ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ചീഫ് എക്സിക്യൂട്ടിവ് ഓഫീസറായി മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാറിനെ നിയമിച്ചേക്കും

ശ്രീ പത്മനാഭഭക്തനെന്നറിയപ്പെടുന്ന മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാറിനെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ചീഫ് എക്സിക്യൂട്ടിവ് ഓഫീസറായി നിയമിച്ചേക്കും. ജയകുമാറിനെ സി.ഇ.ഒയായി നിയമിക്കുന്ന കാര്യത്തില്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിനും താല്‍പ്പര്യമുണ്ടെന്നാണു സൂചന. ഇക്കാര്യം സര്‍ക്കാരിനെ അറിയിക്കും. പുതിയ നിയോഗത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്നു ജയകുമാര്‍ പ്രതികരിച്ചു.
ശബരിമല മാസ്റ്റര്‍ പ്ലാന്‍ ചെയര്‍മാന്‍, ശബരിമല സ്പെഷല്‍ ഓഫിസര്‍ ചുമതലകളും വഹിച്ചിട്ടുള്ള അദ്ദേഹത്തിന് ക്ഷേത്രഭരണത്തില്‍ വലിയ അനുഭവസമ്പത്തുണ്ട്. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ശതകോടി വിലമതിക്കുന്ന സ്വത്തു പരിശോധനാ സമിതിയുടെ മേല്‍നോട്ടം വഹിച്ചിരുന്നു.
പത്മനാഭസ്വാമി ക്ഷേത്രഭരണത്തില്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിന് അവകാശമുണ്ടെന്നു സുപ്രീംകോടതി വിധിച്ചിരുന്നു. സ്ഥിരം സംവിധാനമുണ്ടാകുന്നതുവരെ ജില്ലാ ജഡ്ജി അധ്യക്ഷനായ താല്‍ക്കാലിക സമിതിയാണു ഭരണച്ചുമല വഹിക്കുന്നത്. സ്ഥിരം സംവിധാനമുണ്ടാക്കാന്‍ രാജകുടുംബത്തെ സഹായിക്കുക എന്ന കര്‍ത്തവ്യമായിരിക്കും പുതിയ സി.ഇ.ഒ. ഏറ്റെടുക്കേണ്ടിവരിക. നിലവിലെ എക്സിക്യൂട്ടിവ് ഓഫീസര്‍ തസ്തിക റദ്ദാക്കും.
ക്ഷേത്ര ഭരണം കാലങ്ങളായി തങ്ങളുടെ കീഴിലാണെന്നും പത്മനാഭദാസനെന്ന നിലയില്‍ ക്ഷേത്രഭരണം തുടരാന്‍ തങ്ങളെ അനുവദിക്കണമെന്നും രാജകുടുംബം കോടതിയില്‍ ഉന്നയിച്ച വാദമാണ് അംഗീകരിക്കപ്പെട്ടത്. അതുകൊണ്ടുതന്നെ പത്മനാഭദാസന്മാരായ രാജകുടുംബത്തിന്റെ പ്രതിനിധി എന്ന നിലയിലായിരിക്കും ജയകുമാര്‍ ക്ഷേത്രഭരണമേല്‍ക്കുക.
ജയകുമാര്‍ കേരള സര്‍വകലാശാലയില്‍ അധ്യാപകനായാണ് ഔദ്യോഗികജീവിതം ആരംഭിച്ചത്. 1978-ല്‍ ഐ.എ.എസിലെത്തി. ചീഫ് സെകട്ടറിയായാണു വിരമിച്ചത്. കേരള ചലച്ചിത്ര വികസന കോര്‍പറേഷന്‍ അടക്കമുള്ള സ്ഥാപനങ്ങളുടെ മേധാവിയായും എം.ജി. സര്‍വകലാശാലാ വി.സിയുമായിരുന്നു. വിരമിച്ചശേഷം തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായും ഐ.എം.ജി. ഡയറക്ടറായും പ്രവര്‍ത്തിച്ചു. മലയാളികള്‍ എന്നുമോര്‍ക്കുന്ന ഒരുപിടി ഭക്തിഗാനങ്ങളും സിനിമാഗാനങ്ങളും കവിതകളും രചിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























