ഒരു മൃതശരീരവും തുമ്മില്ല, ചുമയ്ക്കില്ല; കോവിഡ് മരണങ്ങളിൽ ഇങ്ങനെ മൃതദേഹം ദഹിപ്പിക്കുന്നതല്ല അപകടം, ആൾക്കൂട്ടങ്ങളാണ് അപകടം! തിങ്ങിനിറഞ്ഞ ആൾക്കൂട്ടത്തിൽ ഒരാൾക്ക് കോവിഡ് ഉണ്ടെങ്കിൽ മറ്റുള്ളവരിലേക്കു പകരാം

ഇന്നലെ കോവിഡ് പോസിറ്റീവായി മരിച്ച കോട്ടയം സ്വദേശിയുടെ മൃതദേഹം നഗരസഭയുടെ വൈദ്യുതി ശ്മശാനത്തിൽ സംസ്കരിക്കുന്നതു തടഞ്ഞ നടപടിയിൽ ഖേദം പ്രകടിപ്പിച്ച് രംഗത്ത് എത്തിയ ഡോക്ടറുടെ കുറിപ്പ് വൈറലാകുന്നു. വൈദ്യുതി ശ്മശാനത്തിൽ കോവിഡ് മൂലം മരിച്ച ഒരാളുടെ സംസ്കാരം തടയുന്നത് വല്ലാത്ത ക്രൂരതയാണ് എന്നതാണ്. കോവിഡ് പകരുന്നത് വൈറസ് ബാധയുള്ള ഒരാൾ ചുമക്കുമ്പോഴും തുമ്മുമ്പോഴും തെറിക്കുന്ന സ്രവങ്ങൾ നമ്മുടെ ശരീരത്തിൽ എത്തുമ്പോഴാണ് എന്നത് ഏവർക്കും അറിയാവുന്ന കാര്യം തന്നെയല്ലേ.
എന്നാൽ ഒരു മൃതശരീരവും തുമ്മില്ല, ചുമയ്ക്കില്ലെന്നും ഡോ. ജിനേഷ് പി.എസ് ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കുന്നു. ആശുപത്രികൾ അത്ര ശ്രദ്ധിച്ചാണ് മൃതദേഹങ്ങൾ കൈമാറുന്നതെന്നും ഒരു രീതിയിലും സ്രവങ്ങൾ പുറത്തെത്തില്ല എന്നുറപ്പിക്കാൻ പ്ലാസ്റ്റിക് ബാഗിലാണ് കൈമാറുന്നതെന്നും പകർച്ചവ്യാധി പകരാതിരിക്കാൻ ഏറ്റവും സുരക്ഷിതമായ സംസ്കരണ മാർഗമാണ് ദഹിപ്പിക്കുക എന്നതെന്നും അദ്ദേഹം കുറിപ്പിലൂടെ വ്യക്തമാക്കുകയാണ്.
ഡോ. ജിനേഷിന്റെ ഫെയ്സ്ബുക് കുറിപ്പ് ഇങ്ങനെ:
എന്റെ പൊന്നു സുഹൃത്തുക്കളെ,
വൈദ്യുതി ശ്മശാനത്തിൽ കോവിഡ് മൂലം മരിച്ച ഒരാളുടെ സംസ്കാരം തടയുന്നത് വല്ലാത്ത ക്രൂരതയാണ്. കോട്ടയത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നു എന്നു കേൾക്കുമ്പോൾ വ്യസനമുണ്ട്. കോവിഡ് പകരുന്നത് വൈറസ് ബാധയുള്ള ഒരാൾ ചുമക്കുമ്പോഴും തുമ്മുമ്പോഴും തെറിക്കുന്ന സ്രവങ്ങൾ നമ്മുടെ ശരീരത്തിൽ എത്തുമ്പോഴാണ്. ഒരു മൃതശരീരവും തുമ്മില്ല, ചുമയ്ക്കില്ല.
മൃതശരീരത്തിൽ നിന്നുള്ള സ്രവങ്ങൾ മൂലം രോഗം പകരാൻ സാധ്യത ഇല്ലേ എന്നാണെങ്കിൽ അപൂർവമായി അങ്ങനെ സംഭവിക്കാൻ സാധ്യത ഉണ്ട് എന്ന് വേണമെങ്കിൽ പറയാം. പക്ഷേ, ഓരോ ശരീരവും ആശുപത്രികളിൽ നിന്ന് അത്രയേറെ ശ്രദ്ധയോടെ ആണ് കൈമാറുന്നത്. ഒരു രീതിയിലും സ്രവങ്ങൾ പുറത്തെത്തില്ല എന്നുറപ്പിക്കാൻ പ്ലാസ്റ്റിക് ബാഗിലാണ് കൈമാറുന്നത്. അതായത് ആശുപത്രിയിൽ നിന്നും പ്ലാസ്റ്റിക് ബോഡി ബാഗിൽ കൈമാറ്റം ചെയ്യപ്പെടുന്ന മൃതശരീരത്തിൽ നിന്നു വൈറസ് പകരാൻ സാധ്യതയില്ല എന്നു ചുരുക്കം. എങ്കിലും മൃതശരീരം കൈകാര്യം ചെയ്യുന്നവർ വ്യക്തിഗത സുരക്ഷാമാർഗങ്ങൾ സ്വീകരിക്കുന്നുണ്ട്. അത്രയും ശ്രദ്ധയോടെയാണ് കൈകാര്യം ചെയ്യുന്നത്.
ഏതെങ്കിലും തരത്തിലുള്ള പകർച്ചവ്യാധി ആയിക്കോട്ടെ, പകരാതിരിക്കാൻ ഏറ്റവും സുരക്ഷിതമായ മൃതസംസ്കരണ മാർഗമാണ് ദഹിപ്പിക്കുക എന്നത്. ദഹിപ്പിക്കുമ്പോൾ മറ്റുള്ളവർക്ക് റിസ്ക് കൂടുന്ന ഒരേ ഒരു മരണ രീതിയേയുള്ളൂ, റേഡിയോ ആക്ടീവ് പോയ്സണിങ്. ദഹിപ്പിക്കുമ്പോൾ ഉണ്ടാകുന്ന പുകയിൽ റേഡിയോ ആക്റ്റിവിറ്റിയുള്ള കണങ്ങൾ കാണാനുള്ള സാധ്യത കൊണ്ടാണിത്. അതല്ലാതെ ഏതൊരു സാഹചര്യത്തിലും സുരക്ഷിതമായ മാർഗമാണ് ഇത്. കോവിഡ് മരണങ്ങളിൽ ഇങ്ങനെ മൃതദേഹം ദഹിപ്പിക്കുന്നതല്ല അപകടം, ആൾക്കൂട്ടങ്ങളാണ് അപകടം. തിങ്ങിനിറഞ്ഞ ആൾക്കൂട്ടത്തിൽ ഒരാൾക്ക് കോവിഡ് ഉണ്ടെങ്കിൽ മറ്റുള്ളവരിലേക്കു പകരാം.
https://www.facebook.com/Malayalivartha

























