സ്വർണക്കടത്ത് കേസ്; കോവിഡ് ലോക്ഡൗൺ കാലത്തു യുഎഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്ര പാഴ്സലിന്റെ മറവിൽ 15 തവണ സ്വർണം കടത്താനുള്ള ആസൂത്രണം പൂർത്തിയാക്കിയിരുന്നതായി അന്വേഷണ സംഘം

സ്വർണക്കടത്ത് കേസിലെ അടുത്ത വെളിപ്പെടുത്തൽ അതും വളരെ പ്രധാനമായ വെളിപ്പെടുത്തൽ ഇപ്പോൾ പുറത്ത് വന്നിരുക്കുകയാണ്. കോവിഡ് ലോക്ഡൗൺ കാലത്തു യുഎഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്ര പാഴ്സലിന്റെ മറവിൽ 15 തവണ സ്വർണം കടത്താനുള്ള ആസൂത്രണം പൂർത്തിയാക്കിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട് . ഇതിനായി കേരളത്തിലും പുറത്തും വൻതോതിൽ പണം സ്വരൂപിച്ചു ദുബായിലെത്തിച്ചതായും വിവരം കിട്ടിയിരിക്കുന്നു.
എന്നാൽ കൂടുതൽ പേരെ പങ്കാളികളാക്കിയതാണു വിവരങ്ങൾ ചോരാൻ ഇടയാക്കിയതെന്നാണു ചില പ്രതികൾ നൽകിയിരിക്കുന്ന മൊഴി. ലോക്ഡൗണിൽ തന്റെ പേരിൽ അയച്ച രണ്ടാമത്തെ സ്വർണപാഴ്സൽ തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് ആരോ ഒറ്റിയതെന്നു ദുബായിലുള്ള മൂന്നാം പ്രതി ഫൈസൽ ഫരീദ് മൊഴി നൽകുകയും ചെയ്തു.
പ്രതികളായ കെ.ടി. റമീസ്, റബിൻസ്, ഹമീദ് എന്നിവരുടെ നേതൃത്വത്തിൽ കോവിഡ് ലോക്ഡൗണിനു മുൻപു 19 തവണ സ്വർണം കടത്തിയതിന്റെ തെളിവുകൾ എൻഐഎയും കസ്റ്റംസും ശേഖരിച്ചിരുന്നു.
അവസാന 2 തവണ മാത്രമാണു തന്റെ പേരിലയച്ച പാഴ്സലിൽ സ്വർണം കടത്തിയതെന്നാണു ഫൈസലിന്റെ നിലപാട്. യുഎഇ പൗരന്മാരായ ദാവൂദ്, ഹാഷിം എന്നിവരുടെ പേരിലും പ്രതികൾ നയതന്ത്ര ചാനലിലൂടെ സ്വർണം കടത്തി. ദാവൂദിന്റെ പേരിൽ 14 തവണയും ഹാഷിമിന്റെ പേരിൽ ഒരു തവണയും കടത്തി. ഇതിനു പുറമേ ബംഗാൾ സ്വദേശി മുഹമ്മദിന്റെ പേരിൽ 4 തവണ കൊണ്ടുവന്നു.
സരിത്ത്, സ്വപ്ന, സന്ദീപ് നായർ തിരുവനന്തപുരത്തിനു പുറമേ ഇന്ത്യയിലെ മറ്റു വിമാനത്താവളങ്ങൾ വഴിയും ഇത്തരത്തിൽ സ്വർണം കടത്തിയിട്ടുണ്ടെന്നാണു പുറത്ത് വരുന്ന സൂചന. എന്നാൽ തിരുവനന്തപുരം വഴി കടത്താൻ ദുബായിലെ റാക്കറ്റ് കൂടുതൽ താൽപര്യപ്പെട്ടതായും അന്വേഷണത്തിൽ വ്യക്തമാകുകയും ചെയ്തു. തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലും വിമാനത്താവളത്തിലും സ്വപ്ന, സരിത് എന്നിവർക്കുള്ള സ്വാധീനമാണ് ഇതിനു കാരണമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
അതേ സമയം സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് ദൃശ്യ മാധ്യമ പ്രവർത്തകൻ അനിൽ നമ്പ്യാരെ കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റിൽ ഇന്നലെ 5 മണിക്കൂർ ചോദ്യം ചെയ്തു. ആവശ്യം വന്നാൽ വീണ്ടും വിളിപ്പിക്കുമെന്നും കസ്റ്റംസ് അനിലിനെ അറിയിച്ചു. മുഖ്യമന്ത്രിയുടെ മുൻ ഐടി ഫെലോ അരുൺ ബാലചന്ദ്രനും ഇന്നലെ എത്താൻ സമൻസ് നൽകിയിരുന്നെങ്കിലും ഹാജരായില്ല.
കസ്റ്റംസ് തടഞ്ഞുവച്ച നയതന്ത്ര പാഴ്സൽ തുറന്നു പരിശോധിച്ചു കള്ളക്കടത്തു സ്വർണം പിടിച്ചെടുത്ത ജൂലൈ 5 നു പ്രതി സ്വപ്നയെ 2 തവണ അനിൽ നമ്പ്യാർ ഫോണിൽ വിളിച്ചതായി കസ്റ്റംസും എൻഐഎയും കണ്ടെത്തിയിരുന്നു. സ്വർണം പിടിച്ചതു നയതന്ത്ര പാഴ്സലിൽ നിന്നല്ല വ്യക്തിപരമായി അയച്ച ബാഗിൽ നിന്നാണെന്ന് കോൺസൽ ജനറൽ കത്തു നൽകിയാൽ മതിയെന്ന് അനിൽ ഉപദേശിച്ചതായി സ്വപ്ന എൻഐഎക്കു മൊഴി നൽകിയിരുന്നു.
സ്വപ്ന കസ്റ്റംസിനു നൽകിയ മൊഴിപ്പകർപ്പിലെ 3 പേജുകൾ അനിൽ നമ്പ്യാരെ സംബന്ധിക്കുന്ന വിവരങ്ങളാണ്. അനിലിനെ എങ്ങിനെയാണു പരിചയപ്പെട്ടതെന്ന സ്വപ്നയുടെ വിവരണം ശരിവയ്ക്കുന്ന മൊഴികളാണ് അനിലും ഇന്നലെ നൽകിയത്.
വാർത്തയുടെ വിവരങ്ങൾ സ്ഥിരീകരിക്കാനാണു സ്വപ്നയെ ഫോണിൽ വിളിച്ചതെന്നാണു അനിലിന്റെ വിശദീകരണം. ഇവർ തമ്മിൽ ഫോണിൽ സംസാരിച്ചതിന്റെ സമയ ദൈർഘ്യവും അനിലിന്റെ വിശദീകരണവും തമ്മിൽ പൂർണമായി പൊരുത്തപ്പെടുന്നില്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
https://www.facebook.com/Malayalivartha






















