വിവാദം കെട്ടടങ്ങുന്നില്ല; തീപിടിത്തം അന്വേഷിക്കാനെത്തിയ സംഘത്തിലും സഖാക്കൾ..?

സ്വർണ്ണക്കടത്ത്, ലൈഫ് മിഷൻ വിവാദങ്ങളുടെ തുടർച്ചയായി സെക്രട്ടറിയേറ്റ് പ്രോട്ടോക്കോൾ വിഭാഗത്തിലെ തീപിടിത്തവും സർക്കാരിനേറ്റ വൻ തിരിച്ചടിയായിരുന്നു. വീണു കിട്ടിയ അവസരം രാഷ്ട്രീയ ആക്രമണത്തിന് പ്രതിപക്ഷം നന്നായി കൈകാര്യം ചെയ്തതോടെ അന്തരീക്ഷം കൂടുതൽ വഷളാകുകയുമുണ്ടായി. ഇപ്പോഴിതാ തീപിടിത്ത വിവാദത്തിൽ നിന്ന് തലയൂരാൻ ശ്രമിക്കുന്ന സർക്കാരിന്റെ അന്വേഷണ സംഘവും വിവാദത്തിൽപ്പെട്ടിരിക്കുകയാണ്.
പ്രോട്ടോക്കോള്‍ വിഭാഗത്തിലുണ്ടായ തീപിടിത്തം അന്വേഷിക്കുന്ന ചീഫ് സെക്രട്ടറി നിയോഗിച്ച സംഘത്തില്‍ കൗശികിനെ സഹായിക്കുന്നത് രണ്ട് സഖാക്കളാണെന്നാണ് ആക്ഷേപം. അന്വേഷണ സംഘത്തിലെ തന്നെ ഒരാളുടെ സീറ്റിലാണ് തീപിടിത്തമുണ്ടായത്. അതിനെക്കുറിച്ച് അന്വേഷിക്കാന്‍ ആ അദ്ദേഹവും ഉണ്ട് എന്നതാണ് അന്വേഷണ സംഘത്തിന്റെ പ്രത്യേകത.
ദുരന്തനിവാരണ അതോറിറ്റി കമ്മീഷണര്‍ ഡോ. എ കൗഷികന്‍, അണ്ടര്‍ സെക്രട്ടറി എ.പി. രാജീവന്‍, സെക്ഷന്‍ ഓഫീസര്‍ സുദര്‍ശനന്‍, അസിസ്റ്റന്റ് ഹരി പി. നായര്‍, അസിസ്റ്റന്റ് പ്രമോദ് എന്നവരാണ് ഒരു സംഘത്തിലെ അംഗങ്ങള്‍. ഇതില്‍ എ.പി. രാജീവന്‍ കോടിയേരി ബാലകൃഷ്ണന്റെ മുന്‍ സ്റ്റാഫാണ്. ഇദ്ദേഹമാണ് സെക്രട്ടേറിയറ്റില്‍ മാധ്യമപ്രവര്‍ത്തകരെ തടയുകയും കയറിയാല്‍ കാല് തല്ലിയൊടിക്കുമെന്നും ഭീഷണിപ്പെടുത്തിയത്. ഹരി പി. നായരുടെ സീറ്റിലാണ് അഗ്നി ബാധയുണ്ടായത്.
ഇങ്ങനെ അറിയപ്പെടുന്ന ഇടതുപക്ഷ സര്‍വ്വീസ് സംഘടനാ പ്രവര്‍ത്തകര്‍ തന്നെ തെളിവുനശിപ്പിക്കല്‍ ആരോപണം നിലനില്‍ക്കുന്ന തീപിടിത്തം അന്വേഷിക്കുന്നത്. അട്ടിമറിക്ക് നേതൃത്വം കൊടുത്തവര്‍ തന്നെ അന്വേഷണ സംഘത്തെ സഹായിക്കുന്നു എന്നതാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. തീപിടിത്തം അന്വേഷിക്കാനായി രണ്ട് സംഘത്തെയാണ് സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ളത്. എ.ഡി.ജി.പി മനോജ് എബ്രാഹമിന്റെ നേതൃത്വത്തില്‍ പൊലീസിന്റെ പ്രത്യേക സംഘമാണ് മറ്റൊന്ന്.
ഡിപ്ലോമാറ്റിക് ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തില്‍ സര്‍ക്കാരിനെതിരേയും ആരോപണം ഉയരുമ്പോഴാണ് ഇതുമായി ബന്ധപ്പെട്ട ഫയലുകള്‍ സൂക്ഷിച്ചിരുന്ന പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ തന്നെ തീപിടിത്തമുണ്ടാകുന്നത്. ഇതിനെതിരെ അന്വേഷണത്തിനായി സംസ്ഥാന വ്യാപകമായി ആവശ്യം ഉയര്‍ന്നതോടെയാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്.
അതേസമയം ചീഫ് സെക്രട്ടറി നിയോഗിച്ച വിദഗ്ധ ഉദ്യോഗസ്ഥ സംഘം, തീപിടിത്തത്തിനു കാരണം ഫാനിന്റെ തകരാര്‍ ആണെന്ന് കണ്ടെത്തിയിരുന്നു. സര്‍ക്കാര്‍ ഇക്കാര്യം ഔദ്യോഗികമായി പുറത്തറിയിക്കുകയും ചെയ്തു. ഇതിനു പിന്നാലെ വിദഗ്ധ ഉദ്യോഗസ്ഥ സംഘത്തിന്റെതിന് സമാനമായ കണ്ടെത്തലിലേക്ക് പോലീസും നീങ്ങുകയായിരുന്നു. ഇതോടെ തീപിടിത്തത്തിന് പിന്നില്‍ അട്ടിമറി ഇല്ലെന്ന പ്രാഥമിക നിഗമനത്തിലേക്കാണ് പോലീസ് അന്വേഷണം തിരിഞ്ഞത്. തീപിടിത്തമുണ്ടായ മുറി അടഞ്ഞുകിടക്കുകയായിരുന്നുവെന്നും. അസ്വഭാവികമായി ഒന്നും തന്നെ ഇതില്‍ ഇല്ലെന്നുമാണ് പ്രാഥമിക അന്വേഷണത്തില്‍ അവർ വ്യക്തമാക്കിയത്.
എന്നാല്‍ കത്തി നശിച്ചതായി പറയുന്ന ഫയലുകള്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ ഒന്നും സര്‍ക്കാര്‍ ഇതുവരെ പുറത്തുവിടാന്‍ തയ്യാറായിട്ടില്ല. യുഎഇ കോണ്‍സുലേറ്റ് ഡിപ്ലോമാറ്റിക് ബാഗേജ് ഇടപാടുകള്‍ സംബന്ധിച്ച് രേഖകള്‍ ഇഫയല്‍ ആണെന്ന് നേരത്തെ അറിയിച്ചെങ്കിലും അത് പേപ്പര്‍ രേഖകള്‍ തന്നെ ആയിരുന്നെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ വ്യക്തമാക്കുന്നത്.
ചൊവ്വാഴ്ച വൈകുന്നേരം അഞ്ചോടെ സെക്രട്ടേറിയറ്റിലെ പൊതുഭരണവകുപ്പ് സ്ഥിതി ചെയ്യുന്ന നോര്‍ത്ത് സാന്‍ഡ്‌വിച്ച് ബ്ലോക്കിലാണ് തീപിടിത്തമുണ്ടായത്. ഈ ബ്ലോക്കിലെ പ്രോട്ടോകോള്‍ ഓഫിസിലും ജലസേചന മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ ഓഫിസിന് സമീപം വരെയും തീപടര്‍ന്നു. ഫയലുകളും ഒരു കമ്പ്യൂട്ടറും കത്തി നശിച്ചു.
https://www.facebook.com/Malayalivartha






















