ശൊ തല പുകയുന്നു... സ്വര്‍ണത്തിന് തിളക്കം കിട്ടാന്‍ ലഹരി മാഫിയയുമായും ബന്ധം; സര്‍ണക്കടത്തില്‍ പിടിയിലാകുമെന്ന് കണ്ട സ്വപ്ന സുരേഷ് എന്തിന് ബെംഗളൂരു തെരഞ്ഞെടുത്തു എന്ന ചോദ്യം ബാക്കി നില്‍ക്കേ ലഹരി മാഫിയ സംഘം പിടിയില്‍; പിടിയിലായ മുഹമ്മദ് അനൂപിന്റെ ഫോണ്‍ കോണ്‍ടാക്ട് ലിസ്റ്റില്‍ റമീസും ഉന്നതന്റെ അടുത്ത ബന്ധുവും

സ്വര്‍ണത്തിന് ലഹരിയുണ്ടെന്ന് പണ്ടേ തെളിയിച്ചതാണ്. അതിപ്പോള്‍ അരക്കിട്ടുറപ്പിക്കുകയാണ്. തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ സ്വപ്ന സുരേഷും സംഘത്തിനും ലഹരി മാഫിയുമായി അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ബെംഗളൂരുവില്‍ ലഹരിമരുന്നു കേസില്‍ പിടിയിലായ കൊച്ചി സ്വദേശി മുഹമ്മദ് അനൂപിന്റെ ഫോണ്‍ കോണ്‍ടാക്ട് ലിസ്റ്റ് പരിശോധിച്ചപ്പോഴാണ് സ്വര്‍ണക്കടത്തുമായുള്ള ഉറ്റ ബന്ധം പുറത്തായത്. അനൂപിന്റെ ഫോണ്‍ കോണ്‍ടാക്ട് ലിസ്റ്റില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി കെ.ടി. റമീസും കേരള രാഷ്ട്രീയത്തിലെ ഉന്നതന്റെ അടുത്തബന്ധുവും ഉണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവര്‍ ബെംഗളൂരുവില്‍ അറസ്റ്റിലായ ജൂലൈ 10ന് മുഹമ്മദ് അനൂപ് രാഷ്ട്രീയ ഉന്നതന്റെ ബന്ധുവിനെ പല തവണ വിളിച്ചിട്ടുണ്ട്.
ടെലിവിഷന്‍ സീരിയല്‍ നടി ഡി. അനിഖയോടൊപ്പമാണ് മുഹമ്മദ് അനൂപും മറ്റൊരു മലയാളിയായ ആര്‍. രവീന്ദ്രനും കേന്ദ്ര ലഹരിവിരുദ്ധ അന്വേഷണ ഏജന്‍സിയായ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലായതോടെയാണ് സംഭവം പുറത്തായത്. സ്വര്‍ണക്കടത്ത് പിടിക്കപ്പെട്ട ഉടന്‍ കുടുംബത്തോടൊപ്പം ഒളിവില്‍പോയ സ്വപ്നയും ഇവര്‍ക്കൊപ്പം കൂടിയ സന്ദീപ് നായരും എന്തുകൊണ്ടാണ് ഒളിത്താവളമായി ബെംഗളൂരു തെരഞ്ഞെടുക്കാന്‍ കാരണമെന്ന അന്വേഷണ സംഘങ്ങളുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കിയിട്ടില്ല.
കൊച്ചിയില്‍ നിന്ന് സന്ദീപിന്റെ വാഹനത്തില്‍ കര്‍ണാടക അതിര്‍ത്തി കടന്നതിനു ശേഷം ബെംഗളൂരു വരെ അപരിചിത വാഹനം പിന്തുടര്‍ന്നതായി സ്വപ്ന മൊഴി നല്‍കിയിരുന്നു. കൊച്ചിയിലെ ലഹരി പാര്‍ട്ടികളിലും മുഹമ്മദ് അനൂപ് സജീവമായിരുന്നു. ഒരു വര്‍ഷം മുന്‍പാണു താവളം ബെംഗളൂരുവിലേക്കു മാറ്റിയത്. സ്വര്‍ണക്കടത്തിന് കൂടുതല്‍ പണം സ്വരൂപിക്കാന്‍ റമീസ് ലഹരി റാക്കറ്റിന്റെ സഹായം തേടിയതിനു ശേഷമാണു നയതന്ത്ര പാഴ്‌സല്‍ വഴി സ്വര്‍ണം കടത്തുന്ന വിവരം ചോര്‍ന്നതെന്നു പ്രതികള്‍ പലരും മൊഴി നല്‍കിയിട്ടുണ്ട്. ഇതെല്ലാം കൂടി കൂട്ടി വായിക്കുമ്പോഴാണ് സ്വര്‍ണത്തിലെ ലഹരി പുറത്താകുന്നത്.
മുഹമ്മദ് അനൂപിന്, സ്വര്‍ണക്കടത്ത് പ്രതിയുമായി ബന്ധമുണ്ടെന്ന വിവരം പുറത്തുവന്നതിനു പിന്നാലെ ലഹരി, സ്വര്‍ണം, സിനിമ ബന്ധങ്ങളുടെ പുതിയ കഥകളും വെളിച്ചത്താവുകയാണ്. ഇവരുടെ ലീഡറാകട്ടെ ടെലിവിഷന്‍ സീരിയല്‍ നടി ഡി. അനിഖയെന്ന ബെംഗളൂരു സ്വദേശിനിയും. സംഘം സിനിമാ മേഖലയിലുള്ളവര്‍ക്ക് ലഹരി മരുന്ന് എത്തിച്ചു കൊടുത്തിരുന്നെന്നാണ് കണ്ടെത്തല്‍.
ഓണ്‍ലൈന്‍ വഴിയും ഹോട്ടലുകള്‍ കേന്ദ്രീകരിച്ചുമായിരുന്നു ലഹരി ഇടപാടുകള്‍. ഡിജെ പാര്‍ട്ടികളില്‍ എത്തുന്ന സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കും ലഹരിമരുന്ന് എത്തിച്ചിരുന്നു. അരി, പച്ചക്കറി ലോറികളില്‍ കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കും ലഹരി മരുന്ന് എത്തിച്ചിരുന്ന മറ്റൊരു സംഘവും ഇവര്‍ പിടിയിലായ ദിവസം അറസ്റ്റിലായിരുന്നു. 2 സംഘങ്ങളും തമ്മില്‍ ബന്ധമുണ്ടോ എന്ന അന്വേഷണവും പുരോഗമിക്കുന്നു.
സീരിയലിലെ ചെറു വേഷങ്ങള്‍ ചെയ്തിരുന്ന അനിഖ പിന്നീട് അഭിനയം നിര്‍ത്തി ലഹരി മേഖലയിലേക്കു കടന്നു. വിദേശത്ത് നിന്ന് കുറിയര്‍ വഴിയാണു ലഹരി മരുന്ന് എത്തുന്നതെന്നാണു കണ്ടെത്തല്‍. ബ്രസല്‍സില്‍ നിന്നാണ് ഇറക്കുമതി ചെയ്തിരുന്നതെന്നും ബിറ്റ്‌കോയിനാണ് ഇടപാടിന് ഉപയോഗിച്ചിരുന്നതെന്നും അന്വേഷണ സംഘം പറയുന്നു. എന്തായാലും സ്വര്‍ണത്തിലും ലഹരിയുണ്ടെന്ന് തന്നെയാണ് അന്വേഷണ സംഘം വിശ്വസിക്കുന്നത്. കൃത്യമായ സമയത്ത് തന്നെ ഇവരെ പൊക്കാന്‍ കഴിഞ്ഞത് സ്വര്‍ണക്കടത്ത് കേസിന് പുതിയ മാനം ഉണ്ടാക്കാന്‍ ഏറെ സഹായിച്ചിട്ടുണ്ട്.
" f
https://www.facebook.com/Malayalivartha
























