സ്ത്രീകളെന്ന വ്യാജേന ഫേസ്ബുക്കില്‍ സൗഹൃദം സ്ഥാപിക്കും; സൗഹൃദ സംഭാഷണം അശ്ലീല സംഭാഷണങ്ങളിലേയ്ക്ക് എത്തിക്കും; ഒടുവിൽ നഗ്ന ശരീരം കാണിച്ച് വിശ്വാസം നേടിയെടുക്കും; ഉത്തരേന്ത്യന്‍ ലോബിയുടെ 'ഹണിട്രാപ്പ്' ഇങ്ങനെ......

സംസ്ഥാനത്ത് ഫേസ്ബുക്ക് വഴിയുള്ള ഹണിട്രാപ്പ് തട്ടിപ്പ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി ഹൈടെക്ക് ക്രൈം എന്‍ക്വയറി സെല്‍. ഹണിട്രാപ്പില്‍പ്പെടുത്തി പണം തട്ടുന്ന ഉത്തരേന്ത്യന്‍ ലോബി സജീവമാകുന്നതായാണ് അധികൃതർ മുന്നറിയിപ്പ് നൽകുന്നത്.
സ്ത്രീകളെന്ന വ്യാജേന ഫേസ്ബുക്കില്‍ സൗഹൃദം സ്ഥാപിച്ച ശേഷം വീഡിയോ കോളിലൂടെ നഗ്‌നചിത്രങ്ങള്‍ പകര്‍ത്തിയാണ് ഹൈടെക് സംഘം ഇരകളില്‍ നിന്ന് പണം തട്ടുന്നത്. ഇതിനകം നൂറിലധികം പേര്‍ കബളിപ്പിക്കപ്പെട്ടെന്ന് കണ്ടെത്തിയതോടെ സൈബര്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
വീഡിയോ കോളിലൂടെ നഗ്നചിത്രങ്ങൾ പകർത്തിയ ശേഷം ഭീഷണിപ്പെടുത്തിയാണ് സംഘം പണം തട്ടുന്നത്. ഹണി ട്രാപ്പിന് പിന്നിൽ സ്ത്രീകൾ ഉൾപ്പെടെ വലിയ സംഘങ്ങളുണ്ടെന്ന് ഡി.ഐ.ജി സഞ്ജയ് കുമാർ ഗുരുഡിൻ പറഞ്ഞു.
ഉത്തരേന്ത്യന്‍ ലോബിയുടെ തട്ടിപ്പ് ഇങ്ങനെ...
ഫേസ്ബുക്കില്‍ പെൺകുട്ടികളുടെ പേരും ആകര്‍ഷണീയമായ ചിത്രങ്ങളുള്ളതും, അപരിചിതവുമായ പ്രൊഫലുകളില്‍ നിന്നും നിങ്ങള്‍ക്ക് ഫ്രണ്ട് റിക്വസ്റ്റുകള്‍ വന്നേക്കാം. നിങ്ങള്‍ അത്തരം ഫ്രണ്ട് റിക്വസ്റ്റുകള്‍ അക്‌സപ്റ്റ് ചെയ്യുന്നതോടെ അവര്‍ നിങ്ങളോട് മെസ്സെഞ്ചറിലൂടെ ചാറ്റ് ചെയ്യുകയും, നിങ്ങളുടെ വിശ്വാസ്യത നേടിയെടുക്കുകയും, നിങ്ങളുടെ വാട്‌സാപ്പ് നമ്പര്‍ കരസ്ഥമാക്കുകയും ചെയ്യുന്നു.
നിങ്ങളോട് വാട്‌സാപ്പിലുടെ ചാറ്റ് ചെയ്യുന്ന ഇവർ വീഡിയോ കോള്‍ ഉള്‍പ്പടെ നടത്തുകയും, അശ്ലീല മെസ്സേജുകള്‍ അയക്കുകയും ചെയ്യുന്നു. തുടർന്ന് അവര്‍ പലവിധ ആപ്ലിക്കേഷനുകളുടെ സഹായത്തോടെ അവരുടെ നഗ്‌ന വീഡിയോകള്‍ എന്ന് തോന്നിക്കുന്ന വീഡിയോകള്‍ നിങ്ങളുടെ മുന്നില്‍ പ്രദര്‍ശിപ്പിച്ച് നിങ്ങളെ പ്രലോഭിപ്പിക്കുകയും, നിങ്ങളുടെ നഗ്‌നത പ്രദര്‍ശിപ്പിക്കുവാന്‍ നിങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
നിങ്ങള്‍ വീഡിയോ കോളിലൂടെ നഗ്‌നത പ്രദര്‍ശിപ്പിക്കുന്നത് അവര്‍ റിക്കോര്‍ഡ് ചെയ്യുകയും, അതിനു ശേഷം അത് നിങ്ങളുടെ ബന്ധുക്കള്‍ക്കും, കുടുബക്കാര്‍ക്കും, സുഹൃത്തുകള്‍ക്കും അയച്ച് നല്‍കുമെന്ന് ഭീഷണിപ്പെടുത്തി നിങ്ങളില്‍ നിന്നും പണം തട്ടുന്നു. ( ഗൂഗിള്‍ പേ പോലുള്ള ആപ്ലിക്കേഷനുകളിലൂടെ പണം നല്‍കാന്‍ ആവശ്യപ്പെടുന്നു ). നിങ്ങള്‍ പണം നല്‍കാന്‍ കൂട്ടാക്കാത്ത പക്ഷം ഈ വീഡിയോകള്‍ യൂടൂബില്‍ അപ്ലോഡ് ചെയ്ത് നിങ്ങള്‍ക്ക് മാനഹാനിയുണ്ടാക്കുന്നതും, കുടുബ/സാമൂഹ്യ ബന്ധങ്ങള്‍ തകരുന്ന അവസ്ഥ വരെ സംജാതമാകുന്നു.
ഇത്തരത്തില്‍ നഗ്‌ന വീഡീയോ കോളിലേര്‍പ്പെട്ട നൂറോളം പേരാണ് സംസ്ഥാനത്ത് തട്ടിപ്പു സംഘത്തിന്റെ ഇരകളായത്. അപമാനം ഭയന്ന് പരാതി പറയുന്നവര്‍ കേസ് നല്‍കാന്‍ തയ്യാറാകുന്നില്ലെന്ന് പൊലീസ് പറയുന്നു. പണം നഷ്ടപ്പെട്ടവരില്‍ ഏറെയും ഉന്നത സാമ്പത്തിക പശ്ചാത്തലമുളളവരാണെന്നതാണ് മറ്റൊരു പ്രത്യേകത. തിരുവനന്തപുരം സ്വദേശിയായ യുവാവ് നല്‍കിയ പരാതിയിലാണ് ആദ്യ കേസ് സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തത്.
കേസില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ തട്ടിപ്പു നടത്തുന്ന ഉത്തരേന്ത്യന്‍ ലോബിയെ കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പുകാരെ അറസ്റ്റ് ചെയ്യാന്‍ വിവിധ സംസ്ഥാനങ്ങളിലെ പോലീസിന്റെ സഹായം കേരള പൊലീസ് തേടിയിട്ടുണ്ട്. അതേസമയം അപരിചിതമായ ഫേസ്ബുക്ക് പ്രൊഫൈലുകളില്‍ നിന്നെത്തുന്ന സന്ദേശങ്ങളോട് പ്രതികരിക്കാതിരിക്കുന്നതാണ് ഉചിതമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.
അപരിചിതമായ ഫേസ്ബുക്ക് പ്രൊഫൈലുകളില്‍ നിന്നും, നമ്പറുകളില്‍ നിന്നും നിങ്ങള്‍ക്ക് ലഭിക്കുന്ന ഓരോ റിക്വസ്റ്റും അക്‌സപ്റ്റ് ചെയ്ത് സ്വയം ഹണിട്രാപ്പുകളില്‍ പെടാതിരിക്കുവാന്‍ ശ്രദ്ധിക്കുക. സോഷ്യല്‍ മീഡിയയില്‍ നിങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ പിന്‍തുടര്‍ന്ന് കുറ്റവാളികള്‍ നിങ്ങളെ വലയില്‍ വീഴ്ത്തിയേക്കാം. ആയതിനാല്‍ സോഷ്യല്‍ മീഡിയയില്‍ നിങ്ങളുടെ വ്യക്തി വിവരങ്ങള്‍ ഒന്നും തന്നെ പരസ്യമാകാതിരിക്കാന്‍ ശ്രദ്ധിക്കണം. അപരിചിതരുമായുള്ള വഴിവിട്ട ബന്ധം ചിലപ്പോള്‍ നിങ്ങളെ ചതിക്കുഴികളില്‍പ്പെടുത്തിയേക്കാം. ഇത്തരത്തില്‍ ചതിയില്‍ വീഴാതിരിക്കാന്‍ സ്വയം മുന്‍കരുതലെടുക്കാം. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട. ചിന്തിക്കേണ്ടത് നിങ്ങളാണ്...!
https://www.facebook.com/Malayalivartha






















