ഏഴു വര്‍ഷം മുന്‍പ് കാണാതായ ദമ്പതികളെ ആലപ്പുഴയില്‍ കണ്ടെത്തി, ദമ്പതികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ആഭ്യന്തര വകുപ്പു സര്‍ക്കുലര്‍ ഇറക്കിയിരുന്നു

കോട്ടയം പള്ളിക്കത്തോട് നിന്നും ഏഴു വര്‍ഷം മുന്‍പ് കാണാതായ ദമ്പതികളെ ആലപ്പുഴയില്‍ പൊലീസ് കണ്ടെത്തി. കാഞ്ഞിരമറ്റം തോക്കാട് വടക്കേപ്പറമ്പില്‍ ടോം തോമസ് (36), ഭാര്യ റീജ തോമസ് (32) എന്നിവരെ ഹോം സ്റ്റേ നടത്തിപ്പ് സ്ഥാപനത്തിലാണ് കണ്ടെത്തിയത്. സാമ്പത്തിക ബാധ്യത മൂലമാണ് ഇവര്‍ നാടു വിട്ടതെന്നു പൊലീസ് പറഞ്ഞു.
സംസ്ഥാന ആഭ്യന്തര വകുപ്പ് ദമ്പതികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഇതിന്റെ ഭാഗമായി ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്. പള്ളിക്കത്തോട് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ടി. ആര്‍. ജിജുവിന്റെ നേതൃത്വത്തില്‍ സമൂഹ മാധ്യമങ്ങള്‍ വഴിയും ലുക്ക്ഔട്ട് നോട്ടിസ് പ്രചരിപ്പിച്ചു. ഇതു കണ്ട ഒരാള്‍ ആലപ്പുഴയില്‍ ഇവര്‍ ഉണ്ടെന്നു പൊലീസിനു വിവരം നല്‍കി.
കാണാതായ സംഭവത്തില്‍ കേസ് ഉള്ളതിനാല്‍ ഇരുവരെയും അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കി. പള്ളിക്കത്തോട് ബൈപാസ് റോഡില്‍ ഹോട്ടല്‍ നടത്തിയിരുന്ന ഇവര്‍ക്കു പണമിടപാടു സ്ഥാപനങ്ങളില്‍ വായ്പാബാധ്യത ഉണ്ടായിരുന്നു. തിരിച്ചടയ്ക്കാന്‍ ബുദ്ധിമുട്ടായതോടെ നാടുവിട്ടു. ചാലക്കുടിയിലെ ധ്യാന കേന്ദ്രത്തില്‍ 15 ദിവസം കഴിഞ്ഞു.
നേരത്തേ, ഹോം സ്റ്റേയില്‍ ജോലി ചെയ്ത പരിചയത്തില്‍ ഇവര്‍ ആലപ്പുഴയില്‍ പരിചയക്കാരന്റെ സ്ഥാപനം നടത്തിപ്പിനായി ഏറ്റെടുത്തു. ആലപ്പുഴ സ്വകാര്യ ബസ് സ്റ്റാന്‍ഡിനു സമീപമുള്ള ഹോട്ടലാണിത്. 25 മുറികളും ചെറിയ ഹട്ടുകളും ഉള്ള സ്ഥാപനം വാടകയ്ക്ക് എടുത്തു നടത്തുകയായിരുന്നു. ചെറിയ ഹോട്ടലും നടത്തി.
https://www.facebook.com/Malayalivartha

























