കാണാതായ യുവാവിനെ പൊലീസ് നായ 'മണത്തു'പിടിച്ചു!

വൈക്കം വല്ലകത്തു നിന്നും ജോലിക്കു പോയ യുവാവ് വീട്ടില്‍ തിരികെ എത്താത്തതിരുന്ന യുവാവിനെ (40) കോട്ടയം ഡോഗ് സ്ക്വാഡിലെ ലാബ്രഡോര്‍ ഇനമായ 'രവി'യുടെ സഹായത്തോടെ പിറ്റേ ദിവസം കണ്ടെത്തി.
ഇക്കഴിഞ്ഞ 20-നു രാത്രി യുവാവിനെ കാണാതായതിനെ തുടര്‍ന്നു ബന്ധുക്കള്‍ നടത്തിയ പരിശോധനയില്‍ വീടിനു സമീപത്തുനിന്ന് ഇയാളുടെ ബൈക്കും മൊബൈല്‍ ഫോണും കണ്ടെത്തിയിരുന്നു. അതുകൊണ്ട് യുവാവ് പരിസര പ്രദേശത്തു തന്നെ ഉണ്ടാകുമെന്ന അനുമാനത്തിലാണ് പൊലീസ് ഡോഗ് സ്ക്വാഡിനെ സമീപിച്ചത്. യൂണിറ്റ് ഇന്‍ ചാര്‍ജ് വി.കെ.പ്രേംജിയുടെ നിര്‍ദേശപ്രകാരം സിപിഒമാരായ സുനില്‍ കുമാര്‍, ബിറ്റു മോഹന്‍ എന്നിവര്‍ 21-ന് ഉച്ചയോടെ പോലീസ് നായ രവിയുമായി സ്ഥലത്തെത്തി.
ബൈക്കിനൊപ്പമുണ്ടായിരുന്ന ഹെല്‍മറ്റ് മണത്ത രവി 300 മീറ്ററോളം അകലെ ആള്‍ത്താമസം ഇല്ലാതെ ഇടിഞ്ഞുപൊളിഞ്ഞു കിടന്ന വീടിനു സമീപത്തേക്കാണ് ഓടിയെത്തിയത്. വീടിനു മുന്നിലുള്ള കിണറിനടുത്തു നിന്നു കുരച്ചു. എന്നാല്‍ സമീപത്ത് അയയില്‍ തുണികള്‍ നനച്ചിട്ടിരുന്നതിനാല് വീട്ടില്‍ ആള്‍ത്താമസം ഉണ്ടെന്ന അനുമാനത്തില്‍ പരിസര പ്രദേശത്തു പരിശോധന നടത്താന്‍ നിര്‍ദേശിച്ച ശേഷം രവിയുമായി സ്ക്വാഡ് മടങ്ങി.
പിന്നീട് ഇതേ വീടിന്റെ പിന്‍ഭാഗത്തുനിന്ന് ആളനക്കം കേട്ടതോടെ സമീപവാസി നടത്തിയ തിരച്ചിലില്‍ വൈകിട്ട് ആറോടെയാണു യുവാവിനെ കണ്ടെത്തിയത്. ഭക്ഷണവും വെള്ളവും ലഭിക്കാത്തതിനാല്‍ ക്ഷീണിതനായി കാണപ്പെട്ട ഇയാളെ വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു ശേഷം വീട്ടിലേക്കു മാറ്റി.
5 വയസ്സുകാരന് രവി 3 വര്‍ഷം മുന്‍പ് കോട്ടയം ചാലുകുന്നില്‍ നടന്ന മോഷണത്തിനും തുമ്പുണ്ടാക്കിയിട്ടുണ്ട് . മോഷണം നടന്ന വീട്ടിലെ ആഭരണപ്പെട്ടിയില്‍ നിന്നു മണം പിടിച്ച രവി സമീപത്തു നിന്ന സ്ത്രീയുടെ അടുത്തേക്ക് ഓടിയെത്തി നിര്‍ത്താതെ കുരച്ചു. വീട്ടിലെ അംഗമായ സ്ത്രീ പിന്നീടു നടന്ന ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചു. കഴിഞ്ഞ ദിവസം മരിച്ച പൊലീസ് നായ ജൂലിയുടെ സഹോദരനാണ് രവി.
https://www.facebook.com/Malayalivartha

























