കരസേന റിക്രൂട്‌മെന്റ് റാലി: 4 തവണ വരെ അവസരം ലഭിക്കുന്ന വിധത്തില്‍ 'മള്‍ട്ടിപ്പിള്‍ റജിസ്‌ട്രേഷന്‍' തരപ്പെടുത്താമെന്ന വാഗ്ദാനവുമായി തട്ടിപ്പുസംഘം

കരസേന റിക്രൂട്‌മെന്റ് റാലിയില്‍ സാധാരണ ഒരു ട്രേഡിലേ ഉദ്യോഗാര്‍ഥിക്ക് മത്സരിക്കാനാകൂ എന്നിരിക്കെ, 4 തവണ വരെ അവസരം ലഭിക്കുന്ന വിധത്തില്‍ 'മള്‍ട്ടിപ്പിള്‍ റജിസ്‌ട്രേഷന്‍' തരപ്പെടുത്താമെന്ന വാഗ്ദാനവുമായി തട്ടിപ്പുസംഘം. പങ്കെടുത്തവരുടെ പ്രവേശന കാര്‍ഡിന്റെ പകര്‍പ്പും ഫോണ്‍ നമ്പറും ഉപയോഗിച്ചാണ് തട്ടിപ്പ്. ഡിസംബറില്‍ വീണ്ടും റിക്രൂട്‌മെന്റ് റാലി പ്രഖ്യാപിച്ചിരിക്കെ അതിലേക്ക് പ്രവേശനം തരപ്പെടുത്താമെന്നു വാഗ്ദാനം ചെയ്താണ് ഉദ്യോഗാര്‍ഥികള്‍ക്ക് ഫോണ്‍വിളികളും വാട്‌സാപ് സന്ദേശങ്ങളും എത്തുന്നത്.
കൊട്ടാരക്കരയിലാണ് ഓഫിസെന്നും ഉദ്യോഗാര്‍ഥികളെ അറിയിച്ചിട്ടുണ്ട്. മള്‍ട്ടിപ്പിള്‍ റജിസ്‌ട്രേഷന്‍ നേടിയാല്‍ 4 വിഭാഗത്തില്‍ വരെ പങ്കെടുപ്പിക്കാമെന്നാണ് വാഗ്ദാനം. 'സൗജന്യം' എന്ന് സന്ദേശത്തില്‍ പറയുന്നുണ്ടെങ്കിലും ഇവരെ ബന്ധപ്പെടുമ്പോള്‍ 10,000 രൂപ വരെ ആവശ്യപ്പെടുന്നതായി ഉദ്യോഗാര്‍ഥികള്‍ പറയുന്നു.
തട്ടിപ്പുശ്രമത്തെക്കുറിച്ച് റിക്രൂട്‌മെന്റിന്റെ ചുമതലയുള്ള ഡയറക്ടറെ അറിയിച്ചിട്ടുണ്ട്. അന്വേഷണം നടത്തേണ്ടത് സിവില്‍ പൊലീസാണ്. അതിനു രേഖാമൂലം പരാതികള്‍ ലഭിക്കണം. പരാതി നല്‍കുന്നവര്‍ക്ക് എല്ലാ പിന്തുണയും നല്‍കും. മള്‍ട്ടിപ്പിള്‍ റജിസ്‌ട്രേഷന്‍ എന്ന സംവിധാനം ഇല്ല. ആര്‍മി റിക്രൂട്‌മെന്റ് വിഭാഗത്തില്‍നിന്നു വിവരങ്ങളൊന്നും ചോര്‍ന്നിട്ടില്ലെന്ന് ഉറപ്പാണെന്ന് തിരുവനന്തപുരത്തു നിന്നും പ്രതിരോധ വക്താവ് കെ.ധന്യ സനല്‍ അറിയിച്ചു.
https://www.facebook.com/Malayalivartha




















