പ്ലസ് വണ്‍ ഏകജാലകം: 29-ാം തീയതി പ്രവേശന നടപടികള്‍ തുടങ്ങാനിരിക്കേ മാനദണ്ഡങ്ങളില്‍ അവ്യക്തത

പ്ലസ്വണ്‍ ഏകജാലക പ്രവേശനവുമായി ബന്ധപ്പെട്ട നടപടികള്‍ 29-ാം തീയതി തുടങ്ങാനിരിക്കേ മാനദണ്ഡങ്ങള്‍ ഇനിയും വ്യക്തമാക്കിയിട്ടില്ലെന്ന് അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു. സീറ്റുകളുടെ എണ്ണം പോലും അവ്യക്തം.
പ്രവേശന നടപടികളുടെ മുന്നോടിയായുള്ള വിജ്ഞാപനം പോലും പ്രസിദ്ധീകരിക്കാനായിട്ടില്ല. എസ്.എസ്.എല്‍.സി. പാസായ നാലേകാല്‍ലക്ഷത്തോളം പേരും സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ. വിഭാഗങ്ങളില്‍നിന്നായി അരലക്ഷത്തോളംപേരും പങ്കെടുക്കുന്ന പ്രവേശനപ്രക്രിയയ്ക്ക് ഇതുവരെ ഔദ്യോഗികനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടില്ല.
പരമാവധി വിദ്യാര്‍ഥികള്‍ക്ക് ചുരുക്കം അലോട്ട്മെന്റുകളിലൂടെ പ്രവേശനം സാധ്യമാകുന്നതിന് നടപടി വേണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം. ശാസ്ത്രീയപഠനം നടത്തി കൂടുതല്‍ സീറ്റുകള്‍ ആവശ്യമായ സ്ഥലങ്ങളില്‍ മാത്രം വര്‍ധന വരുത്തി മുഴുവന്‍ സീറ്റുകളിലേക്കും ആദ്യഘട്ടത്തില്‍ അലോട്ട്മെന്റ് നടത്തണമെന്ന ആവശ്യം അധ്യാപക സംഘടനകള്‍ നേരത്തേ മുന്നോട്ടുവച്ചിരുന്നു.
സീറ്റ് വര്‍ധന പ്രവേശനനടപടികളുടെ ഇടയ്ക്കുവച്ചുണ്ടാകുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ കോഴ്സിന് പ്രവേശനം ലഭിക്കാത്ത സാഹചര്യമുണ്ടാകും. പ്രവേശനം ലഭിച്ചവരുടെ സ്‌കൂള്‍, കോമ്പിനേഷന്‍ മാറ്റങ്ങളടക്കമുള്ള സാങ്കേതിക നടപടികളിലൂടെ പലയിടത്തും സീറ്റുകള്‍ ഒഴിഞ്ഞുകിടക്കും. ഇതു സ്ഥിരം പരാതിയാണ്. സീറ്റുകള്‍ അനുവദിച്ചതിന്റെ ഗുണം കാര്യമായി ലഭിക്കാറില്ല.
അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള നിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ക്ക് നേരത്തേ ലഭ്യമാക്കിയാല്‍ ഓണ്‍ലൈന്‍ പ്രവേശന നടപടി ലളിതമാക്കാനാകും. അതല്ലെങ്കില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും കൂട്ടമായി പുറത്തിറങ്ങി ഓണ്‍ലൈന്‍ അപേക്ഷാകേന്ദ്രങ്ങളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും തടിച്ചുകൂടുന്ന അവസ്ഥയുണ്ടാകും.
പ്രവേശന നടപടി ഓണ്‍ലൈന്‍ വഴിയാവുമെന്ന പ്രഖ്യാപനത്തില്‍ കവിഞ്ഞ് മറ്റു കാര്യങ്ങളൊന്നും വിശദമാക്കിയിട്ടില്ല. ഓരോ സ്‌കൂളിലേയും പ്ലസ്വണ്‍ സീറ്റുകളുടെ എണ്ണം ഓണ്‍ലൈനില്‍ ക്രമപ്പെടുത്താന്‍ ഇതുവരെ നിര്‍ദേശം നല്‍കിയിട്ടില്ല. പ്രിന്‍സിപ്പല്‍മാര്‍ക്കും ഐ.ടി. കോര്‍ഡിനേറ്റര്‍മാര്‍ക്കും പുതിയ രീതി സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളും പരിശീലനവും നല്‍കണമെന്നു ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി.
ആവശ്യമായ അധ്യാപകരെ സ്‌കൂളില്‍ നിലനിര്‍ത്താനുള്ള ചുമതല പ്രിന്‍സിപ്പല്‍മാര്‍ക്ക് നല്‍കിയില്ലെങ്കില്‍ നടപടികള്‍ സങ്കീര്‍ണമാകും.
പ്ലസ്വണ്‍ പ്രവേശന നടപടികളില്‍ ജാഗ്രത ഉറപ്പാക്കാന്‍ വിദ്യാഭ്യാസവകുപ്പ് നടപടി കൈക്കൊള്ളണമെന്ന് എച്ച്.എസ്.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് ആര്‍ രാജീവന്‍, ജനറല്‍ സെക്രട്ടറി അനില്‍ എം. ജോര്‍ജ്, ട്രഷറര്‍ എം. സന്തോഷ് കുമാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha

























