യുഎസിലെ പ്രധാന രാഷ്ട്രീയ കക്ഷികളിലൊന്നിന്റെ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി മത്സരിച്ച വെളുത്ത വംശജയല്ലാത്ത ആദ്യ വനിത, ഇന്ത്യന്‍ വേരുകളുള്ള കമല ഇനി യുഎസിന്റെ വൈസ് പ്രസിഡന്റ്..

യുഎസ് രാഷ്ട്രീയ ചരിത്രത്തില്‍ പുതുചരിത്രം രചിച്ച് കമല ഹാരിസ് . യുഎസിലെ പ്രധാന രാഷ്ട്രീയ കക്ഷികളിലൊന്നിന്റെ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി മത്സരിച്ച വെളുത്ത വംശജയല്ലാത്ത ആദ്യ വനിത, ഇന്ത്യന്‍ വേരുകളുള്ള കമല ഇനി യുഎസിന്റെ വൈസ് പ്രസിഡന്റ്. ഈ സ്ഥാനത്തേക്കു മത്സരിച്ച മൂന്നാമത്തെ വനിതയാണ് കമല.
ഇതുവരെ ഒരു വനിതയും യുഎസ് പ്രസിഡന്റോ വൈസ് പ്രസിഡന്റോ ആയിട്ടില്ലെന്ന കുറവാണു തന്റെ വിജയത്തിലൂടെ കമല നികത്തുന്നത്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയും നിലവിലെ വൈസ് പ്രസിഡന്റുമായ മൈക്ക് പെന്‍സിനെയാണു കമല തോല്‍പ്പിച്ചത്. 'നമ്മള്‍ അതു നേടി' എന്ന് കമല ഹാരിസ് ബൈഡനോട് പറയുന്ന വിഡിയോയും തിരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ കമല ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. മിനിറ്റുകള്‍ക്കകം ദശലക്ഷക്കണക്കിനു പേരാണ് വിഡിയോ കണ്ടത്.
തമിഴ്‌നാട് സ്വദേശിനിയായ അമ്മയുടെയും ജമൈക്കന്‍ സ്വദേശിയായ അച്ഛന്റെയും മകളായ കമലയുടെ സ്ഥാനാര്‍ഥിത്വം ഡെമോക്രാറ്റുകള്‍ക്കു വലിയ ഉന്മേഷമാണു പകര്‍ന്നത്. യുഎസ് പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡോണള്‍ഡ് ട്രംപിനെതിരായ മത്സരത്തില്‍ ആഫ്രോ അമേരിക്കന്‍ വംശജരുടെയും ഇന്ത്യന്‍ വേരുകളുള്ള അമേരിക്കക്കാരുടെയും നിര്‍ണായക പങ്കു തിരിച്ചറിഞ്ഞായിരുന്നു കമലയുടെ സ്ഥാനാര്‍ഥിത്വം.
നിലവില്‍ കലിഫോര്‍ണിയയില്‍നിന്നുള്ള സെനറ്ററാണ്. പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാനുള്ള മത്സരത്തില്‍ തുടക്കത്തില്‍ കമലയുമുണ്ടായിരുന്നുവെങ്കിലും പിന്നീട് ജോ ബൈഡനു പിന്തുണ പ്രഖ്യാപിച്ചു പിന്മാറി. കമലയുടെ സ്ഥാനാര്‍ഥിത്വത്തോട് അധിക്ഷേപാര്‍ഹമായ നിലപാടായിരുന്നു ഡോണള്‍ഡ് ട്രംപിന്റേത്. അതെല്ലാം മറികടന്നാണു കമല വെന്നിക്കൊടി നാട്ടിയത്.
ഹോവഡ് സര്‍വകലാശാലയില്‍നിന്നും കലിഫോര്‍ണിയ സര്‍വകലാശാലയുടെ ഹേസ്റ്റിങ്‌സ് കോളജ് ഓഫ് ലോയില്‍നിന്നും പഠിച്ചിറങ്ങിയ കമല, കലിഫോര്‍ണിയയുടെ നിയമസംവിധാനത്തിലൂടെയാണ് ഉയര്‍ന്നുവന്നത്. 2010 ല്‍ സ്റ്റേറ്റ് അറ്റോര്‍ണി ജനറലായി നിയമിതയായി. 2016 ലെ തിരഞ്ഞെടുപ്പില്‍ യുഎസ് സെനറ്റിലെത്തിയ കമല ആ സ്ഥാനത്തെത്തുന്ന രണ്ടാമത്തെ ആഫ്രിക്കന്‍ അമേരിക്കന്‍ വംശജയാണ്, ആദ്യ ദക്ഷിണേഷ്യന്‍ അമേരിക്കന്‍ വംശജയും.
കലിഫോര്‍ണിയയിലെ ഓക്ലന്‍ഡില്‍ 1964 ഒക്ടോബര്‍ 20നാണ് കമല ദേവി ഹാരിസ് ജനിച്ചത്. അമ്മയുടെ പിന്തുണയോടെ പൗരാവകാശ പ്രവര്‍ത്തനങ്ങളിലൂടെണ് അവര്‍ ആദ്യമായി പൊതുപ്രവര്‍ത്തന മേഖലയില്‍ എത്തുന്നത്. കമലയ്ക്ക് ഏഴുവയസ്സ് ഉള്ളപ്പോഴാണ് അച്ഛനും അമ്മയും പിരിയുന്നത്. 12 ാം വയസ്സില്‍ കാനഡയിലെ ക്യുബെക്കിലെ മോണ്‍ട്രിയലിലേക്ക് അമ്മയ്ക്കും സഹോദരി മായയ്ക്കും ഒപ്പം കമല മാറി. അവിടെവച്ചാണ് കമലയുടെ ഉള്ളിലെ രാഷ്ട്രീയ മനസ്സ് വെളിപ്പെടുന്നത്. അയല്‍പക്കത്തുള്ള കുട്ടികള്‍ സ്വന്തം കെട്ടിടത്തിനു മുന്നിലുള്ള പുല്‍ത്തകിടിയില്‍ കളിക്കുന്നതു വിലക്കിയ കെട്ടിട ഉടമയ്‌ക്കെതിരെ കൗമാരക്കാരിയായ കമല പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
പിന്നീട് ഹോവഡ് സര്‍വകലാശാലയില്‍ പഠിക്കാനായി അവര്‍ യുഎസില്‍ തിരിച്ചെത്തി. ലിബറല്‍ ആര്‍ട്‌സ് സ്റ്റുഡന്റ്‌സ് കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അവര്‍ അവിടുത്തെ ഡിബേറ്റ് സംഘത്തിലും ചേര്‍ന്നു. സാമ്പത്തിക ശാസ്ത്രത്തിലും പൊളിറ്റിക്കല്‍ സയന്‍സിലും ബിഎ നേടിയതിനു പിന്നാലെ നിയമത്തില്‍ ബിരുദം എടുക്കുകയും ചെയ്തു.
1990 ല്‍ കലിഫോര്‍ണിയ സ്റ്റേറ്റ് ബാറില്‍ ചേര്‍ന്ന് തന്റെ കരിയറില്‍ കമല ശ്രദ്ധിച്ചുതുടങ്ങി. പിന്നാലെ അലമേഡ കൗണ്ടിയിലെ ഡപ്യൂട്ടി ഡിസ്ട്രിക്ട് അറ്റോര്‍ണിയായി. 1998ല്‍ സാന്‍ഫ്രാന്‍സിസ്‌കോ ഡിസ്ട്രിക്റ്റ് അറ്റോര്‍ണിയുടെ ഓഫിസിലെ കരിയര്‍ ക്രിമിനല്‍ യൂണിറ്റിന്റെ മാനേജിങ് അറ്റോര്‍ണിയായി അവര്‍ ചുമതലയേറ്റെടുത്തു. 2000 ല്‍ അതേ ഓഫിസിന്റെ കമ്യൂണിറ്റി ആന്‍ഡ് നെയ്ബര്‍ഹുഡ് ഡിവിഷന്റെ മേധാവിയായി. ഈ ചുമതല വഹിക്കുമ്പോഴാണ് കലിഫോര്‍ണിയയുടെ ആദ്യ ബ്യൂറോ ഓഫ് ചില്‍ഡ്രന്‍സ് ജസ്റ്റിസ് സ്ഥാപിച്ചത്.
നവംബര്‍ 2010 ല്‍ കലിഫോര്‍ണിയ അറ്റോര്‍ണി ജനറല്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു. ഈ സ്ഥാനത്തെത്തുന്ന ആദ്യ ആഫ്രിക്കന്‍ അമേരിക്കന്‍ വംശജയും ആദ്യ വനിതയുമായി അവര്‍.
2016 നവംബറിലാണ് കലിഫോര്‍ണിയയില്‍നിന്ന് കമല സെനറ്റിലെത്തിയത്. സെനറ്റിന്റെ ഹോംലാന്‍ഡ് സെക്യൂരിറ്റി ആന്‍ഡ് ഗവണ്‍മെന്റല്‍ അഫയര്‍ കമ്മിറ്റി, സിലക്ട് കമ്മിറ്റി ഓണ്‍ ഇന്റലിജന്‍സ്, കമ്മിറ്റി ഓണ്‍ ജുഡീഷ്യറി ആന്‍ഡ് കമ്മിറ്റി ഓണ്‍ ബജറ്റ് തുടങ്ങിയവയില്‍ പ്രവര്‍ത്തിച്ചു.
https://www.facebook.com/Malayalivartha























