കാണിക്കമോഷ്ടിച്ചയാളും, ഭക്തയോട് അപമര്യാദയായി പെരുമാറിയയാളും... അയ്യനയ്യപ്പാ ഇതെന്ത് മറിമായം... ഇഷ്ടക്കാരെ തിരുകിക്കയറ്റാന്‍ ദേവസ്വം ബോർഡ്! മേല്‍ശാന്തി നറുക്കെടുപ്പ് പട്ടിക തയാറാക്കുന്നതില്‍ ബോര്‍ഡിനു ഗുരുതരവീഴ്ചയുണ്ടായെന്നും ഇഷ്ടക്കാരെ തിരുകിക്കയറ്റാന്‍ ദേവസ്വം വിജിലന്‍സിനെ നോക്കുകുത്തിയാക്കിയെന്നും ആക്ഷേപം

മേല്‍ശാന്തി നറുക്കെടുപ്പ് പട്ടിക തയാറാക്കുന്നതില്‍ ബോര്‍ഡിനു ഗുരുതരവീഴ്ചയുണ്ടായെന്നും ഇഷ്ടക്കാരെ തിരുകിക്കയറ്റാന്‍ ദേവസ്വം വിജിലന്‍സിനെ നോക്കുകുത്തിയാക്കിയെന്നും ആക്ഷേപം ഉയർന്നിരിക്കുകയാണ്. ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനപ്പട്ടികയിലുള്ള പലര്‍ക്കും പ്രമുഖക്ഷേത്രങ്ങളില്‍ 10 വര്‍ഷം ശാന്തിയായിരുന്ന പരിചയമില്ലെന്നും ആരോപണമുണ്ട്. അനര്‍ഹര്‍ പട്ടികയില്‍ ഇടംനേടിയതു ഗുരുതരവീഴ്ചയാണെന്ന് അഖില കേരള തന്ത്രി മണ്ഡലം ജനറല്‍ സെക്രട്ടറി എസ്. രാധാകൃഷ്ണന്‍ പോറ്റി ആരോപിക്കുന്നു.
കാണിക്കപ്പണം മോഷ്ടിച്ചെന്നും ഭക്തയോട് അപമര്യാദയായി പെരുമാറിയെന്നും ആരോപണം നേരിട്ടയാൾ ഉൾപ്പെടെയാണ് അടുത്ത മണ്ഡല-മകരവിളക്ക് തീര്‍ഥാടനകാലത്തേക്കുള്ള മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുള്ള അന്തിമപട്ടികയില്‍ നറുക്കെടുപ്പ് പട്ടികയില്‍ ഇടംപിടിച്ചത്. ശബരിമലയിലേക്കും മാളികപ്പുറത്തേക്കും ഒരുവര്‍ഷത്തേക്കുള്ള പുറപ്പെടാ ശാന്തിമാരെ 17-നാണ് സന്നിധാനത്തു നറുക്കെടുക്കുക.
ഇതിനായി ഒമ്പതുപേര്‍ വീതമുള്ള പട്ടികയാണു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തയാറാക്കിയത്. മധ്യതിരുവിതാംകൂറിലെ ഒരു പ്രമുഖ ശിവക്ഷേത്രത്തില്‍ ജോലി ചെയ്യുന്നതിനിടെ കാണിക്കപ്പണം മോഷ്ടിച്ചെന്ന ആരോപണം നേരിട്ടയാള്‍ പട്ടികയിലുണ്ട്. കാണിക്കവഞ്ചിയില്‍നിന്നു പണം അപഹരിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളുമടക്കം ഉള്‍പ്പെടുത്തി നല്‍കിയ പരാതിയില്‍ നടപടിയുണ്ടായില്ല. സഹപ്രവര്‍ത്തകരില്‍ ചിലര്‍ മനഃപൂര്‍വം കുടുക്കാന്‍ ശ്രമിച്ചതാണെന്നു വാദിച്ചാണ് ഇയാള്‍ തലയൂരിയത്. ഓണാട്ടുകരയിലെ പ്രസിദ്ധമായ ദേവീക്ഷേത്രത്തില്‍ ജോലി ചെയ്യുന്നതിനിടെയാണു ഭക്തയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപണമുയര്‍ന്നത്. തുടര്‍ന്ന്, ഉന്നതങ്ങളില്‍ സ്വാധീനം ചെലുത്തി, നിശ്ചിത കാലാവധി തികയ്ക്കുന്നതിനു മുമ്പ് സ്ഥലംമാറ്റം വാങ്ങിപ്പോകുകയായിരുന്നു.
അതേസമയം തുലമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രം തുറക്കാന്‍ പോകുകയാണ്. കൊവിഡ് രൂക്ഷമായി നില്‍ക്കുന്ന സാഹചര്യത്തില്‍ ശക്തമായ കൊവിഡ് പ്രോട്ടോക്കോളിന്റെ അടിസ്ഥാനത്തിലായിരിക്കും ഭക്തരെ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കുന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ശബരിമല തീത്ഥാടനം നടത്തുന്നതിനുളള മാർഗ്ഗ നിർദ്ദേശങ്ങൾ കോട്ടയം ജില്ലാ കളക്ടർ പുറത്തിറക്കി. കര്‍ശനമായ നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. കൊവിഡ് എരുമേലി ഉൾപ്പെടെ ജില്ലയിലെ ക്ഷേത്രങ്ങളിലും ഇടത്താവളങ്ങളിലും ഭക്തരെ തങ്ങാന്‍ അനുവദിക്കുന്നതല്ല. അഞ്ച് പേരിൽ അധികമുള്ള പേട്ടതുള്ളൽ, ഘോഷയാത്ര എന്നിവ നടത്താന്‍ പാടുള്ളതല്ല.. ഇതിനായി വേഷഭൂഷാദികൾ വാടകക്ക് എടുക്കാനും കൈമാറാനും പാടില്ലെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു. മണിമലയാർ, മീനച്ചിലാർ എന്നിവക്ക പുറമെ ഇവയുടെ കൈവഴികളിലുമുള്ള കുളിക്കടവിലും പൊതു ജല സ്രോതസ്സുകളിലും ഇറങ്ങുന്നത് പൂര്‍ണ്ണമായും നിരോദിച്ചു.
എരുമേലി വലിയ തോടിനോട് ചേർന്ന് സ്ഥാപിച്ചിട്ടുള്ള ഷവറുകൾ കുളിക്കാൻ പാടുള്ളതല്ല. അന്നദാനം അത്യാവശ്യക്കാർക്ക് മാത്രമേ നല്‍കാന്‍ പാടുള്ളു. അന്നദാനം നല്‍കുന്നത് വാഴയിലയിലായിരിക്കണം. കൊവിഡ് പ്രോട്ടോക്കോൾ സംബന്ധിച്ച നിർദ്ദേശങ്ങള്‍ വിവിധഭാഷകളിൽ തയ്യാറാക്കി നൽകാൻ ആരോഗ്യവകുപ്പിന് നിർദ്ദേശം നൽകി. ഏറെ വെല്ലുവിളികളോടെയാണ് മണ്ഡല, മകരവിളക്ക് കാലത്തെ തീർത്ഥാടനമെങ്കിലും ദർശനത്തിനെത്തുന്ന ഭക്തർക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനുള്ള തീവ്രശ്രമത്തിലാണ് പത്തനംതിട്ട ജില്ലാ ഭരണകൂടവും ദേവസ്വം ബോർഡും. മണ്ഡലകാലത്തിന് മുന്നോടിയായി തുലാമാസ പൂജയ്ക്ക് പ്രതിദിനം 250 പേരെ പ്രവേശിപ്പിക്കാനാണ് ഒടുവിലത്തെ തീരുമാനം.
https://www.facebook.com/Malayalivartha


























