ഈ ദിനം നിര്‍ണ്ണായകം... സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യംചെയ്യലിന് വിധേയനാകുന്നതിന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ കൊച്ചി എന്‍ഐഎ ആസ്ഥാനത്ത് എത്തി...ചോദ്യം ചെയ്യല്‍ ഉടന്‍

സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യംചെയ്യലിന് വിധേയനാകുന്നതിന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ കൊച്ചി എന്‍ഐഎ ആസ്ഥാനത്ത് എത്തി. പുലര്‍ച്ചെ നാലരയോടെ തിരുവനന്തപുരത്തുനിന്ന് തിരിച്ച ശിവശങ്കര്‍ ഒമ്പതരയോടെയാണ് കൊച്ചിയിലെത്തിയത്.
എന്‍ഐഎ ആസ്ഥാനത്തെ പ്രത്യേക മുറിയിലാണ് ചോദ്യംചെയ്യല്‍. നേരത്തെ നല്‍കിയ മൊഴികളിലെ വൈരുധ്യങ്ങളില്‍ വ്യക്തത തേടാനാണ് എന്‍ഐഎയുടെ ശ്രമം. സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കും മുന്‍പാണ് ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍. ദൃശ്യങ്ങള്‍ നല്‍കാമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചെങ്കിലും വാങ്ങാന്‍ എന്‍ഐഎ എത്തിയില്ല.
തിരുവനന്തപുരത്ത് നിന്നും പോലീസ് അകമ്പടിയോടെയാണ് ശിവശങ്കര്‍ യാത്ര ആരംഭിച്ചത്. ജില്ല പിന്നിട്ടതോടെ പോലീസ് മടങ്ങുകയും ചെയ്തിരുന്നു. ഇന്ന് രാവിലെ പത്തരയോടെ എന്‍ഐഎ കൊച്ചി ഓഫീസില്‍ ഹാജരാവണമെന്ന് ചൂണ്ടിക്കാട്ടിയാണ് ശിവശങ്കറിന് എന്‍ഐഎ നോട്ടീസ് നല്‍കിയിരുന്നത്. കൊച്ചിയിലെ എന്‍ഐഎ ആസ്ഥാനത്തേക്ക് ഇതിനായി ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘവും ഇതിനോടകം എത്തിച്ചേര്‍ന്നിട്ടുണ്ട്. സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിനെ ചോദ്യം ചെയ്യുന്ന ഇന്ന് നിര്‍ണായക ദിനമായാണ് വിലയിരുത്തുന്നത്.
രാഷ്ട്രീയ കേരളത്തെ പിടിച്ചുലയ്ക്കാവുന്ന നിരവധി ചോദ്യങ്ങളാവും ശിവശങ്കറിനെ കാത്തിരിക്കുന്നത്. നയതന്ത്ര ബാഗേജിലെ സ്വര്‍ണക്കടത്ത് പ്രതികളുമായുള്ള ബന്ധത്തിനു പുറമേ സ്പ്രിന്‍ക്ലര്‍ ഡേറ്റ ചോര്‍ച്ച, പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് (പിഡബ്ല്യുസി) കരാറുകള്‍ തുടങ്ങിയവയും എന്‍ഐഎ ചോദ്യാവലിയില്‍ ഉള്‍പ്പെടുത്തുമെന്നാണ് വിവരം.
ഇവയ്ക്കുള്ള മറുപടികള്‍ സ്വര്‍ണത്തിനപ്പുറത്തേക്കുള്ള അന്വേഷണത്തിനു വഴിതുറക്കുമോ എന്നാണ് എന്‍ഐഎ പരിശോധിക്കുന്നത്. അതിനിടെ, കേസിലെ സൂത്രധാരന്‍ കെ.ടി. റമീസ് 2019ല്‍ 6 തോക്ക് കടത്തിയ കേസ് പുനരന്വേഷിക്കാനുള്ള നടപടികളും എന്‍ഐഎ ആരംഭിച്ചു.
സ്വര്‍ണക്കടത്തു കേസില്‍ തിരുവനന്തപുരത്തെത്തി ശിവശങ്കറിനെ കസ്റ്റംസ് 9 മണിക്കൂറും എന്‍ഐഎ 5 മണിക്കൂറും ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നാണ് ഇന്നു കൊച്ചി ഓഫിസിലെത്താന്‍ നിര്‍ദേശിച്ചത്. യുഎപിഎ കേസില്‍ (നിയമവിരുദ്ധപ്രവര്‍ത്തന നിരോധന നിയമം) മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനെ എന്‍ഐഎ ഓഫിസിലേക്കു വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്നത് ആദ്യമാണ്.
സംസ്ഥാന സര്‍ക്കാരിനു വേണ്ടി ശിവശങ്കര്‍ ചെയ്ത ജോലികള്‍, സ്വര്‍ണക്കടത്തു കേസിലെ പ്രതികളുമായി വ്യക്തിപരമായ അടുപ്പമുണ്ടാക്കാന്‍ വഴിയൊരുക്കിയ സാഹചര്യം, പ്രതികളായ പി.എസ്.സരിത്ത്, സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവര്‍ക്കു നല്‍കിയ സഹായങ്ങള്‍, വിദേശത്തും സ്വദേശത്തും ഇവര്‍ വഴി പരിചയപ്പെട്ട ആളുകള്‍, ശിവശങ്കര്‍ നടത്തിയ വിദേശയാത്രകളുമായി ഇവര്‍ക്കുള്ള ബന്ധം എന്നിവ സംബന്ധിച്ച വിശദമായ ചോദ്യാവലിയാണ് തയാറാക്കിയത്. സ്വര്‍ണക്കടത്തു കേസിലെ ദേശവിരുദ്ധ ശക്തികളുടെ ഇടപെടലാണ് എന്‍ഐഎ അന്വേഷിക്കുന്നത്.
ചോദ്യം ചെയ്യലിനുശേഷം ശിവശങ്കര്‍ പ്രതിചേര്‍ക്കപ്പെട്ടാല്‍ അത് പിണറായി വിജയന്‍ സര്‍ക്കാരിന് കനത്ത തിരിച്ചടിയാകും. മുഖ്യമന്ത്രിയുടെ രാജി എന്ന പ്രതിപക്ഷ ആവശ്യത്തിന് ഇതോടെ കരുത്തുകിട്ടും. എന്നാല്‍ ശിവശങ്കറിനെതിരെ കേസെടുക്കുന്നില്ലെങ്കില്‍ കേസുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രാധാന്യം അവസാനിക്കാനാണ് സാധ്യത. വീണ്ടും ചോദ്യം ചെയ്യാനാണ് നിര്‍ദ്ദേശിക്കുന്നതെങ്കില്‍ അതും എല്‍ഡിഎഫിന് തല്‍ക്കാലത്തേക്കെങ്കിലും പ്രശ്നങ്ങള്‍ സൃഷ്ടിക്കും.
https://www.facebook.com/Malayalivartha

























