇയാളെ കോടതി ജൂണ്‍ 3-നു റിമാന്‍ഡ് ചെയ്യുമ്പോള്‍ കോവിഡ് ഫലം നെഗറ്റീവായിരുന്നു. 20 ദിവസത്തിനുശേഷം നടത്തിയ രണ്ടാമത്തെ പരിശോധനയിലാണ് ഫലം പോസിറ്റീവായത്.
ഇതിനിടയില്‍ 21-ാം തീയതി മോഷണക്കേസില്‍ തെളിവെടുപ്പിനു വേണ്ടി മാത്രമാണ് ഏതാനും മണിക്കൂറുകള്‍ പ്രതി ജയിലിനു പുറത്തിറങ്ങിയത്. ജാമ്യം ലഭിച്ച് 23-ാം തീയതി വൈകിട്ടു കണ്ണൂര്‍ സ്പെഷല്‍ സബ് ജയിലില്‍ നിന്നു പുറത്തിറങ്ങാനിരിക്കെയാണു കോവിഡ് പോസിറ്റീവ് ഫലം വന്നത്. ഇന്നലെ രാവിലെ പ്രഭാതഭക്ഷണത്തിനു ശേഷമാണു പ്രതി അഞ്ചാംനിലയിലെ വാര്‍ഡില്‍ നിന്നു ഗോവണിയിറങ്ങി ചികിത്സാകേന്ദ്രത്തില്‍ നിന്നു രക്ഷപ്പെട്ടത്. ഇയാള്‍ സഞ്ചരിച്ച ബസിലുണ്ടായിരുന്നവര്‍, മട്ടന്നൂരില്‍ വച്ച് ബൈക്കില്‍ കയറ്റിയ യുവാവ് എന്നിവരെയെല്ലാം പൊലീസ് ബന്ധപ്പെടുന്നുണ്ട്.
പ്രതിയെ റിമാന്‍ഡ് ചെയ്ത മട്ടന്നൂര്‍ മജിസ്ട്രേട്ടിനെ കൂടാതെ മൂന്നു കോടതി ജീവനക്കാര്‍, പ്രതിയുടെ സഹോദരന്, അമ്മ, പത്തു സഹതടവുകാര്‍, പത്തു ജയില്‍ ഉദ്യോഗസ്ഥര്‍ എന്നിവരും നിരീക്ഷണത്തിലായി. കേസില്‍ കൂട്ടുപ്രതിയായിരുന്ന സഹോദരന് 14 ദിവസം ഇയാള്‍ക്കൊപ്പം ഒരേ സെല്ലിലാണു കഴിഞ്ഞിരുന്നത്. ഛര്‍ദി ഉള്‍പ്പെടെയുള്ള ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച സഹോദരന്റെ സ്രവം പരിശോധനയ്ക്കു നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























