സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിന് 357 ബൂത്ത് കൂടി അനുവദിച്ചു

സംസ്ഥാനത്ത് നടത്തുന്ന തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ 34,423 ബൂത്തുകള്‍ ഉണ്ടായിരുന്നത് 34,780 ആയി. അധികമായി 357 പോളിങ് ബൂത്തുകള്‍ കൂടിയാണ് അനുവദിച്ചത്. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ കൂടിയായ കലക്ടര്‍മാരുടെ ശുപാര്‍ശ സംസ്ഥാന തിരഞ്ഞെടുപ്പുകമ്മിഷന്‍ അംഗീകരിക്കുകയായിരുന്നു.
കോര്‍പറേഷനുകളിലും നഗരസഭകളിലുമായാണ് പുതിയ ബൂത്തുകളില്‍ 230 എണ്ണം. 127 എണ്ണം ഗ്രാമപ്പഞ്ചായത്തുകളിലാണ്. നഗരമേഖലയിലെ ആകെ ബൂത്തുകള്‍ 5213-ല്‍ നിന്ന് 5443 ആയി; ഗ്രാമീണ മേഖലയില്‍ 29,210-ല്‍ നിന്ന് 29,337 ആയി. പഞ്ചായത്തുകളിലെ 1200-ല്‍ അധികവും നഗരസഭകളിലെ 1500-ല്‍ അധികവും വോട്ടര്‍മാരുള്ള ബൂത്തുകളാണു വിഭജിച്ചത്. എന്നാല്‍, ഈ അടിസ്ഥാന കണക്കിനെക്കാള്‍ നൂറില്‍ താഴെ വോട്ടര്‍മാരാണ് കൂടിയതെങ്കില്‍ പഴയ ബൂത്തുകളില്‍ നിലനിര്‍ത്തി.
കഴിഞ്ഞ ഒന്നിന് തദ്ദേശസ്ഥാപനങ്ങള്‍ പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടിക പ്രകാരം സംസ്ഥാനത്ത് ആകെ 2.71 കോടി വോട്ടര്‍മാരാണുള്ളത്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടര്‍പട്ടികയില്‍ കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറം ജില്ലയില്‍ (32.83 ലക്ഷം); കുറവ് വയനാട്ടിലും (6.12 ലക്ഷം).
വോട്ടര്‍പട്ടികയില്‍ ഓണ്‍ലൈനായി പേരു ചേര്‍ക്കാം. www.lsgelection.kerala.gov.in വെബ്‌സൈറ്റിലൂടെ പുതിയ പേരു ചേര്‍ക്കാനും തെറ്റു തിരുത്താനും മരിച്ചവരുടെ പേരു നീക്കം ചെയ്യാനും സ്ഥലംമാറിയവര്‍ക്ക് വാര്‍ഡ് മാറ്റാനും 31 വരെ അവസരമുണ്ട്.
https://www.facebook.com/Malayalivartha





















