നിക്ഷേപത്തട്ടിപ്പ് നടത്തി മുങ്ങിയ പോപ്പുലര്‍ ഫിനാന്‍സ് ഉടമയുടെ മക്കള്‍ രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെ പിടിയില്‍

നിക്ഷേപത്തട്ടിപ്പ് നടത്തി മുങ്ങിയ പോപ്പുലര്‍ ഫിനാന്‍സ് ഉടമയുടെ മക്കള്‍ ഓസ്ട്രേലിയിലേക്കു കടക്കാനുള്ള ശ്രമത്തിനിടെ ഡല്‍ഹി വിമാനത്താവളത്തി പിടിയിലായി. പോപ്പുലര്‍ ഫിനാന്‍സ് ഉടമയുടെ മക്കളും കമ്പനി ഡയറക്ടര്‍മാരുമായ റിനു മറിയം തോമസ്, റേബ മേരി തോമസ് എന്നിവരാണ് ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ സി.ഐ.എസ്.എഫ് കസ്റ്റഡിയിലായത്.
പത്തനംതിട്ട ജില്ലാ പോലീസ് പുറത്തിറക്കിയ ലുക്ക് ഔട്ട് രാജ്യത്തെ മുഴുവന്‍ വിമാനത്താവളങ്ങളിലും പതിച്ചിരുന്നു. പോപ്പുലര്‍ ഫിനാന്‍സ് ഉടമ റോയി ഡാനിയല്‍, ഭാര്യ പ്രഭ എന്നിവരുടെ മാത്രം ലുക്കൗട്ട് നോട്ടീസാണ് പുറത്തു വിട്ടത് എന്നാണ് പോലീസ് പ്രചരിപ്പിച്ചിരുന്നത്. റിനുവും റേബയും രാജ്യം വിടാന്‍ പോയതും ഇതേ ആത്മവിശ്വാസത്തിലായിരുന്നു. ഓസ്ട്രേലിയയിലുള്ള ബന്ധുക്കളുടെ അടുത്തേക്ക് പോകുന്നതിനാണ് ഇവര്‍ വിമാനത്താവളത്തില്‍ എത്തിയത്. ഡയറക്ടര്‍ ബോര്‍ഡംഗങ്ങളും ഉയര്‍ന്ന ഉദ്യോഗസ്ഥരുമായിട്ടുള്ള എട്ടോളം പേര്‍ക്കെതിരേ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
പ്രതികളെ അവിടുത്തെ കോടതിയില്‍ ഹാജരാക്കി പ്രഡക്ഷന്‍ വാറന്റ് വാങ്ങി നാട്ടിലെത്തിക്കാനായി അന്വേഷണ ഉദ്യോഗസ്ഥനായ കോന്നി പൊലീസ് ഇന്‍സ്പെക്ടര്‍ പി.എസ്. രാജേഷ്, പത്തനംതിട്ട വനിതാ സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ ലീലാമ്മ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഡല്‍ഹിയിലേക്ക് തിരിച്ചു.
ഇന്നലെ വകയാറിലെ ആസ്ഥാന ഓഫീസില്‍ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി. അടൂര്‍ ഡിവൈ.എസ്.പി ആര്‍. ബിനുവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ മൂന്ന് പ്രധാന സെര്‍വറുകളും കമ്പ്യൂട്ടറുകളും അനുബന്ധ രേഖകളും പിടിച്ചെടുത്തു. രാവിലെ എട്ടിന് തുടങ്ങിയ പരിശോധന വൈകിട്ട് നാലിനാണ് അവസാനിച്ചത്. കൂടുതല്‍ പരാതികള്‍ ലഭിക്കുന്നുണ്ടെന്നും അവയെല്ലാം പരിശോധിക്കുമെന്നും എസ്.പി. കെ.ജി. സൈമണ്‍ അറിയിച്ചു.
https://www.facebook.com/Malayalivartha






















