നിയമസഭ കൈക്കാങ്കളിക്കേസില്‍ പ്രതികളായ രണ്ട് മന്ത്രിമാര്‍ ഇന്ന് കോടതിയില്‍ ഹാജരാകും.... തിരുവനന്തപുരം സിജെഎം കോടതിയിലാണ് ഹാജരാകേണ്ടത്

നിയമസഭ കൈക്കാങ്കളിക്കേസില്‍ പ്രതികളായ രണ്ട് മന്ത്രിമാര്‍ ഇന്ന് കോടതിയില്‍ ഹാജരാകും. മന്ത്രി ഇ പി ജയരാജന്‍, കെ ടി ജലീല്‍ എന്നിവരാണ് ഇന്ന് തിരുവനന്തപുരം സിജെഎം കോടതിയില്‍ ഹാജരാകുന്നത്. മന്ത്രിമാര്‍ ഹാജരാവുന്നത് സ്റ്റേ ചെയ്യണമെന്ന സര്‍ക്കാരിന്റെ ഇടക്കാല ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു.
പൊതുമുതല്‍ നശിപ്പിച്ചതിന് മന്ത്രിമാര്‍ അടക്കമുള്ള പ്രതികള്‍ക്കെതിരെയുള്ള കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം വിചാരണക്കോടതി നേരത്തെ തള്ളിയിരുന്നു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രി കെ.എം.മാണിയുടെ ബജറ്റ് പ്രസംഗം തടസപ്പെടുത്തിയ പ്രതിപക്ഷം സ്പീക്കറുടെ ഡയസില്‍ കയറി കസേര മറിച്ചിടുകയും കംപ്യൂട്ടറും മറ്റ് ഉപകരണങ്ങളും നശിപ്പിക്കുകയും ചെയ്തിരുന്നു.
മൊത്തം രണ്ടര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായി. നിയമസഭാ സെക്രട്ടറിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. മന്ത്രിമാര്‍ അടക്കം ആറ് പേരാണ് പ്രതികള്‍. ഇതില്‍ കെ.അജിത്, കെ.കുഞ്ഞഹമ്മദ്, സി.കെ.സദാശിവന്‍, വി.ശിവന്‍കുട്ടി എന്നിവര്‍ ജാമ്യമെടുത്തിരുന്നു. 30000 രൂപ കെട്ടിവച്ചാണ് ജാമ്യമെടുത്തത്.
https://www.facebook.com/Malayalivartha




















