ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍ പദ്ധതിയിലെ അവസാന പാലവും ഉടന്‍ തുറക്കും

ദുബായ് നഗരത്തിലെ ഏറ്റവും തിരക്കേറിയ വേള്‍ഡ് ട്രേഡ് സെന്റര്‍ റൗണ്ട് എബൗട്ട് വികസന പദ്ധതിയുടെ അവസാന പാലം ഒക്ടോബര്‍ 30ന് ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. അല്‍ മജ്ലിസ് സ്ട്രീറ്റില്‍ നിന്ന് സെക്കന്‍ഡ് ഡിസംബര്‍ സ്ട്രീറ്റിലേക്ക് ബന്ധിപ്പിക്കുന്ന 1,000 മീറ്റര്‍ നീളമുള്ള ഈ പുതിയ പാലത്തിന് മണിക്കൂറില്‍ 3,000 വാഹനങ്ങളെ വരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുണ്ട്. പുതിയ പാലം പ്രവര്‍ത്തനസജ്ജമാകുന്നതോടെ ഈ രണ്ടു പ്രധാന റോഡുകള്‍ക്കിടയിലെ യാത്രാസമയം ആറു മിനിറ്റില്‍ നിന്ന് വെറും ഒരു മിനിറ്റായി ചുരുങ്ങും.
പദ്ധതി പൂര്‍ണ്ണതോതില്‍ പൂര്‍ത്തിയാകുന്നതോടെ മേഖലയിലെ വാഹനത്തിരക്കിന് ശാശ്വത പരിഹാരമാകുമെന്ന് ആര്‍ടിഎ ചൂണ്ടിക്കാട്ടി. ജംങ്ഷനിലെ നിലവിലെ ശരാശരി കാത്തിരിപ്പുസമയം 12 മിനിറ്റില്‍ നിന്ന് വെറും 90 സെക്കന്‍ഡായി കുറയും. 69.6 കോടിയിലധികം ദിര്‍ഹം ചെലവിട്ടു നടപ്പാക്കുന്ന പദ്ധതിയില്‍ ആകെ 5,000 മീറ്റര്‍ നീളമുള്ള അഞ്ച് മേല്‍പ്പാലങ്ങളാണ് നിര്‍മ്മിച്ചിരിക്കുന്നത്. വേള്‍ഡ് ട്രേഡ് സെന്റര്‍, ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍, സബീല്‍, അല്‍ സത്വ, അല്‍ കരാമ തുടങ്ങി ദുബായിലെ പ്രധാനപ്പെട്ട ബിസിനസ്റെസിഡന്ഷ്യല് മേഖലകളിലെ അഞ്ച് ലക്ഷത്തിലധികം വരുന്ന താമസക്കാര്‍ക്കും ദിവസേനയുള്ള യാത്രക്കാര്‍ക്കും പദ്ധതി വലിയ ആശ്വാസമേകും.
https://www.facebook.com/Malayalivartha


























