ഒറ്റയ്ക്കു താമസിച്ച വയോധികനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി, കോവിഡ് ഭീതിമൂലം ജനക്കൂട്ടം മടിച്ചുനിന്നപ്പോള്‍ ജനപ്രതിനിധികള്‍ മൃതദേഹമെടുത്തു!

മുളന്തുരുത്തി പഞ്ചായത്ത് 14-ാം വാര്‍ഡില്‍ പെരുമ്പിള്ളിയില്‍ ഒറ്റയ്ക്കു താമസിച്ചിരുന്ന വയോധികനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോവിഡ് ഭീതിമൂലം മൃതദേഹത്തിനടുത്തു ചെല്ലാന്‍ ആരും തയ്യാറായില്ല. മരണകാരണം അറിയാതെ നാട്ടുകാര്‍ മടിച്ചുനിന്നപ്പോള്‍ മൃതദേഹമെടുത്തു തുടര്‍ നടപടിക്കു കൊണ്ടുപോയത് പഞ്ചായത്ത് പ്രസിഡന്റ് രഞ്ചി കുര്യനും വാര്‍ഡ് മെമ്പര്‍ ജോര്‍ജ് മാണിയും.
ശനിയാഴ്ച രാത്രിയാണ് കുറൂര്‍ വീട്ടില്‍ ജോയി സൈമണി(69) െ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭാര്യ ഒന്നര വര്‍ഷം മുമ്പു മരണമടഞ്ഞിരുന്നു. മകന് ഷൈന്‍ കുടുംബസമേതം കുവൈത്തിലാണ്. വിവാഹിതയായ മകള്‍ ഷൈനി പെരുമ്പാവൂരിലാണു താമസം. പിതാവിനെ ഫോണില്‍ വിളിച്ചുകിട്ടാത്തതിനെത്തുടര്ന്നു ഷൈന്‍ അയല്‍വാസിയോടു വിവരം അന്വേഷിക്കാന്‍ പറഞ്ഞു. അയല്‍വാസി ചെന്നപ്പോള്‍ അനക്കമറ്റ നിലയില്‍ ജോയി കിടക്കുന്നത് കണ്ടതിനെ തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ ജോര്‍ജ് മാണിയെ വിവരമറിയിക്കുകയായിരുന്നു.
മെമ്പര്‍ ഉടന്‍തന്നെ പോലീസിനെയും ആരോഗ്യവകുപ്പിനെയും ബന്ധുക്കളെയും വിളിച്ചു. മരണകാരണം വ്യക്തമാകാത്തതിനാല്‍ മൃതദേഹത്തിന് അടുത്തെത്താന്‍ ആളുകള്‍ ഭയന്നു. ജോര്‍ജ് മാണി വിവരം അറിയിച്ചതോടെ പ്രസിഡന്റ് രഞ്ചി കുര്യനും സ്ഥലത്തെത്തി. ഇതിനിടെ മുളന്തുരുത്തി സമൂഹികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.എസ്. ഷാജിയുടെ നിര്‍ദേശപ്രകാരം ആലുവയില്‍നിന്ന് ആംബുലന്‍സെത്തി.
പോസ്റ്റ്മോര്‍ട്ടത്തിനായി കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ ക്രമീകരണം നടത്തിയെങ്കിലും മൃതദേഹം വീട്ടില്‍നിന്നെടുത്ത് ആംബുലന്‍സിലേക്കു കയറ്റാന്‍ ആളുകള്‍ മടിച്ചുനിന്നു. അതോടെ മൃതദേഹമെടുക്കാന്‍ സുരക്ഷാ വസ്ത്രം ധരിച്ചു പ്രസിഡന്റ് രഞ്ചി കുര്യനും വാര്‍ഡ് മെമ്പര്‍ ജോര്‍ജ് മാണിയും തയാറാകുകയായിരുന്നു. ജോയിയുടെ ബന്ധു ഡാരിഷും അയല്‍വാസി മണിയും കൂടി മുന്നോട്ടുവന്നതോടെ പ്രതിസന്ധിക്കു പരിഹാരമായി.
മൃതദേഹം രാത്രി ഒന്നോടെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. ഹൃദയസ്തംഭനം മൂലം ജോയി സൈമണ്‍ മരിച്ചതായാണ് പ്രാഥമിക നിഗമനം. മൃതദേഹത്തില്‍ നടത്തിയ ആദ്യ കോവിഡ് പരിശോധനയുടെ ഫലം നെഗറ്റീവാണ്. ഇന്നു രണ്ടാമത്തെ കോവിഡ് പരിശോധന നടത്തും. അതിന്റെ ഫലം വന്നിട്ടാകും പോസ്റ്റ്മോര്‍ട്ടം ഉള്‍പ്പെടെയുള്ള തുടര്‍ നടപടികള്‍.
https://www.facebook.com/Malayalivartha

























