പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി : പുനഃപരിശോധനാസമിതി പ്രഹസനമായി, പദ്ധതിയുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ച് സര്‍ക്കാര്‍ വിജ്ഞാപനം

സംസ്ഥാനത്തെ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ 2013 ഏപ്രില്‍ ഒന്നിന് ആരംഭിച്ച പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ച് സര്‍ക്കാര്‍ വിജ്ഞാപനം. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനഃപരിശോധിക്കാന്‍ നിയോഗിച്ച സമിതിയുടെ നടപടികള്‍ തുടരുമ്പോഴാണ് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.
പദ്ധതി ആരംഭിച്ച അന്നുമുതല്‍ സര്‍വീസില്‍ പ്രവേശിക്കുന്നവര്‍ക്കു സ്റ്റാറ്റിയൂട്ടറി പെന്‍ഷന് അര്‍ഹതയില്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പങ്കാളിത്ത പെന്‍ഷന്‍കാര്‍ക്കുവേണ്ടി കേന്ദ്ര പെന്‍ഷന്‍ ഫണ്ട് (പിഎഫ്ആര്‍ഡിഎ) ബാധകമാക്കി വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നില്ല. വിജ്ഞാപനം ഇല്ലാതെ പദ്ധതി നടപ്പാക്കിയതിനെ ചോദ്യം ചെയ്തു പലരും കോടതിയെ സമീപിച്ചു. തുടര്‍ന്നാണ് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉത്തരവു വന്നശേഷം നിയമിതരായവരെല്ലാം ആ പെന്‍ഷന്‍ പദ്ധതിയുടെ ഭാഗമാണെന്ന് വ്യക്തമാക്കി ധനവകുപ്പ് കഴിഞ്ഞദിവസം ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത്.
സര്‍ക്കാര്‍ വകുപ്പുകളിലും 34 പൊതുമേഖലാ സ്ഥാപനങ്ങളിലുമായി 1.50 ലക്ഷം പേരാണു പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയിലുള്ളത്. നിയമസഭാ സബ്ജക്ട് കമ്മിറ്റിക്കു ലഭിച്ച വിജ്ഞാപനത്തിന് അംഗീകാരം നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.
ഇടതുമുന്നണിയുടെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ മുഖ്യ വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു പങ്കാളിത്ത പെന്‍ഷന്‍ പുനഃപരിശോധന. അധികാരത്തില്‍ വന്നശേഷം നടപടിയുണ്ടാകാതിരുന്നതിനെത്തുടര്‍ന്ന് ജീവനക്കാര്‍ സമ്മര്‍ദം ചെലുത്തി. തുടര്‍ന്നാണ് പുനഃപരിശോധനയ്ക്കായി 2018 നവംബറില്‍ റിട്ട. ജില്ലാ ജഡ്ജി എസ്.സതീഷ് ചന്ദ്രബാബു ചെയര്‍മാനായി മൂന്നംഗ സമിതിയെ നിയമിച്ചത്. അംഗങ്ങള്‍ക്ക് 75,000 രൂപ ശമ്പളം. ഓഫിസ് ഒരുക്കാന്‍ 50 ലക്ഷം രൂപയും ചെലവഴിച്ചു.
പദ്ധതി വന്നശേഷമാണ് മുന്‍പേ വിജ്ഞാപനം ചെയ്ത ഒഴിവുകളിലുള്ളവര്‍ക്കു നിയമനം ലഭിക്കുന്നതെങ്കില്‍ അവര്‍ക്കു സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ ബാധകമാണെന്ന് സുപ്രീം കോടതി ഉത്തരവുണ്ട്. ഇതു നടപ്പാക്കാന്‍ ജീവനക്കാര്‍ കോടതിയെ സമീപിച്ചപ്പോള്‍ വിഷയം സമിതിക്കു വിട്ടിരിക്കുന്നുവെന്നാണ് ധനവകുപ്പ് പറഞ്ഞത്. എന്നാല്‍ സമിതിയുടെ പരിഗണനാവിഷയങ്ങളില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടില്ല.
സര്‍ക്കാരും ജീവനക്കാരനും ശമ്പളത്തിന്റെ 10 % വീതമാണു കേരളത്തില്‍ പങ്കാളിത്ത പെന്‍ഷനു നല്‍കേണ്ടത്. കേന്ദ്രത്തില്‍, ജീവനക്കാരുടെ വിഹിതം 10% ആയി നിലനിര്‍ത്തി, സര്‍ക്കാര്‍ വിഹിതം 14% ആക്കിയിട്ടുണ്ട്.
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ അംഗമായശേഷം വിരമിച്ചവര്‍ക്കു ലഭിക്കുന്ന പെന്‍ഷന്‍ 100 രൂപ മുതല്‍ 587 രൂപ വരെ. സാമൂഹിക ക്ഷേമ പെന്‍ഷന്‍കാര്‍ക്ക് 1300 രൂപ ലഭിക്കുമ്പോഴാണിത്. ഇതിനകം 79 പേര്‍ വിരമിച്ചു. പദ്ധതിയില്‍ 2 ലക്ഷം രൂപ നിക്ഷേപം ഉണ്ടെങ്കിലേ പെന്‍ഷന്‍ കിട്ടൂ. അതിനാല്‍ 36 പേര്‍ക്കു പെന്‍ഷനില്ല. ഓണത്തിനു ബോണസും ഉത്സവബത്തയുമില്ല.
https://www.facebook.com/Malayalivartha






















