വയനാട് ജില്ലയിലെ കണ്ടെയ്ന്മെന്റ് സോണില്‍ എടിഎമ്മുകളില്‍ പണമില്ല; ബാങ്ക് ഇടപാടിന് തിരക്ക്

പുല്പള്ളിയും സമീപ പ്രദേശങ്ങളും കണ്ടെയ്ന്മെന്റ് മേഖലയായിട്ടും ഇന്നലെ രാവിലെ മുതല്‍ ബാങ്ക് ശാഖയ്ക്കു മുന്നില്‍ ജനക്കൂട്ടമായിരുന്നു. പ്രദേശത്തെ എടിഎമ്മുകളിലൊന്നും പണമില്ലാത്തതാണു തിരക്കിന് കാരണം. 500 രൂപ പിന്‍വലിക്കാന്‍ പോലും ബാങ്കിനു മുന്നില്‍ മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ട സ്ഥിതി.
കോവിഡ് വ്യാപനഭീതി നിലനില്‍ക്കുമ്പോഴും പുല്പള്ളി ടൗണില്‍ തിരക്കിനു കുറവില്ല. മുള്ളന്‍കൊല്ലി ജംക്ഷനില്‍ രണ്ട് ബാങ്കുകള്‍ അടുത്തടുത്താണ്. രണ്ട് ബാങ്കിലേക്കുമുള്ളവര് നില്‍ക്കുന്നത് ഒരിടത്ത്. എടിഎമ്മുകള്‍ പ്രവര്‍ത്തിപ്പിച്ചു പണലഭ്യത ഉറപ്പുവരുത്താന്‍ ബാങ്ക് അധികൃതര്‍ തയ്യാറാവണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു.
എടിഎമ്മുകളില്‍ പണമെത്തിക്കുകയും പാല്‍വിലയും മറ്റും ഗുണഭോക്താവിന് നേരിട്ട് നല്‍കുകയും ചെയ്താല്‍ ബാങ്കിലെ ആള്ക്കൂട്ടമൊഴിവാക്കാനാവും. പുല്പള്ളി ക്ഷീരസംഘം പാല്‍വില സംഭരണ കേന്ദ്രങ്ങളിലൂടെ വിതരണം ചെയ്തുതുടങ്ങി. ഇതുപോലെ മറ്റ് സംഘങ്ങളും പാല്‍വിലയും ആനുകൂല്യങ്ങളും വിതരണം നടത്തുന്നതും ഗുണകരമായിരിക്കും.
https://www.facebook.com/Malayalivartha

























