തൈക്കൂടത്ത് കോര്‍പ്പറേഷന്‍ ഇടപെടലില്‍ അടച്ചു പൂട്ടിയ ഇറച്ചി വെട്ടു കേന്ദ്രം പ്രവര്‍ത്തിച്ചി രുന്നത് സത്യവാങ്മൂലം ലംഘിച്ചെന്ന് കണ്ടെത്തി

'കേരള സൂക്ഷ്മ ഇടത്തര ചെറുകിട സംരംഭങ്ങള്‍ സുഗമമാക്കല്‍ ആക്റ്റ് 2019' പ്രകാരം സമ്പാദിച്ച ഓണ്‍ലൈന്‍ ലൈസന്‍സ് തൈക്കൂടത്തെ ഇറച്ചി വെട്ടു കേന്ദ്രത്തിന്റെ ഉടമ ദുരുപയോഗം ചെയ്തതായി കണ്ടെത്തിയെന്നും, നിയമപ്രകാരം സംരംഭകന്‍ നല്‍കിയിരിക്കേണ്ട സത്യവാങ്മൂലം ലംഘിച്ചതിനാല്‍ നല്‍കിയ ലൈസന്‍സ് അസാധുവായതായും മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജന് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലാണ് സത്യവാങ്മൂലം ലംഘിച്ചെന്ന് ചൂണ്ടിക്കാണിച്ചിട്ടുള്ളത്.
കെ സ്വിഫ്റ്റ് വെബ്‌സൈറ്റില്‍ കീമ(ഇറച്ചി അരച്ചത്) നിര്‍മിക്കാനുള്ള അനുമതിക്കായാണ് ഇദ്ദേഹം സത്യവാങ്മൂലം നല്‍കിയിരുന്നത്. എന്നാല്‍, പന്നി, പോത്ത്, കാള, ആട്, കോഴി എന്നിവയുടെ അറവും വില്‍പ്പനയുമാണ് ഇവിടെ നടത്തിയത് എന്നാണു കണ്ടെത്തല്‍. റോഡരികിലെ ചെറിയ കെട്ടിടത്തില്‍ മാലിന്യസംസ്‌കരണത്തിനു സംവിധാനമില്ലെന്നും മാലിന്യം പൊതു ഓടയിലേക്ക് ഒഴുക്കുകയായിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണു ലൈസന്‍സ് അസാധുവായതെന്ന് മന്ത്രി പറയുന്നു. നിക്ഷേപകരെ പിന്തുണയ്ക്കാന്‍ കൊണ്ടുവന്ന നിയമം ദുരുപയോഗം ചെയ്യുന്ന പ്രവണത അനുവദിക്കാനാകില്ല. ഇത്തരത്തില്‍ വഞ്ചന കാണിക്കുന്നവര്‍ മാന്യമായി സംരംഭം നടത്തുന്നവര്‍ക്കു പോലും ചീത്തപ്പേരുണ്ടാക്കുമെന്നും മന്ത്രി പറയുന്നു.
ഇറച്ചി വെട്ടു കേന്ദ്രത്തിനെതിരെ നാട്ടുകാര്‍ പരാതി ഉയര്‍ത്തിയതോടെ കോര്‍പ്പറേഷന്‍ അഡിഷനല്‍ സെക്രട്ടറി സ്ഥാപനം അടച്ചു പൂട്ടാന്‍ ഉത്തരവിട്ടിരുന്നു. ഇക്കാര്യത്തില്‍ നോട്ടിസ് നല്‍കാനെത്തിയ ഉദ്യോഗസ്ഥരെ സ്ഥാപന ഉടമ അധിക്ഷേപിക്കുകയും നോട്ടിസ് കൈപ്പറ്റാന്‍ തയാറാകാതിരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ ഇറച്ചി വെട്ടു കേന്ദ്രം അടച്ചു പൂട്ടാന്‍ എത്തിയപ്പോള്‍ അവര്‍ക്കെതിരെ കൈക്കൂലി ആരോപണം ഉയര്‍ത്തുകയും ലൈസന്‍സ് ഉണ്ടെന്ന് അവകാശപ്പെട്ട് അസഭ്യവാക്കുകള്‍ ഉപയോഗിച്ച് അധിക്ഷേപിക്കുകയും ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.
സംരംഭം നടത്താന്‍ ഇടതു സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്ന ആക്ഷേപം ഉയര്‍ന്നതോടെ വിഷയം വ്യവസായ മന്ത്രി ഇ.പി. ജയരാജന്റെ ശ്രദ്ധയില്‍ പെടുകയായിരുന്നു. അന്നു തന്നെ സംഭവം അന്വേഷിക്കുന്നതിനും വ്യവസായ സംരംഭങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്നും മന്ത്രി പ്രസ്താവന ഇറക്കി. എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതോടെ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നെന്നു മനസിലാക്കിയാണ് മന്ത്രി ഫെയ്‌സ്ബുക്കില്‍ സ്ഥാപനത്തിന്റെ ലൈസന്‍സ് അസാധുവായ വിവരം അറിയിച്ചിരിക്കുന്നത്.
മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:
'എറണാകുളം തൈക്കൂടത്ത് ഒരു സംരംഭം അധികൃതര്‍ പൂട്ടിച്ചു എന്ന തരത്തില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജരെ നിയോഗിച്ചിരുന്നു. അന്വേഷണത്തില്‍ വെളിപ്പെട്ട കാര്യങ്ങള്‍ ഓരോ സംരംഭകനും അറിയേണ്ടതുണ്ട്. മുന്‍കൂര്‍ അനുമതിയില്ലാതെ വ്യവസായം തുടങ്ങാന്‍ അനുവദിക്കുന്ന നിയമം ദുരുപയോഗം ചെയ്യപ്പെടുന്നത് ഒഴിവാക്കാനും നിക്ഷേപകര്‍ക്ക് ധനനഷ്ടം സംഭവിക്കാതിരിക്കാനും ഇതു സഹായിക്കും.
കേരളത്തെ ഒരു സമ്പൂര്‍ണ നിക്ഷേപക സൗഹൃദ സംസ്ഥാനമാക്കാന്‍ ലക്ഷ്യമിട്ടു പുരോഗമനപരമായ ഒട്ടേറെ നടപടികളാണു സംസ്ഥാന ഗവണ്‍മെന്റ് സ്വീകരിച്ചത്. നിക്ഷേപം തുടങ്ങാന്‍ ഒരു കാലതാമസവും ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെയാണ് മുന്‍കൂര്‍ അനുമതിയില്ലാതെ സംരംഭം തുടങ്ങാന്‍ അനുവദിക്കുന്ന 'കേരള സൂക്ഷ്മ ഇടത്തര ചെറുകിട സംരംഭങ്ങള്‍ സുഗമമാക്കല്‍ ആക്റ്റ് 2019'- കൊണ്ടുവന്നത്. ചുവപ്പുനാടയും അഴിമതിയും പുര്‍ണമായും ഇല്ലാതാക്കാന്‍ വ്യവസായ ലൈസന്‍സുകളും മറ്റ് അനുമതികളും ഓണ്‍ലൈനായി ലഭ്യമാക്കാന്‍ കെസ്വിഫ്റ്റ് എന്ന ഏകജാലക സംവിധാനവും ഏര്‍പ്പെടുത്തി. എട്ടു മാസം മുന്‍പ് നിലവില്‍വന്ന നിയമപ്രകാരം രണ്ടായിരത്തിലധികം പേര്‍ വിവിധ സംരംഭങ്ങള്‍ തുടങ്ങി.
മുന്‍കൂര്‍ അനുമതിയില്ലാതെ നിക്ഷേപം നടത്താം എന്നതിന്റെ അര്‍ത്ഥം ഒരു നിയമവും പാലിക്കേണ്ട എന്നല്ല. രാജ്യത്ത് നിലവിലുള്ള എല്ലാ നിയമവും പാലിച്ചു മാത്രമേ നിക്ഷേപം തുടങ്ങാന്‍ പാടുള്ളൂ. മുന്‍കൂര്‍ അനുമതി വേണ്ടെന്ന നിയമത്തില്‍ തന്നെ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ഈ നിയമപ്രകാരം, തുടങ്ങാന്‍ പോകുന്ന സംരംഭത്തെക്കുറിച്ചു വ്യക്തമാക്കി ഒരു സത്യവാങ്മൂലം നല്‍കിയാല്‍ അനുമതി കെസ്വിഫ്റ്റ് വഴി ഓണ്‍ലൈനായി ലഭ്യമാകും. നിയമങ്ങള്‍ പാലിക്കാതെ സംരംഭം തുടങ്ങിയാല്‍ അത് സംരംഭകന് ദോഷമാകും. ഉദാഹരണത്തിന്, തണ്ണീര്‍ത്തട സംരക്ഷണ നിയമം മറികടക്കാന്‍ കഴിയില്ലെന്ന് പുതിയ നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര നിയമങ്ങള്‍ക്കും വിധേയമായതിനാല്‍ തീരദേശം, പരിസ്ഥിതി ലോല പ്രദേശങ്ങള്‍ എന്നിവയെ നിയമം തൊടുന്നില്ല. നിയമങ്ങള്‍ പാലിക്കുക എന്നത് പണം മുടക്കുന്ന സംരംഭകന്റെ ഉത്തരവാദിത്തമാണ്. അത്തരം കാര്യങ്ങളില്‍ ഒരു ധാര്‍മികത പാലിക്കാന്‍ നിക്ഷേപകന്‍ തയാറാകണം.
തൈക്കൂടത്തെ സംരംഭകന്‍ സത്യവാങ്മൂലത്തില്‍ സൂചിപ്പിച്ചതില്‍നിന്ന് വ്യത്യസ്തമായ കാര്യങ്ങളില്‍ ഏര്‍പ്പെട്ടുവെന്നാണ് അന്വേഷണത്തില്‍ മനസ്സിലാകുന്നത്. മീറ്റ് കീമ (മാംസം അരച്ച് പപ്പ്സ് അടക്കമുള്ള പലഹാരങ്ങളില്‍ ഉപയോഗിക്കാന്‍ തയ്യാറാക്കല്‍) ആണ് ഉല്‍പ്പന്നമെന്നാണ് അനുമതിക്കായി നല്‍കിയ സത്യവാങ്മൂലത്തില്‍ കാണിച്ചത്. എന്നാല്‍, പന്നി, പോത്ത്, കാള, ആട്, കോഴി എന്നിവയുടെ അറവും വില്‍പ്പനയുമാണ് ഇവിടെ നടത്തിയത്. അതോടെ തന്നെ നിയമം അനുസരിച്ച് കെസ്വിഫ്റ്റ് പ്രകാരം ലഭിച്ച അനുമതി അസാധുവായി. റോഡരികിലെ ചെറിയ കെട്ടിടത്തില്‍ മാലിന്യസംസ്‌കരണത്തിനു സംവിധാനമില്ല. മാലിന്യം പൊതു ഓടയിലേക്ക് ഒഴുക്കുകയായിരുന്നു. നിക്ഷേപകരെ പിന്തുണയ്ക്കാന്‍ കൊണ്ടുവന്ന നിയമം ദുരുപയോഗം ചെയ്യുന്ന പ്രവണത അനുവദിക്കാനാകില്ല. ഇത്തരത്തില്‍ വഞ്ചന കാണിക്കുന്നവര്‍ മാന്യമായി സംരംഭം നടത്തുന്നവര്‍ക്കു പോലും ചീത്തപ്പേരുണ്ടാക്കും.
വ്യവസായ, ബിസിനസ് സമൂഹത്തെ പൂര്‍ണമായും വിശ്വാസത്തിലെടുത്താണ് ഗവണ്‍മെന്റ് മുന്നോട്ടുപോകുന്നത്. അവരുടെ ഏതു പ്രശ്നങ്ങള്‍ പരിഹരിക്കാനും ക്രിയാത്മകമായ ഇടപെടലിന് ഗവണ്‍മെന്റ് സദാ സന്നദ്ധമാണ്. നല്ല മനസോടെ നാടിന്റെ വികസനത്തില്‍ പങ്കാളികളാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കേരളത്തിലെ നിക്ഷേപരംഗം സമാനതകളില്ലാത്ത അവസരങ്ങളാണ് മുന്നോട്ടുവെക്കുന്നത്. പ്രതിബദ്ധതയോടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളെയും പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്ന എല്‍ഡിഎഫിന്റെ സുവ്യക്തമായ നയം പുതിയ നിയമത്തില്‍ പ്രതിഫലിക്കുന്നുണ്ട്. ആ നിയമം നല്‍കുന്ന സാധ്യതകള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ നിക്ഷേപകര്‍ തയാറാകണം.'
https://www.facebook.com/Malayalivartha

























