കരുണ വേണം ഇനിയും... സര്‍ക്കാരിന് ഒരു രൂപയുടെ ചെലവു പോലുമില്ലാതെ നടത്തിയിരുന്ന കാരുണ്യ ഭാഗ്യക്കുറി തകര്‍ത്തതോടെ പാവങ്ങളുടെ ദുരിതം കൂടുന്നു; കാരുണ്യ ബെനവലന്റ് പദ്ധതിയുടെ സഹായം പ്രതീക്ഷിച്ച് നിരവധിയാളുകള്‍

കെ. എം മാണിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു കാരുണ്യ പദ്ധതി. എന്നാല്‍ കാരുണ്യയുടെ ഭാവി സംബന്ധിച്ച് വലിയ ആശങ്കയാണുള്ളത്. സര്‍ക്കാരിന് ഒരു രൂപയുടെ ചെലവു പോലുമില്ലാതെ നടത്തിയിരുന്ന കാരണ്യ ഭാഗ്യക്കുറി തകര്‍ത്തതാണ് കാരണം. ഇതോടെ ആയിര കണക്കിന് രോഗികള്‍ മരുന്നു വാങ്ങാന്‍ പോലും വകയില്ലാതെ പ്രതിസന്ധിയിലായി . കാരുണ്യ ബെനവലന്റ് പദ്ധതിയുടെ സഹായം പ്രതീക്ഷിച്ച് 90 കോടി രൂപയുടെ അപേക്ഷകള്‍ ലോട്ടറി ഓഫീസുകളിലും മെഡിക്കല്‍ കോളജ് ആശുപത്രികളിലും കെട്ടിക്കിടക്കുന്നു. അടുത്ത തെരഞ്ഞടുപ്പില്‍ ഒരു വജ്രായുധമായിക്കും കാരുണ്യ.
സൗജന്യ ചികിത്സ ഇനി നടക്കുന്നത് ആരോഗ്യ സുരക്ഷാ പദ്ധതിയിലൂടെയായിരിക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ കോവിഡ് ചികിത്സ പോലും ഫല പ്രദമായി നടത്താന്‍ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന സര്‍ക്കാരിന് കാരുണ്യ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ലെന്ന് ഉറപ്പാണ്. ഇതോടെ ഭാഗ്യക്കുറി കച്ചവടവും നിലയ്ക്കും. കാരുണ്യ നിര്‍ത്തുമ്പോള്‍ കാരുണ്യ ഭാഗ്യക്കുറിക്ക് എന്താണ് പ്രസക്തി?
കാരുണ്യ വഴി ചികിത്സ നടത്തിയതിന് സ്വകാര്യ ആശുപത്രികള്‍ക്ക് 100 കോടി രൂപ സര്‍ക്കാര്‍ നല്‍കാനുണ്ട്. ഇത് കാരുണ്യ ബനവലന്റ് ഫണ്ട് വകമാറ്റിയത് കാരണം സംഭവിച്ചതാണ്. ആശുപത്രികള്‍ക്ക് നല്‍കേണ്ട പണത്തിന്റെ വിശദാംശങ്ങള്‍ അറിയിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ചിസ് പ്ലസും കാരുണ്യയും സംയോജിപ്പിച്ചാണ് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി നടപ്പിലാക്കുന്നത്. ഇതോടെയാണ് കാരുണ്യ പദ്ധതി ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഈ സാമ്പത്തിക വര്‍ഷം തീരുന്നതോടെ കാരുണ്യയുടെ ഭാവി എന്തെന്നറിയാം.
വൃക്ക മാറ്റി വച്ച രോഗികള്‍ പോലും സഹായം കിട്ടാതെ ബുദ്ധിമുട്ടുകയാണ്. കാരുണ്യ ജില്ല സമിതികളില്‍ നിന്ന് അനുമതി കാത്താണ് മെഡിക്കല്‍ കോളജുകളിലെ കാരുണ്യഓഫീസുകളിലും ജില്ല ലോട്ടറി ഓഫീസുകളില്‍ അപേക്ഷകളുമായി രോഗികളും ബന്ധുക്കളും ഇപ്പോഴും കയറി ഇറങ്ങുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി കൂടി വരുന്നതുകൊണ്ട് ഒരേ സമയം രണ്ടു ഇന്‍ഷുറന്‍സ് പദ്ധതികള്‍ വേണ്ടന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍ കാരുണ്യ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ജനരോഷം വന്നതോടെ തുടരുകയായിരുന്നു.
കാരുണ്യ ഒരു ഇന്‍ഷുറന്‍സ് പദ്ധതിയല്ല. അത് സര്‍ക്കാരിന്റെ കീശയില്‍ നിന്നും ഒരു രൂപ പോലും ചോര്‍ത്തുന്ന പദ്ധതിയില്ല. അത് നിര്‍ത്താന്‍ തീരുമാനിക്കുന്നതിന് ഒരു ന്യായീകരണമില്ല.
വൃക്ക മാറ്റി വച്ച ഓരോ രോഗിക്കും തുടര്‍ന്ന് പ്രതിമാസം ആറായിരം മുതല്‍ പന്തീരായിരം രൂപയുടെ വരെ മരുന്നു വേണം. കാരുണ്യ പദ്ധതിയില്‍ നിന്നു ലഭിച്ച സാമ്പത്തിക സഹായമായിരുന്നു ഇതുവരെയുളള ആശ്വാസം. ചികില്‍സിക്കുന്ന ഡോക്ടര്‍മാര്‍ പറയുന്ന മരുന്ന് സര്‍ക്കാര്‍ ആശുപത്രികളിലും പ്രധാനമന്ത്രി ജന്‍ ഔഷധിയിലും ഉണ്ടാകാറില്ല.
കാരുണ്യ എന്ന പേര് മാത്രം സര്‍ക്കാര്‍ നിലനിര്‍ത്തിയിട്ടുണ്ട് . കെ.എം മാണിയുടെ കാരുണ്യ ലക്ഷങ്ങളെ മരണത്തില്‍ നിന്നും പിടിച്ചുയര്‍ത്തിയ പദ്ധതിയാണ്. സാധാരണഗതിയില്‍ ഒരാള്‍ക്ക് ഒരു ഗുരുതര രോഗം ഒരിക്കല്‍ മാത്രം വരുന്നതാണ്. അപ്പോള്‍ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ എപ്പോള്‍ രക്ഷപ്പെടും.
കാരുണ്യ യു ഡി എഫിന്റെ ഫ്‌ലാഗ്ഷിപ്പ് പദ്ധതിയായിരുന്നു. യു ഡി എഫിന്റെ പദ്ധതിയായതു കൊണ്ട് മാത്രം കാരുണ്യയെ ഇല്ലാതാക്കുന്നത് മനുഷ്യത്വ രഹിതം തന്നെയാണ്.
കാരുണ്യ നിര്‍ത്തണമെങ്കില്‍ കാരുണ്യമില്ലാതാവണം. യു ഡി എഫ് സര്‍ക്കാര്‍ ഭരണത്തിലിരുന്ന കാലത്ത് കാരുണ്യ ആരോഗ്യ വകുപ്പിന് കീഴില്‍ കൊണ്ടു വരാന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നെങ്കിലും മാണിയുടെ എതിര്‍പ്പ് കാരണം നടന്നില്ല. കെ.എം മാണി മരണത്തിന് മുമ്പ് നല്‍കിയ അവസാന പത്രക്കുറിപ്പ് കാരുണ്യയെ കൊല്ലരുതു് എന്നായിരുന്നു. പിണറായി അധികാരത്തില്‍ വന്നപ്പോള്‍ കാരുണ്യയെ കൊല്ലരുതെന്ന് ആവശ്യപ്പെട്ട് കെ.എം. മാണി പിണറായിയെ സന്ദര്‍ശിച്ചതുമാണ്. എന്തായാലും കാരുണ്യയുടെ ഭാവി ഉടനറിയാം.
https://www.facebook.com/Malayalivartha
























