ഒന്നൊന്നായി പുറത്ത്... ലൈഫ് പദ്ധതിയില്‍ വലിയ തുക കമ്മീഷന്‍ കിട്ടിയതോടെ അത് വീതിച്ചെടുക്കാനുള്ള അടിയായി; കമ്മീഷനില്‍ മൂന്നിലൊന്നും സ്വന്തമാക്കിയത് കോണ്‍സുല്‍ ജനറല്‍; ശേഷിച്ചത് ഉദ്യോഗസ്ഥര്‍ക്ക് പങ്കിട്ടു; സ്വപ്‌നയുടെ ലോക്കറില്‍ നിന്ന് കണ്ടെത്തിയ ഒരു കോടിയുടെ അന്വേഷണം പുരോഗമിക്കുമ്പോള്‍

സ്വപ്നയുടെ തന്ത്രങ്ങള്‍ക്ക് പിന്നില്‍ വന്‍ തുക കമ്മീഷന്‍ കിട്ടുമെന്നായപ്പോള്‍ അത് വീതിട്ടെടുക്കുന്നതിനെ ചൊല്ലിയും തര്‍ക്കം നടന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിലാണ് കാര്യങ്ങള്‍ പകല്‍ പോലെ വ്യക്തമായത്.
ലൈഫ് മിഷന്‍ കരാറിനു കമ്മീഷനെന്ന നിലയില്‍ യൂണിടാക് കമ്പനി നല്‍കിയതില്‍ മൂന്നിലൊന്നു സ്വന്തമാക്കിയതു യു.എ.ഇ. കോണ്‍സുല്‍ ജനറല്‍. ശേഷിച്ചതിലേറെയും എം. ശിവശങ്കര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കുള്ള കോഴപ്പണം. സ്വപ്‌ന, സരിത്ത്, സന്ദീപ് സംഘത്തിനു കിട്ടിയത് 55 ലക്ഷവും നയതന്ത്രവഴിയില്‍ സ്വര്‍ണക്കടത്തിനുള്ള സഹായവുമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നിഗമനം.
കോണ്‍സുല്‍ ജനറലും യൂണിടാക്കുമായുള്ള ഫഌറ്റ് നിര്‍മ്മാണക്കരാറിനു ലൈഫ് മിഷന്റെ അംഗീകാരവും വിവിധ വകുപ്പുകളുടെ അനുമതിയും നേടാനാണ് കമ്മീഷനെന്ന ഓമനപ്പേരില്‍ കോഴ നല്‍കിയത്. ഉന്നതര്‍ക്കു വീതിക്കാനുള്ള കോഴപ്പണം കൈപ്പറ്റിയശേഷം സ്വപ്‌നയും സരിത്തും സന്ദീപും സെക്രട്ടേറിയറ്റിലെത്തി ശിവശങ്കറിനെ കണ്ടു. യൂണിടാക്കിനു നിര്‍മാണാനുമതിയും വിവിധ വകുപ്പുകളുടെ പെര്‍മിറ്റും മറ്റും ലഭിക്കാന്‍ ശിവശങ്കര്‍ സഹായിച്ചെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടക്കുന്നു.
സ്വപ്‌നയുടെയും ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെയും പേരിലുള്ള ലോക്കറില്‍നിന്നു കണ്ടെത്തിയ ഒരു കോടി ശിവശങ്കറിന്റെ വിഹിതമാണെന്നു സാഹചര്യത്തെളിവുണ്ട്. ലോക്കറിലിരുന്ന 982 ഗ്രാം സ്വര്‍ണം കള്ളക്കടത്തിലൂടെ സ്വപ്‌ന സമ്പാദിച്ചതാകാം. റെഡ്‌ക്രെസന്റുമായുള്ള കരാറില്‍ ഒപ്പിടേണ്ടിയിരുന്നതു തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയായിരുന്നെങ്കിലും ലൈഫ് മിഷന്‍ സി.ഇ.ഒയെ ചുമതലപ്പെടുത്തിയതു ബോധപൂര്‍മാണെന്നും ഇ.ഡി. കരുതുന്നു.
യൂണിടാക്കിനു റെഡ്‌ക്രെസന്റ് അനുവദിച്ച ആദ്യ ഗഡു മുഴുവന്‍ കമ്മീഷനായി നല്‍കണമെന്ന ആവശ്യം സ്വപ്‌നയാണ് മുന്നോട്ടുവച്ചത്. കമ്മീഷനായി ലഭിച്ച 3.80 കോടി രൂപയില്‍ 2.5 കോടി രൂപ ഡോളറാക്കി കോണ്‍സുല്‍ ജനറലിനു നല്‍കിയെന്ന സ്വപ്‌നയുടെ മൊഴി കളവാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പലപ്പോഴായി 10,000 ഡോളര്‍ വരെയേ മാറിക്കൊടുത്തിട്ടുള്ളൂ എന്നാണു പലരില്‍നിന്നായി ലഭിച്ച മൊഴി. ഇതോടെയാണ് യൂണിടാക്ക് കമ്മീഷന്റെ നല്ലൊരു പങ്ക് കോഴപ്പണമായി ഉദ്യോഗസ്ഥര്‍ കൈക്കലാക്കിയെന്നും കോണ്‍സുല്‍ ജനറലിനെ ചാരി രക്ഷപ്പെടാനാണ് ശ്രമിക്കുന്നതെന്നും ഇ.ഡി. ഉറപ്പിക്കുന്നത്. പ്രതികളുടെയും സംശയനിഴലിലെ ഉദ്യോഗസ്ഥരുടെയും സ്വത്തുവിവരം പരിശോധിച്ച് കോഴപ്പണം പോയ വഴി കണ്ടെത്താനാണു ശ്രമം.
കസ്റ്റംസിനും എന്‍.ഐ.എയ്ക്കും കൊടുത്തതില്‍നിന്നു ഭിന്നമായ മൊഴിയാണ് ഇ.ഡിക്കു ശിവശങ്കര്‍ നല്‍കിയതെന്നാണു സൂചന. പല ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി നല്‍കാന്‍ ശിവശങ്കറിനു കഴിഞ്ഞില്ല. സാഹചര്യത്തെളിവുകളെ സാധൂകരിക്കുന്ന വസ്തുതകളുടെ അടിസ്ഥാനത്തില്‍ ശിവശങ്കറെ വീണ്ടും ചോദ്യംചെയ്യും.
അതേസമയം സ്വര്‍ണക്കടത്തിലെ ലാഭമൊഴുകിയത് എങ്ങോട്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്വപ്‌ന സുരേഷടക്കമുള്ള പ്രതികളുടെയും അവര്‍ക്കു സഹായം ചെയ്‌തെന്നു സംശയിക്കുന്ന എം. ശിവശങ്കര്‍ അടക്കമുള്ളവരുടെയും സ്ഥാവര സ്വത്തുവിവരം ആവശ്യപ്പെട്ട് ജില്ലാ രജിസ്ട്രാര്‍മാര്‍ക്ക് കത്തുനല്‍കി. അറസ്റ്റിലായ പ്രതികള്‍ക്കു പുറമേ, ദുബായില്‍ കഴിയുന്ന ഫൈസല്‍ ഫരീദിന്റെ സ്വത്തിനെപ്പറ്റിയും അന്വേഷണം.
കൈകാര്യം ചെയ്യാന്‍ എളുപ്പമായതിനാല്‍ പ്രതികളുടെ സമ്പാദ്യം കൂടുതലും സ്വര്‍ണമായാണ് കരുതിയത്. ഇവരില്‍ പലര്‍ക്കും റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളുണ്ട്. സ്വര്‍ണക്കടത്തിലെ ലാഭം ഇതില്‍ വിനിയോഗിച്ചിരിക്കാമെന്നാണ് ഇ.ഡിയുടെ നിഗമനം. റെഡ് ക്രസന്റ് ലൈഫ് മിഷന്‍ കരാറില്‍നിന്നു കമ്മിഷനായി ലഭിച്ച പണവും റിയല്‍ എസ്‌റ്റേറ്റ് ബിസിനസില്‍ മുടക്കിയിട്ടുണ്ടാകാം എന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്.
https://www.facebook.com/Malayalivartha


























