കണ്ടെയ്ന്മെന്റ് സോണിലെ ജീവനക്കാരെ കോവിഡ് ഡ്യൂട്ടിയ്ക്ക് അവിടെത്തന്നെ നിയമിക്കാന്‍ ദുരന്തനിവാരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നിര്‍ദ്ദേശം

കണ്ടെയ്ന്മെന്റ് സോണുകളിലുള്ള സര്‍ക്കാര്‍ ജീവനക്കാരെ അവിടെത്തന്നെ സേവനത്തിനു നിയോഗിക്കാന്‍ കലക്ടര്‍മാര്‍ക്ക് ദുരന്തനിവാരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നിര്‍ദേശം. അദ്ദേഹം ഇതു സംബന്ധിച്ച് വാക്കാല്‍ നിര്‍ദേശം നല്കി.
ഓഫിസുകളിലോ പുറത്തോ പോയി ജോലി ചെയ്യാന്‍ കണ്ടെയ്ന്മെന്റ് സോണുകളിലുള്ളവര്‍ക്ക് ബുദ്ധിമുട്ടായിരിക്കും. എന്നാല്‍, ഈ സോണുകള്‍ക്കുള്ളില്‍ ഭക്ഷ്യധാന്യ വിതരണം ഉള്‍പ്പെടെ കാര്യങ്ങള്‍ക്കു മേല്‍നോട്ടവും ഏകോപനവും ഡേറ്റ എന്‍ട്രിയും മറ്റും നിര്‍വഹിക്കാന്‍ ജീവനക്കാരെ ആവശ്യമുണ്ട്. ഇതു പരിഗണിച്ചാണു നിര്‍ദേശം.
പരിമിതമായ തോതിലേ സര്‍ക്കാര്‍ ജീവനക്കാരുടെ സേവനം വേണ്ടിവരുകയുള്ളുവെന്ന് ദുരന്തനിവാരണ വകുപ്പ് വിലയിരുത്തുന്നു. ദുരന്തനിവാരണ നിയമത്തിലെ വകുപ്പുകള്‍ ഉപയോഗിച്ചു ജില്ലാതലത്തില്‍ ഏതു വകുപ്പിലെയും ഉദ്യോഗസ്ഥരെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു നിയോഗിക്കാന്‍ കലക്ടര്‍മാരെ ചുമതലപ്പെടുത്തി പ്രിന്‍സിപ്പല്‍ സെക്രട്ടറി ശനിയാഴ്ച നിര്‍ദേശം നല്‍കിയിരുന്നു. ആവശ്യമെങ്കില്‍ മാത്രം പ്രയോഗിക്കാനാണ് നിര്‍ദേശം.
നിലവില്‍ ആരോഗ്യം, തദ്ദേശഭരണം, റവന്യു, പൊലീസ്, ഫയര്‍ഫോഴ്സ്, സിവില്‍ സപ്ലൈസ് തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ സൂപ്പര്‍ സ്പ്രെഡ് ഏരിയ, കണ്ടെയ്ന്മെന്റ് സോണുകളില്‍ അടക്കം കോവിഡ് പ്രതിരോധത്തില്‍ വ്യാപൃതരാണ്. കോവിഡ് ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററുകളിലെയും ക്വാറന്റീന് കേന്ദ്രങ്ങളിലെയും ഏകോപനം, മേല്‍നോട്ടം എന്നിവയ്ക്ക് ആവശ്യത്തിനു ജീവനക്കാരില്ലെന്ന പരാതികള്‍ ശ്രദ്ധയില്‍പെട്ട സാഹചര്യത്തിലാണു നിര്‍ദേശം.
വിമാനത്താവളങ്ങളില്‍ വന്നിറങ്ങുന്ന യാത്രക്കാരുടെ വിവരശേഖരണത്തിനും അവര്‍ക്കുള്ള മാര്‍ഗനിര്‍ദേശത്തിനും കോളജ് അധ്യാപകരെ നിയോഗിക്കുന്നുണ്ട്. ക്വാറന്റീന് കേന്ദ്രങ്ങളിലെ ചുമതലക്കാരായി സ്കൂള്‍ അധ്യാപകരെയും നിയോഗിച്ചിരുന്നു.
അതേസമയം, നിലവില്‍ അവശ്യസേവനമല്ലാത്ത സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കിടയില്‍, ദുരന്തനിവാരണ നിയമത്തിലെ വകുപ്പുകള്‍ പ്രയോഗിക്കാനുള്ള നിര്‍ദേശത്തോട് സമ്മിശ്ര പ്രതികരണമാണ്.
കോവിഡ് പോസിറ്റീവ് ആകുന്ന ഡോക്ടര്‍മാരെ വീടുകളില്‍ ഐസലേഷനില്‍ പാര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിനോടു സഹകരിക്കാമെന്നു ഡോക്ടര്‍മാരുടെ സംഘടനയായ കേരള ഗവ.മെഡിക്കല്‍ ഓഫിസേഴ്സ് അസോസിയേഷന് അറിയിച്ചു. രോഗവ്യാപനം തീവ്രമായാല്‍ പോസിറ്റീവായവരില്‍ രോഗലക്ഷണമില്ലാത്തവരെ വീട്ടില്‍ ഐസലേഷനില്‍ പാര്‍പ്പിക്കുന്നതിനു മുന്നോടിയായാണു സര്‍ക്കാരിന്റെ നീക്കം. ചികിത്സാ കേന്ദ്രത്തിലെ തിരക്ക് ഒഴിവാക്കാനാണ് വീടുകളില്‍ ഐസലേഷന്‍.
https://www.facebook.com/Malayalivartha

























