പാലത്തായി പീഡനകേസ്; ക്രൈംബ്രാഞ്ച് തുടരന്വേഷണം ആരംഭിച്ചു

പാലത്തായി പീഡനകേസില്‍ തലശേരി അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി നിര്‍ദേശ പ്രകാരം ക്രൈംബ്രാഞ്ച് തുടരന്വേഷണം ആരംഭിച്ചു. ഐജി എസ് ശ്രീജിത്ത്, മലപ്പുറം ക്രൈംബ്രാഞ്ച് എസ്പി കെ വി സന്തോഷ്കുമാര്‍, വനിത ഐപിഎസ് ഉദ്യോഗസ്ഥയായ നാര്‍കോട്ടിക്സെല്‍ എഎസ്പി രേഷ്മ രമേഷ് എന്നിവരുള്‍പ്പെട്ട സംഘം ആക്ഷന്‍കമ്മിറ്റി ഭാരവാഹികളെയും ബന്ധുക്കളെയും കണ്ടു.
ആക്ഷന്‍കമ്മിറ്റി ഭാരവാഹികളായ അഷറഫ് കുനിയില്‍, എം പി ബൈജു, ടി കെ അശോകന്, മുഹമ്മദ് വണ്ണാന്റവിട, പി ദിനേശന്, കെ വി യൂസഫ് എന്നിവരില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയില്‍ വനിത ഐപിഎസ് ഉദ്യോഗസ്ഥയെ നിയോഗിച്ച് പെണ്‍കുട്ടിയുടെ മൊഴിയെടുക്കണമെന്ന് പ്രോസിക്യൂഷന് തലശേരി കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് വനിത ഐപിഎസ് ഉദ്യോഗസ്ഥയെ അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയത്.
കോടതി നിര്‍ദേശപ്രകാരമുള്ള തുടരന്വേഷണത്തില്‍ പെണ്‍കുട്ടിയില്‍ നിന്ന് ശേഖരിക്കുന്ന മൊഴിയാവും നിര്‍ണായകമാവുക. പ്രതിക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള പ്രാഥമിക കുറ്റപത്രം നേരത്തെ സമര്‍പ്പിച്ചിരുന്നു. നാലാംക്ലാസ് വിദ്യാര്‍ഥിനിയെയാണ് ഇതേ സ്കൂളിലെ അധ്യാപകനായ ബിജെപി നേതാവ് പത്മരാജന് പീഡിപ്പിച്ചത്. തലശേരി കോടതി അനുവദിച്ച പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ അമ്മ ഹൈക്കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























