ജോലിക്കാര്യത്തില്‍ സുഹൃത്തിന്റെ മികവ് അസൂയ ഉളവാക്കി, ആഴ്ചകള്‍ നീണ്ട തയ്യാറെടുപ്പിനു ശേഷം കൊലപ്പെടുത്തി!
ബേപ്പൂര്‍ സ്വദേശിയായ യുവാവിനെ താനൂരിലെ സ്വകാര്യ തിയറ്ററിനടുത്തുള്ള കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍. ബേപ്പൂര്‍ സ്വദേശി വൈശാഖും പാലക്കാട് സ്വദേശി ദിനൂപും ഒരു വര്‍ഷം മുമ്പ് തിയറ്ററില്‍ ആശാരിപ്പണിക്കായാണ് താനൂരില്‍ എത്തിയത്. ലോക്ഡൗണിനു മുന്‍പ് തന്നെ അടഞ്ഞു കിടന്നിരുന്ന തിയറ്ററില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്ന ജീവനക്കാര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്.
ജോലിക്കാര്യത്തില്‍ വൈശാഖ് കൂടുതല്‍ കഴിവു തെളിയിക്കുന്നുവെന്ന് കണ്ടാണ് ദിനൂപ് വൈശാഖിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ ഒന്നിനാണ് ഇരുപത്തിയെട്ടുകാരനായ വൈശാഖിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വൈശാഖിനെ കാണാനില്ലെന്ന് ആദ്യം അറിയിച്ചതും കണ്ടെത്താന്‍ പോലീസിനൊപ്പം നടന്നതും ദിനൂപായിരുന്നു. അന്വേഷണത്തിനൊടുവില്‍ സമീപത്തെ കുളത്തില്‍ നിന്നു വൈശാഖിന്റെ മൃതദേഹം കണ്ടെത്തിയപ്പോള്‍ പോലീസിന് അതൊരു സാധാരണ മുങ്ങിമരണമാണെന്ന് തോന്നിയെങ്കിലും ശരീരത്തില്‍ കണ്ട ചില പാടുകള്‍ സംശയമുളവാക്കി.
സുഹൃത്തുക്കളോടൊപ്പം തലേ രാത്രി വൈശാഖും ദിനൂപും മദ്യപിച്ചിരുന്നു. സുഹൃത്തുക്കളെ ചോദ്യം ചെയ്തെങ്കിലും മൊഴികളില്‍ വൈരുധ്യം ഉണ്ടായിരുന്നില്ല. എന്നാല്‍ ദിനൂപിന്റെ മൊഴികളിലെ വൈരുധ്യം പോലീസ് മനസ്സിലാക്കി. വെള്ളം ഉള്ളില്‍ ചെന്നല്ല മരണമെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ തെളിഞ്ഞു. അതോടെ മരണം വെള്ളത്തില്‍ മുങ്ങിയല്ലെന്ന് പൊലീസിന് ഉറപ്പിക്കാന്‍ കഴിഞ്ഞു. അറസ്റ്റിലേക്ക് നീങ്ങുമെന്നുറപ്പായതോടെ പ്രതി കുറ്റം സമ്മതിച്ചു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ് തെളിവെടുത്തു. മദ്യപാനത്തിനിടെ നടന്ന കാര്യങ്ങളെല്ലാം പ്രതി വിശദീകരിച്ചു.
ആന്തരികാവയവങ്ങളില്‍ നടത്തിയ വിദഗ്ധ പരിശോധനയില്‍ മാരകമായ പരുക്കുകളും കണ്ടെത്തി. വൈശാഖിന്റെ ശ്വാസനാളം പൊട്ടിയിരുന്നു. തൈറോയ്ഡ് ഗ്രന്ഥികള്‍ തകര്‍ന്നു. അന്നനാളം കീറുകയും തൊണ്ടക്കുഴി നുറുങ്ങുകയും ചെയ്തിരുന്നു. കൃത്യമായ തെളിവുകളുടെ അഭാവത്തില്‍ ശാസ്ത്രീയ തെളിവുകള്‍ ആധാരമാക്കിയാണ് കേസ് തെളിയിച്ചത്.
https://www.facebook.com/Malayalivartha