കാളികാവ് ഫോറസ്റ്റ് റേഞ്ചില്‍ പെടുന്ന വീട്ടില്‍ രഹസ്യമുറികളില്‍ സൂക്ഷിച്ച 825 കിലോഗ്രാം ചന്ദനം പിടിച്ചു

മലപ്പുറം കാളികാവ് ഫോറസ്റ്റ് റേഞ്ചില്‍ 825 കിലോഗ്രാം ചന്ദനവുമായി 2 പേര്‍ വനം വകുപ്പിന്റെ പിടിയിലായി.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ശനി വൈകിട്ട് പെരിന്തല്‍മണ്ണ അമ്മിനിക്കാട് അത്തിക്കല്‍ സ്വദേശികളായ ചോലമുഖത്ത് അബു(57), ആലിക്കപറ്റ ഹംസ (71) എന്നിവരുടെ വീടുകള്‍ പരിശോധിച്ചപ്പോഴാണ് അതീവ രഹസ്യമായി നിര്‍മിച്ച മുറികളില്‍ സൂക്ഷിച്ചിരുന്ന ചന്ദനം കണ്ടെത്തിയത്. കാളികാവിലെ വനം വകുപ്പ് ഓഫിസില്‍ എത്തിച്ച ഇവരെ ഇന്നലെ വൈകിട്ട് മഞ്ചേരി വനം കോടതിയില്‍ ഹാജരാക്കി.
ചീളുകളാക്കി ചാക്കില്‍ സൂക്ഷിച്ച നിലയില്‍ അബുവിന്റെ വീട്ടില്‍ നിന്ന് 24 ചാക്കും ഹംസയുടെ വീട്ടില്‍ നിന്ന് 6 ചാക്കും ചന്ദനം പിടിച്ചെടുത്തു. മണ്ണാര്‍ക്കാട് ഭാഗത്ത് നിന്നു പലരില്‍ നിന്നായി ശേഖരിച്ചതാണ് ചന്ദനമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആദിവാസികളില്‍ നിന്ന് ഔഷധ സസ്യങ്ങള്‍ ശേഖരിച്ച് വില്‍പന നടത്തുന്നവരാണ് പിടിയിലായ പ്രതികള്‍.
ഡപ്യൂട്ടി റേഞ്ചര്‍ ചെങ്ങല്‍ വീട്ടില്‍ ശശികുമാര്‍, ഫോറസ്റ്റ് സെക്ഷന്‍ ഓഫിസര്‍മാരായ ഇ.യു.സുരേഷ് കുമാര്‍, ലാല്‍ വി.നാഥ്, സി. വിജയന്‍, ബീറ്റ് ഓഫിസര്‍മാരായ കെ.സതീഷ് കുമാര്‍, അമൃത ലക്ഷ്മി തുടങ്ങിയവര്‍ അടങ്ങിയ സംഘമാണ് പ്രതികളെ പിടിച്ചത്.
https://www.facebook.com/Malayalivartha


























