കൂടുതല്‍ കുരുക്കിലേക്ക് .... സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്നയുടെ ബാങ്ക് ലോക്കറില്‍ നിന്ന് 45 ലക്ഷം രൂപയുടെ രേഖകള്‍ കൂടി കണ്ടെത്തി.... സ്ഥിരനിക്ഷേപങ്ങള്‍ മരവിപ്പിക്കാന്‍ കസ്റ്റംസിന്റെ നിര്‍ദേശം

സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്നയുടെ ബാങ്ക് ലോക്കറില്‍ നിന്ന് 45 ലക്ഷം രൂപയുടെ രേഖകള്‍ കൂടി കണ്ടെത്തി. തിരുവനന്തപുരത്തെ ബാങ്ക് ലോക്കറില്‍ നിന്നാണ് രേഖകള്‍ കണ്ടെത്തിയത്. സ്ഥിരനിക്ഷേപം തിരുവനന്തപുരത്തെ എസ് ബി ഐയില്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വപ്നയുടെ പേരിലുള്ള സ്ഥിര നിക്ഷേപങ്ങള്‍ മരവിപ്പിക്കാനും ബാങ്കുകള്‍ക്ക് കസ്റ്റംസ് നിര്‍ദേശം നല്കി.
കേസില്‍ മുന്‍ ഐടി സെക്രട്ടറി ശിവശങ്കറിനെ ഇന്ന് ചോദ്യം ചെയ്യും. സ്വപ്നയും ശിവശങ്കറും തമ്മിലുള്ള സാമ്പത്തിക ഇടപാടും പരിശോധനാ വിഷയമായി വരും. സ്വപ്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് ശിവ ശങ്കര്‍ മൊഴി നല്‍കിയിരുന്നു. ഇടക്കാലത്ത് താനും സഹായിച്ചിട്ടുണ്ടെന്നാണ് ഇദ്ദേഹം പറഞ്ഞത്. ലോക്കറില്‍ കോടികള്‍ സൂക്ഷിച്ചിരുന്ന സ്വപ്ന, എന്തിനാണ് ശിവ ശങ്കറില്‍ നിന്ന് പണം കൈപ്പറ്റിയതെന്നും എന്‍ഐഎ പരിശോധിക്കുന്നുണ്ട്.
ചോദ്യം ചെയ്യലിനായി കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ രാവിലെ പത്തരയോടെ ഹാജരാകാനാണ് ശിവശങ്കറിന് നിര്‍ദ്ദേശം നല്‍കിയത്. പുലര്‍ച്ചെ നാലരയോടെ പൂജപ്പുരയിലെ വീട്ടില്‍ നിന്നും ഇദ്ദേഹം കൊച്ചിയിലേക്ക് പുറപ്പെട്ടു. കേസില്‍ സംസ്ഥാന സര്‍ക്കാര്‍ കടുത്ത സമ്മര്‍ദ്ദത്തിലായിരിക്കെയാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി വീണ്ടും എന്‍ഐഎ ചോദ്യം ചെയ്യലിന് ഹാജരാകുന്നത്. കഴിഞ്ഞ തവണത്തെ പോലെ ചോദ്യം ചെയ്ത് വിട്ടയക്കുമോ അതോ അറസ്റ്റുണ്ടാകുമോ തുടങ്ങിയ അഭ്യൂഹങ്ങള്‍ അനവധിയാണ്.
ഇതാദ്യമായാണ് സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലുണ്ടായിരുന്ന ഒരു ഉന്നത ഉദ്യോഗസ്ഥന് നിരന്തരം ചോദ്യം ചെയ്യലിന് ഹാജരാകേണ്ടിവരുന്നത്. അന്വേഷണത്തില്‍ വേവലാതിയില്ലെന്ന് മുഖ്യമന്ത്രിയും, ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍ സര്‍ക്കാറിനെയും പാര്‍ട്ടിയെയും ബാധിക്കില്ലെന്ന് കോടിയേരിയും പറയുമ്പോഴും കാര്യങ്ങള്‍ അത്ര ലളിതമല്ല.
"
https://www.facebook.com/Malayalivartha

























