'സർവ്വവും മായം' ; ഓണക്കിറ്റിലെ ശര്‍ക്കരയ്ക്ക് പുറമെ പപ്പടത്തിനും ഗുണനിലവാരമില്ലെന്ന് വ്യാപക പരാതി; കരാറുകാരില്‍ നിന്ന് പിഴ ഈടാക്കണമെന്നും വിജിലന്‍സ്

ഓണത്തോട് അനുബന്ധിച്ച് സംസ്ഥാനത്തെ 88 ലക്ഷം റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് നൽകി വരുന്ന 11 ഇനം പലവ്യഞ്ജനങ്ങളടങ്ങിയ കിറ്റിലെ, ശര്‍ക്കരയ്ക്ക് പുറമെ പപ്പടത്തിനും ഗുണനിലവാരമില്ലെന്ന് വ്യാപക പരാതികൾ ഉയരുന്നു.
അധികൃതർ നിര്‍ദ്ദേശിച്ച ഗുണനിലവാരമോ തൂക്കമോ ഇല്ലാത്ത പപ്പടമാണ് എത്തിച്ചതെന്നും കരാറുകാരില്‍ നിന്ന് പിഴ ഈടാക്കണമെന്നും വിജിലന്‍സ് വിഭാഗം സപ്ലൈകോയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതേ കരാറുകാരന്‍ നല്‍കിയ കടലയും ഗുണനിലവാരമില്ലെന്ന് കണ്ടെത്തി തിരിച്ചയച്ചിരുന്നു.
അതേസമയം മലയാളികളായ പതിനായിരക്കണക്കിന് പപ്പട നിര്‍മാണ തൊഴിലാളികളേയും തൊഴിലാളി യൂണിറ്റുകളേയും നിഷ്‌കരുണം ഒഴിവാക്കി കിറ്റിലേക്കുള്ള പപ്പടം വാങ്ങിയതിൽ ലക്ഷങ്ങളുടെ കമ്മിഷന്‍ ഇടപാട് നടന്നിട്ടുണ്ടെന്ന് സംസ്ഥാനത്തെ പപ്പട നിര്‍മാണ തൊഴിലാളികള്‍ ആരോപിച്ചിരുന്നു.
20 രൂപ പരമാവധി വില രേഖപ്പെടുത്തിയ 60 ഗ്രാം പപ്പടമാണ് ഓണക്കിറ്റിലുള്ളത്. ശ്രീ ശാസ്താ കേരള പപ്പടമെന്ന ലേബലുള്ള പപ്പടം തമിഴ്നാട് മധുരയിലെ ചിന്താമണിയിലുണ്ടാക്കുന്നതാണ്. പത്ത് സെന്റിമീറ്ററോളം വലുപ്പത്തിലുള്ള പപ്പടമാണ് പാക്കറ്റിലുള്ളത്. സര്‍ക്കാരിന്റെ ഓണക്കിറ്റിലെ പപ്പടം വറുത്തപ്പോള്‍ പപ്പടത്തിന്റേതായ രുചിയില്ലെന്ന് ആരോപണവും ശക്തമാണ്. സാധാരണ ഗതിയില്‍ പപ്പടമുണ്ടാക്കുന്നത് ഉഴുന്ന് മാവും പപ്പടക്കാരവും ഉപ്പും എണ്ണയും ചേര്‍ത്താണ്. ഉഴുന്നിന് വില കൂടിയതിന് ശേഷം അല്‍പ്പം മൈദയോ അരിപ്പൊടിയോ കിഴങ്ങ് പൊടിയോ പപ്പടത്തില്‍ ചേര്‍ക്കാറുണ്ട്.
ഉഴുന്നിനേക്കാള്‍ മൂന്നിലൊന്ന് വിലയുള്ള മൈദയും അരിപ്പൊടിയും കിഴങ്ങ് പൊടിയുമായിരിക്കും ഇതിലെ അസംസ്‌കൃത വസ്തുക്കളെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. ഉഴുന്നിന് ശരാശരി 120 രൂപയും മൈദക്ക് ശരാശരി 45 രൂപയും കിഴങ്ങ് പൊടിക്ക് മൈദയുടെ വിലക്കടുത്തായുമാണുള്ളത്. കേരളത്തിലെ പപ്പടങ്ങള്‍ക്കു പൊതുവേ ഗുണനിലവാരം കൂടതലായിട്ടും മോശം പപ്പടം തമിഴ്‌നാട്ടില്‍ നിന്ന് എത്തിച്ചതിലെ അഴിമതിയും അന്വേഷിക്കണമെന്ന ആവശ്യം ശക്തമാണ്.
ഓണക്കിറ്റിലേക്കു വേണ്ട എണ്‍പത്തിയൊന്ന് ലക്ഷം പപ്പട പായ്ക്കറ്റിനാണ് തിരുവനന്തപുരം ആസ്ഥാനമായുള്ള ഹഫ്സര്‍ ട്രേഡിങ് കമ്പനിക്ക് സപ്ലൈകോ കരാര്‍ നല്‍കിയത്. നാലു ഡിപ്പോയിലെ കരാറെടുത്ത മലപ്പുറം എസ്കോ കറിപൗഡര്‍ കമ്പനിക്ക് പപ്പടം എത്തിക്കാന്‍ കഴിയാതെ വന്നതോടെ ആ കരാറും ഹഫ്സറിന് തന്നെ നല്‍കി. എന്നാല്‍ ഇവര്‍ വിതരണം ചെയ്ത തമിഴ്നാട് പപ്പടത്തിന് സപ്ലൈകോ നിര്‍ദേശിച്ച തൂക്കമോ ഗുണനിലവാരമോ ഇല്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
മാത്രമല്ല, അരിപ്പൊടി കൂടുതലുള്ള ഇത് പപ്പടമല്ല, തമിഴ്നാട്ടിലെ അപ്പളമാണെന്നും ആക്ഷേപമുണ്ട്. ഇതിന്റ അടിസ്ഥാനത്തില്‍ ഗുണനിലവാര പരിശോധനയ്ക്കായി സപ്ലൈകോ സാംപിള്‍ അയച്ചിട്ടുണ്ട്. കമ്പനിയില്‍ പിഴ ഈടാക്കണമെന്ന് വിജിലന്‍സ് ഓഫിസര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതേ കമ്പനി ജൂലൈ ഓഗസ്റ്റ് മാസങ്ങളില്‍ വിതരണം ചെയ്ത കടലയും ഗുണനിലവാരമില്ലാത്തതിന്റ പേരില്‍ വ്യാപകമായി തിരിച്ചയച്ചിരുന്നു.
വൈക്കം ഡിപ്പോയില്‍ നിന്ന് നൂറ് ചാക്കും, കണ്ണൂരില്‍ നിന്ന് അഞ്ഞൂറും,തലശേരിയില്‍ നിന്ന് 487 ചാക്കും കോഴിക്കോട് നിന്ന് 149 ചാക്കും കൊടുവള്ളിയില്‍ നിന്ന് 473 ചാക്കും തിരിച്ചയച്ചിരുന്നു. ഭക്ഷ്യയോഗ്യമല്ലാത്തതും, ദുര്‍ഗന്ധവും കീടങ്ങള്‍ നിറഞ്ഞതുമാണ് പല സ്റ്റോക്കുമെന്നാണ് പരിശോധനയിലെ കണ്ടെത്തല്‍. ഗുണനിലവാരമില്ലാത്തവ തുടര്‍ച്ചയായി വിതരണം ചെയ്താലും തുഛമായ പിഴ ഈടാക്കി കമ്പനികളെ രക്ഷിക്കാനാണ് സപ്ലൈകോയ്ക്കും താല്‍പര്യം.
https://www.facebook.com/Malayalivartha






















