സ്വപ്ന തന്റെ ബന്ധുവിന്റെ ഭാര്യയാണെങ്കിലും യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥ എന്ന നിലയിലാണ് ഔദ്യോഗിക പരിചയമെന്ന് ശിവശങ്കര്‍, വീട്ടിലെത്തിയത് ഭര്‍ത്താവ് ക്ഷണിച്ചപ്പോള്‍...

ശിവശങ്കര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന സംസ്ഥാന ഐടി വകുപ്പിന്റെ സ്പേസ് പാര്‍ക്ക് പദ്ധതിയിലേക്കു സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്നയെ സംസ്ഥാനത്തെ ഭരണമുന്നണിയുമായി ബന്ധമുള്ള ആരെങ്കിലും ശുപാര്‍ശ ചെയ്തോ എന്ന ചോദ്യത്തിന് 'ഇല്ല' എന്നു മൊഴി നല്കിയ ശിവശങ്കര്‍ യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥന് സ്വപ്നയുടെ നിയമനത്തിനു വേണ്ടി ഇടപെട്ടോ എന്ന ചോദ്യത്തിനു വ്യക്തമായ മറുപടി നല്‍കിയില്ല. സ്വപ്ന സുരേഷ്, തന്റെ ബന്ധുവിന്റെ ഭാര്യയാണെങ്കിലും തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥയെന്ന നിലയിലാണ് ഔദ്യോഗിക പരിചയമെന്ന് ശിവശങ്കര്‍ ആവര്‍ത്തിച്ചു. കസ്റ്റംസിന്റെ ചോദ്യം ചെയ്യലിലും ഇക്കാര്യം അദ്ദേഹം പറഞ്ഞിരുന്നു.
സ്വപ്നയുടെ ഭര്‍ത്താവു ക്ഷണിച്ചപ്പോള്‍ മാത്രമാണ് ഇവരുടെ വീട് സന്ദര്‍ശിച്ചിട്ടുള്ളതെന്നും സ്വര്‍ണക്കടത്തിന്റെ സൂത്രധാരനെന്ന് അന്വേഷണ സംഘം കരുതുന്ന പെരിന്തല്‍മണ്ണ സ്വദേശി കെ.ടി. റമീസ്, ദുബായിലുള്ള കൊടുങ്ങല്ലൂര്‍ സ്വദേശി ഫൈസല്‍ ഫരീദ് അടക്കമുള്ള പ്രതികളെ അറിയില്ലെന്നും പറഞ്ഞ ശിവശങ്കര്‍ ഇവര്‍ക്കു സ്വപ്നയുമായുള്ള സ്വര്‍ണക്കടത്ത് ഇടപാടുകളെ കുറിച്ചും അറിയില്ലായിരുന്നുവെന്നും നാട്ടിലും വിദേശത്തും ഇവരുടെ ആതിഥ്യം സ്വീകരിച്ചിട്ടില്ലെന്നും മൊഴി നല്കി.
സ്വപ്നയുടെ ഭര്‍ത്താവിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ്, സ്വര്‍ണക്കടത്തു കേസിലെ പ്രതികള്‍ ഗൂഢാലോചന നടത്തിയതായി അന്വേഷണ സംഘം കണ്ടെത്തിയ തിരുവനന്തപുരത്തെ ഫ്ലാറ്റ് വാടകയ്ക്കെടുക്കാന്‍ സഹായിച്ചത്. അവരുടെ വീടിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കുറച്ചു ദിവസം മാറിത്താമസിക്കാന്‍ ഫ്ലാറ്റ് വാടകയ്ക്കു വേണമെന്നാണ് തന്നോടു പറഞ്ഞതെന്നും ശിവശങ്കര്‍ മൊഴി നല്കി.
https://www.facebook.com/Malayalivartha

























