ചെങ്കളയിൽ വിവാഹച്ചടങ്ങില്‍ പങ്കെടുത്തത് 150-ലധികം ആളുകള്‍, 43 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; വധുവിന്റെ പിതാവിനെതിരെ കേസ്

ചെങ്കള ഗ്രാമപ്പഞ്ചായത്തില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത 43 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജൂലായ് 17ന് നടന്ന വിവാഹം ചടങ്ങില്‍ പങ്കെടുത്തത് 150-ലധികം ആളുകളാണ്. വധുവിന്റെ പിതാവ് അബ്ദുള്‍ ഖാദറിന്റെ പേരില്‍ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമത്തിലെ അഞ്ചാം ഉപവകുപ്പനുസരിച്ച് കേസെടുത്തതായി ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത്ബാബു അറിയിച്ചു.
അബ്ദുള്‍ ഖാദറില്‍ നിന്നാണ് രോഗബാധയുണ്ടായത്. പനിയുണ്ടായിട്ടും അത് മറച്ചു വയ്ക്കുകയും ചെയ്തു. ഇത് സംബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി. രാംദാസ് കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അബ്ദുള്‍ ഖാദറിനെതിരെ കേസെടുത്തത്.
വരന്റെ വീടും ഇതേ പഞ്ചായത്തിലാണ്. രോഗം പകര്‍ന്നവരില്‍ 10 പേര് വരന്റെ വീട്ടുകാരുടെ ഭാഗത്തുനിന്നെത്തിയവരാണ്. ദിവസങ്ങള്‍ക്കു മുന്‍പ് ഈ പഞ്ചായത്തിലെ ഒരു കരാറുകാരന് മരിച്ചിരുന്നു. അന്ന് ഈ വീട്ടിലെത്തിയവരും ഇവരുടെ സമ്ബര്ക്കത്തിലുള്ളവരുമുള്പ്പെടെ 50-ലേറെപ്പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. യാതൊരു നിയന്ത്രണവുമില്ലാതെ ആളുകള്‍ മരണവീട്ടിലും കല്യാണവീട്ടിലും എത്തുകയാണെന്നും എത്ര ബോധവത്കരിച്ചിട്ടും ഫലമുണ്ടാകുന്നില്ലെന്നും കളക്ടറും ഡി.എം.ഒ.യും ആവര്‍ത്തിച്ചു. ഈ രണ്ട് വീടുകളും ഒരോ കണ്ടെയ്ന്മെന്റ് മേഖലകളാക്കിയിരിക്കുകയാണ്.
അതേസമയം നീലേശ്വരം ബ്ലോക്ക് പഞ്ചായത്തംഗത്തിന് കോവിഡ് സ്ഥിരീകരിച്ചതോടെ സമ്ബര്‍ക്കപ്പട്ടികയിലുള്‍പ്പെട്ട എം. രാജഗോപാലന്‍ എം.എല്‍.എ.യും ഇടതുമുന്നണി കാസര്‍കോട് ജില്ലാ കണ്‍വീനര്‍ കെ.പി. സതീഷ്ചന്ദ്രനുമുള്പ്പടെ നിരവധിപ്പേര്‍ നിരീക്ഷണത്തിലായി. ബ്ലോക്ക് പഞ്ചായത്തംഗത്തിനൊപ്പം വാഹനത്തില്‍ സഞ്ചരിക്കുകയും ഇയാള്‍ പങ്കെടുത്ത യോഗത്തില്‍ സംബന്ധിക്കുകയും ചെയ്തതിനാലാണ് സതീഷ്ചന്ദ്രന് സമ്ബര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടത്. ഇയാള്‍ പങ്കെടുത്ത മറ്റൊരു യോഗത്തിലാണ് എം.എല്‍.എ. സംബന്ധിച്ചത്.
https://www.facebook.com/Malayalivartha

























