ഇന്നാ പിടിച്ചോ... കസ്റ്റംസ്, ഇഡി കേസുകളില്‍ മുന്‍കൂര്‍ ജാമ്യം തേടിപ്പോയ ശിവശങ്കറിന്റെ വിധി ഇന്നറിയാം; ശക്തമായ തെളിവുകള്‍ നിരത്തി കസ്റ്റംസും എന്‍ഫോഴ്‌സ്‌മെന്റും പൂട്ടിടുമ്പോള്‍ മുന്‍കൂര്‍ ജാമ്യം ലഭിക്കുക അസാധ്യം; ജാമ്യം നിഷേധിച്ചാല്‍ സ്വകാര്യ ആയുര്‍വേദ സ്ഥാപനത്തില്‍ സുഖ ചികിത്സയിലുള്ള ശിവശങ്കറിനെ പൊക്കാനുറച്ച് അന്വേഷണ സംഘം

ഒന്നര ആഴ്ചയ്ക്ക് മുമ്പ് വെള്ളിയാഴ്ച സര്‍ക്കാര്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് പിടികൂടിയതാണ്. ഏതാണ്ട് അറസ്റ്റ് ചെയ്യുമെന്ന ഘട്ടം വന്നപ്പോള്‍ നെഞ്ചുവേദനയെടുത്ത് ഭാര്യയുടെ ആശുപത്രിയായ പിആര്‍എസിലേക്ക് പോയി. ഒന്ന് ചെക്ക് ചെയ്യാന്‍ പോയ ശിവശങ്കറിനെ ഐസിയുവില്‍ അഡ്മിറ്റാക്കി പേടിപ്പെടുത്തി. ആന്‍ജിയോഗ്രാമില്‍ ഒന്നും കണ്ടെത്താതിരുന്നിട്ടും ഡിസ്ചാര്‍ജ് ചെയ്തില്ല. പകരം മെഡിക്കല്‍ കോളേജിലെ ഐസിയുവിലേക്കാണ് മാറ്റിയത്. അതായത് ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നതു വരെ ആശുപത്രിയില്‍ തന്നെ തുടര്‍ന്നു.
ജാമ്യം ലഭിച്ച ശേഷം വീട്ടില്‍ പോകാതെ തിരുവനന്തപുരത്തെ സ്വകാര്യ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയ്ക്കായി പോയി. തിരുമ്മല്‍, കിഴി തുടങ്ങിയ സുഖ ചികിത്സയിലാണ്. ജാമ്യത്തില്‍ തീപ്പായില്ലെങ്കില്‍ ആയുര്‍വേദ ചികിത്സ തുടരും. അങ്ങനെ പരമാവധി നീട്ടാന്‍ ശ്രമിക്കും.
നയതന്ത്രചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കസ്റ്റംസും രജിസ്റ്റര്‍ചെയ്ത കേസുകളില്‍ മുന്‍കൂര്‍ജാമ്യം തേടി എം. ശിവശങ്കര്‍ നല്‍കിയ ഹര്‍ജികളില്‍ ഹൈക്കോടതി ഇന്നാണ് വിധിപറയുന്നത്. ഇരു ഹര്‍ജികളും വാദം പൂര്‍ത്തിയായതിനെ തുടര്‍ന്ന് ഇന്നു വിധി പറയാനാണ് സിംഗിള്‍ബെഞ്ച് മാറ്റിയിരുന്നത്. ശിവശങ്കറിന്റെ അറസ്റ്റ് ഇന്നുവരെയാണ് തടഞ്ഞിട്ടുള്ളത്.
സ്വര്‍ണക്കടത്തിന്റെ സൂത്രധാരന്‍ ശിവശങ്കറാണെന്ന ആരോപണമാണ് കഴിഞ്ഞദിവസം വാദത്തിനിടെ ഇ.ഡിക്കുവേണ്ടി ഹാജായ അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു ഉന്നയിച്ചത്. സ്വര്‍ണക്കടത്തില്‍ സ്വപ്ന വെറും മറയാണെന്നും ഇവരെ മുന്നില്‍നിറുത്തി ശിവശങ്കറാണോ ഇടപാടുകള്‍ നിയന്ത്രിച്ചിരുന്നതെന്ന് അന്വേഷിക്കുകയാണെന്നും അഡി. സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രധാനപദവി വഹിച്ചിരുന്ന ശിവശങ്കറിനാണോ സ്വര്‍ണക്കടത്തിന്റെ ലാഭം ലഭിച്ചിരുന്നതെന്നും അന്വേഷിച്ചുവരികയാണെന്ന് ഇ.ഡി വ്യക്തമാക്കിയിരുന്നു. സ്വര്‍ണക്കടത്തില്‍ ശിവശങ്കറിന്റെ പങ്ക് തെളിയിക്കാന്‍ പോരുന്ന വാട്ട്‌സ് ആപ്പ് സന്ദേശങ്ങളടക്കമുള്ള തെളിവുകള്‍ പിന്നീട് ഇ.ഡി മുദ്രവച്ച കവറില്‍ സമര്‍പ്പിച്ചിരുന്നു.
സാമ്പത്തിക കുറ്റകൃത്യങ്ങളിലെ പ്രതികള്‍ക്ക് മുന്‍കൂര്‍ജാമ്യം അനുവദിക്കരുതെന്നും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട അനുബന്ധകേസുകളിലും ശിവശങ്കറിന്റെ പങ്കിനെക്കുറിച്ച് സംശയമുണ്ടെന്നും കസ്റ്റംസിനുവേണ്ടി ഹാജരായ സീനിയര്‍ കോണ്‍സല്‍ വിശദീകരിച്ചിരുന്നു. എന്നാല്‍, ആരോപണങ്ങള്‍ ശരിയല്ലെന്നും കെട്ടുകഥ സൃഷ്ടിച്ച് തന്നെ കുടുക്കാനാണ് അന്വേഷണ ഏജന്‍സികള്‍ ശ്രമിക്കുന്നതെന്നും ശിവശങ്കര്‍ വാദിച്ചു. വിവിധ അന്വേഷണ ഏജന്‍സികള്‍ ഉന്നയിച്ച ആരോപണങ്ങളെത്തുടര്‍ന്ന് താന്‍ തൊട്ടുകൂടാത്തവനായെന്നും തന്റെ ഔദ്യോഗിക കുടുംബ ജീവിതങ്ങള്‍ തകര്‍ന്നെന്നും ശിവശങ്കര്‍ പറഞ്ഞിരുന്നു.
അതേസമയം ശക്തമായ തെളിവുകളാണ് എന്‍ഫോഴ്‌സ്‌മെന്റ് രഹസ്യ കവറില്‍ നല്‍കിയിരിക്കുന്നത്. പുറത്ത് പറയാത്ത പല തെളിവുകളും ഇഡി രഹസ്യമായി സമര്‍പ്പിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്തില്‍ ശിവശങ്കറിന് നിര്‍ണായക പങ്കാണുള്ളതെന്നാണ് ഇഡി സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നത്. ഡോളര്‍ കടത്തിലും ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനും ദുബായില്‍ ബിസിനസ് തുടങ്ങുന്നതിനും ശിവശങ്കര്‍ ശ്രമിച്ചിരുന്നു. മാത്രമല്ല സ്വര്‍ണം വിട്ടുകിട്ടാല്‍ കസ്റ്റംസിനെ വിളിച്ചതായും വെളിപ്പെടുത്തുന്നു. ഇങ്ങനെ നിര്‍ണായകമായ തെളിവുകളാണ് ശിവശങ്കറെ കുടുക്കുന്നത്.
ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയാല്‍ ഉടന്‍ തന്നെ ശിവശങ്കറെ അറസ്റ്റ് ചെയ്യാന്‍ ഇഡിയും കസ്റ്റംസും നീക്കം തുടങ്ങും. അതിനാല്‍ കേന്ദ്ര സേനയായ സിആര്‍എഫിനെ ആവശ്യമെങ്കില്‍ വിളിക്കും. ഏതാനും മണിക്കൂറുകള്‍ക്കകം അത് വ്യക്തമാകും.
"
https://www.facebook.com/Malayalivartha




















