ചരിത്രനേട്ടത്തിനായി അബുദാബിയും, കൊവിഡ് വാക്സിന് മൂന്നാഘട്ട പരീക്ഷണം ആരംഭിച്ചു

കൊവിഡിനെതിരായ വാക്സിന്റെ മൂന്നാംഘട്ട ക്ലിനിക്കല്‍ ട്രയല്‍ അബുദാബിയില്‍ ആരംഭിച്ചു. 20 രാജ്യങ്ങളില്‍നിന്നുള്ള 10,000ത്തിലേറെ പേര് പരീക്ഷണത്തിന് രജിസ്റ്റര്‍ ചെയ്തതായി അബുദാബി ആരോഗ്യവിഭാഗം വ്യക്തമാക്കി. പരീക്ഷണത്തിന് സന്നദ്ധരായി മുന്നോട്ടുവന്നവരില്‍നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവരെ 42 ദിവസം നിരീക്ഷിക്കും. ഈ ദിവസത്തിനിടയില്‍ രാജ്യം വിട്ടുപോകാന്‍ പാടില്ല എന്നും അതികൃതർ വ്യക്തമാക്കി.
ഇതിനിടെ7 തവണ അബുദാബി ആരോഗ്യസേവന വിഭാഗമായ സേഹയിലെത്തി തുടര്‍ പരിശോധനയ്ക്കു ഹാജരാകണം. സന്നദ്ധരായി മുന്നോട്ടുവരുന്നവരെ അടുത്ത 6 മാസം വരെ ഫോണിലൂടെ വിളിച്ച് ആരോഗ്യവിവരങ്ങള്‍ രേഖപ്പെടുത്തുമെന്ന് ആരോഗ്യവകുപ്പ് ആക്ടിംഗ് അണ്ടര്‍ സെക്രട്ടറി ഡോ. ജമാല്‍ മുഹമ്മദ് അല്‍ കാബി പറഞ്ഞു.
ചരിത്ര ദൗത്യത്തിന്റെ ഭാഗമാകാന്‍ താത്പര്യമുള്ള 18നും 60നും ഇടയില്‍ പ്രായമുള്ളവരും മറ്റു രോഗങ്ങള്‍ ഇല്ലാത്തവരുമായവര്‍ www.4humanity.ae എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. ചൈനയിലെ നാഷണല്‍ ബയോടെക് ഗ്രൂപ്പായ സിനോഫാമും അബുദാബിയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ക്ലൗഡ് കംപ്യൂട്ടിംഗ് ഗ്രൂപ്പായ 42ഉം ചേര്‍ന്നാണ് പദ്ധതിക്കു നേതൃത്വം നല്‍കുന്നത്.
https://www.facebook.com/Malayalivartha

























