ഇടുക്കിയില്‍ നിന്നുള്ള ഗവേഷക വിദ്യാര്‍ഥിനി ദക്ഷിണ കൊറിയയില്‍ വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു

4 വര്‍ഷമായി ദക്ഷിണ കൊറിയയില്‍ ഗവേഷക വിദ്യാര്‍ഥിയായ ഇടുക്കി സ്വദേശിനി ലീജ ജോസ് (28) വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു. ഇടുക്കി വാഴത്തോപ്പ് മണിമലയില്‍ ജോസിന്റെയും ഷെര്‍ലിയുടെ മകളായ ലീജ കഴിഞ്ഞ ഫെബ്രുവരിയില്‍ അവധിക്ക് നാട്ടില്‍ വന്നിരുന്നു. കോവിഡ് വ്യാപകമായതിനാല്‍ നിശ്ചയിച്ചിരുന്ന സമയത്ത് തിരികെ പോകാന്‍ കഴിഞ്ഞില്ല.
സെപ്റ്റംബറില്‍ വീസ കാലാവധി തീരുന്നതിനാല്‍ കോഴ്‌സ് പൂര്‍ത്തിയാക്കുന്നതിനു വേണ്ടി കഴിഞ്ഞ ആറിനാണ് ലീജ ദക്ഷിണ കൊറിയയിലേക്കു പുറപ്പെട്ടത്. കൊറിയയില്‍ എത്തി 14 ദിവസം ക്വാറന്റീനില്‍ ആയിരുന്നു. ഇതിനിടെ ചെവിവേദനയും പുറം വേദനയും അനുഭവപ്പെട്ടെങ്കിലും വിദഗ്ധ ചികിത്സ ലഭ്യമായില്ല.
ക്വാറന്റീന്‍ കാലാവധി കഴിഞ്ഞതിനു ശേഷമാണ് ആശുപത്രിയിലെത്തി ചികിത്സ നടത്തിയത്. പക്ഷേ രോഗം കുറയാത്തതിനെത്തുടര്‍ന്ന് തിരികെ നാട്ടിലേക്കു പോരാന്‍ ടിക്കറ്റ് എടുക്കുകയായിരുന്നു. വ്യാഴാഴ്ച വൈകിട്ട് വിമാനത്താവളത്തില്‍ എത്തിയ ലീജ അവിടെ കുഴഞ്ഞു വീണു. ഉടന്‍ തന്നെ സമീപത്തുള്ള മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു. മൃതശരീരം ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
എംപിമാരായ ഡീന്‍ കുര്യാക്കോസ്, അല്‍ഫോന്‍സ് കണ്ണന്താനം, റോഷി അഗസ്റ്റിന്‍ എംഎല്‍എ എന്നിവര്‍ വഴി വിദേശകാര്യ സഹമന്ത്രി വി. മുരളീധരനുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. സഹോദരങ്ങള്‍: ലീജോ, ലീനോ.
https://www.facebook.com/Malayalivartha






















