താക്കോല്‍ സ്ഥാനത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ഇരിക്കുന്നത് കേരളാ കേഡറല്ലാത്തയാള്, ഇത് മാറി വന്ന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍പ്പെട്ടില്ലെന്നത് ദുരൂഹത ഉയര്‍ത്തുന്നു

സംസ്ഥാനത്തെ ഒരു പ്രിന്‍സിപ്പല്‍ സെക്രട്ടറി കേരള കേഡറിലുള്ള ഉദ്യോഗസ്ഥനല്ലെന്ന വിവരം പുറത്തായി. വര്‍ഷങ്ങളായി കേരളാ കേഡറില്‍ തുടരുന്ന ഇദ്ദേഹം അഡീഷണല്‍ ചീഫ് സെക്രട്ടറി പദവിയിലേക്ക് എത്തുമ്പോള്‍ കേരളാ കേഡറില്‍ നിയമനം സാധ്യമല്ലെന്ന് സിവില്‍ സര്‍വീസ് രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
മറ്റു കേഡറുകളില്‍ ഉള്ളവര്‍ക്ക് സംസ്ഥാനത്ത് തുടരാമെങ്കിലും സ്ഥാനക്കയറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇതു പരിഗണിക്കാറുണ്ട്. മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്റെ കാര്യത്തില്‍ വിവാദമുയര്‍ന്നെങ്കിലും അദ്ദേഹത്തിന് അനുകൂലമായ കോടതി വിധി ഉണ്ടായിരുന്നതിനാല്‍ നിയമപരമായ പ്രശ്നങ്ങള്‍ ഇല്ലായിരുന്നു. അതേസമയം, ഇപ്പോഴത്തെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കോടതിവിധികളൊന്നും തുണയായി ഇല്ലതാനും.
എം. ശിവശങ്കര്‍ വിവാദത്തിനു പിന്നാലെ നടന്ന പരിശോധനയ്ക്കിടെയാണ് സംസ്ഥാനത്തെ തന്ത്രപ്രധാന സ്ഥാനത്തു തുടരുന്ന ഉദ്യോഗസ്ഥരെക്കുറിച്ച് അന്വേഷണം നടത്തിയതും ഇക്കാര്യം തിരിച്ചറിഞ്ഞതും. കേരളാ കേഡറിലുള്ള ഉദ്യോഗസ്ഥനല്ല ഇദ്ദേഹമെന്ന കാര്യം മുഖ്യമന്ത്രിയുടെ ഓഫീസിനു ധാരണയില്ലെന്നാണ് ലഭിക്കുന്ന സൂചന.
കെ.ആര്. ഗൗരിയമ്മ മന്ത്രിയായിരിക്കെയാണ് ഉത്തരേന്ത്യന്‍ കേഡറിലുള്ള ഈ ഉദ്യോഗസ്ഥന് സംസ്ഥാനത്തേക്ക് എത്തുന്നത്. എന്നാല്‍, ദൗത്യം പൂര്‍ത്തിയാക്കി തിരികെ സ്വന്തം കേഡറിലേക്ക് ഇതേവരെ മടങ്ങിയില്ലായെന്നതും ഇക്കാര്യം മാറി വന്ന സര്‍ക്കാരുകളുടെ ശ്രദ്ധയില്പ്പെട്ടില്ലെന്നതുമാണ് ദുരൂഹത ഉയര്‍ത്തുന്നത്.
https://www.facebook.com/Malayalivartha

























