അറബിയില്‍ നിന്ന് സഹായം വാങ്ങി നല്‍കാമെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയുടെ നാലര പവന്‍ കവര്‍ന്നു

പെരിന്തല്‍മണ്ണ മണ്ണാര്‍ക്കാട് റോഡില്‍ പൊന്ന്യാകുര്‍ശി സ്വദേശിനിയായ 55 വയസ്സുകാരി ബസ് കാത്തു നില്‍ക്കുന്നതിനിടെ പരിചയം നടിച്ച് അടുത്തു കൂടിയ ഒരാള്‍ വീട്ടമ്മയുടെ നാലര പവന്‍ സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചു പോയ ഭര്‍ത്താവിനെ തനിക്ക് അറിയാമെന്നും ഒരിക്കല്‍ വീട്ടില്‍ വന്നിട്ടുണ്ടെന്നും പറഞ്ഞായിരുന്നു സ്ത്രീയുടെ വിശ്വാസം നേടിയത്. ഈ മാസം 5-ന് ആയിരുന്നു സംഭവം. അറബിയില്‍നിന്നു സാമ്പത്തിക സഹായം വാങ്ങി നല്‍കാമെന്ന പേരില്‍ ആദ്യം ബസില്‍ കോട്ടയ്ക്കലിലേക്കും അവിടെനിന്നു തൃശൂരിലേക്കും കൊണ്ടുപോയി.
സ്വര്‍ണവും പണവും കണ്ടാല്‍ സഹായം കിട്ടില്ലെന്നു വിശ്വസിപ്പിച്ചാണ് തൃശൂരിലെത്തിയപ്പോള്‍ സ്വര്‍ണവും കൈവശമുണ്ടായിരുന്ന 2000 രൂപയും കൈക്കലാക്കിയത്.
സ്ത്രീയെ ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയ ശേഷം ഉടന്‍ തിരിച്ചെത്താമെന്നു പറഞ്ഞ് സ്ഥലം വിടുകയായിരുന്നു. ഏറെ നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബസ് സ്റ്റാന്‍ഡിലുണ്ടായിരുന്നവരുടെ സഹായത്തോടെയാണ് തൃശൂര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്.
സമാന രീതിയിലുള്ള തട്ടിപ്പ് മുന്‍പും പെരിന്തല്‍മണ്ണ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്നിരുന്നു. അന്ന് ഇതുമായി ബന്ധപ്പെട്ട് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha






















