രാഹുലിന്റെ തിരോധാനത്തെ കുറിച്ച് യാതൊരു സൂചനയും കണ്ടെത്താനാകാതെ പൊലീസ്

രാഹുലിന്റെ തിരോധാനത്തെ കുറിച്ച് യാതൊരു സൂചനയും കണ്ടെത്താനാകാതെ നട്ടം തിരിയുകയാണ് പൊലീസ്. പത്തനാപുരം കടശേരി മുക്കലംപാട് സ്വദേശിയായ രാഹുലിനെ(17)യാണ് കാണാതായിട്ട് പത്ത് ദിവസം പിന്നിടുന്നത്. പത്തൊമ്പതാം തീയതി രാത്രി 10 മണി വരെ പതിനേഴുകാരന്‍ ഓണ്‍ലൈനില്‍ ഉണ്ടായിരുന്നു. കാട്ടാന ഉള്‍പ്പെടെയുള്ള വന്യ മൃഗങ്ങളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ടായിരുന്ന രാഹുലിന്റെ മൊബൈല്‍ ഫോണും കാണാനില്ല. നാട്ടിലും വനത്തിലും ദിവസങ്ങളായി വനംവകുപ്പും പൊലീസും തിരയുന്നുണ്ടെങ്കിലും വിദ്യാര്‍ഥിയെ കുറിച്ച് യാതൊരു സൂചനയും കണ്ടെടുക്കാനാകാത്തത് ദുരൂഹത വര്‍ധിപ്പിക്കുന്നതായി പ്രദേശവാസികള്‍ ചൂണ്ടിക്കാണിക്കുന്നു. അതേസമയം വനത്തിനുള്ളിലെ ചെടികളില്‍ കണ്ടെത്തിയ രക്തക്കറ ശാസ്ത്രീയ പരിശോധനയ്ക്കയച്ചിരുന്നു.
മൊബൈല്‍ ഗെയിം സ്ഥിരമായി കളിക്കാറുള്ള രാഹുല്‍ റെയ്ഞ്ച് നോക്കി വീടിനു പുറത്തേക്കു നടക്കുമ്പോള്‍ അപകടത്തില്‍ പെട്ടിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഈ വാദം സാധുകരിക്കുന്ന തെളിവുകളൊന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു ലഭിച്ചതുമില്ല. പുതിയ വീടിന്റെ പണി നടക്കുന്നതിനാല്‍ വളപ്പില്‍ തന്നെയുള്ള മൂന്ന് ഷെഡുകളിലായാണ് രാഹുലും സഹോദരനും മാതാപിതാക്കളും ഉറങ്ങാറുള്ളത്. മിക്ക ദിവസങ്ങളിലും രാത്രിയില്‍ രാഹുലിനൊപ്പം സുഹൃത്തുക്കളും ഉണ്ടാകും. പത്തൊമ്പതാം തീയതി രാത്രി 10 മണിക്കു ശേഷം രാഹുലിന് എന്ത് സംഭവിച്ചുവെന്ന കാര്യത്തില്‍ ഒരു സൂചനയും കണ്ടെടുക്കാനാകാത്ത സാഹചര്യത്തില്‍ ശാസ്ത്രീയ പരിശോധനയോടൊപ്പം പ്രദേശവാസികളെയും ബന്ധുക്കളെയും കൂടുതല്‍ ചോദ്യം ചെയ്‌തേക്കും. 10 ദിവസം പിന്നിട്ടിട്ടും ഒരു സൂചനയും ലഭിക്കാത്ത സാഹചര്യത്തില്‍ പ്രത്യേക കേസായി പരിഗണിച്ച് അന്വേഷണം മുന്നോട്ടു കൊണ്ടു പോകാനാണ് നീക്കം.
https://www.facebook.com/Malayalivartha
























