ഖാദി ബോര്‍ഡ് നഷ്ടത്തില്‍, പക്ഷേ സെക്രട്ടറിയ്ക്ക് ശമ്പളം മൂന്നരലക്ഷം! ബോര്‍ഡ് യോഗത്തിന്റെ അംഗീകാരമില്ലാതെ ശമ്പള വര്‍ധനയില്‍ തീരുമാനമെടുത്തത് ദുരൂഹം
കശുവണ്ടി അഴിമതിക്കേസില്‍ ആരോപണവിധേയനായ കെ.എ. രതീഷ് ഖാദി ബോര്‍ഡില്‍ സെക്രട്ടറിയായപ്പോള്‍ ശമ്പളമായി ആവശ്യപ്പെട്ടത് മൂന്നര ലക്ഷം രൂപ. ഉയര്‍ന്ന ശമ്പളം ആവശ്യപ്പെട്ട് രതീഷ് നല്കിയ കത്ത് ഖാദി ബോര്‍ഡ് വൈസ് ചെയര്‍പഴ്സണ്‍ ശോഭനാ ജോര്‍ജ് സര്‍ക്കാരിലേക്കു ശിപാര്‍ശ ചെയ്തു. ശിപാര്‍ശ കൈയില്‍ കിട്ടിയ അന്നുതന്നെ മന്ത്രി ഇ.പി ജയരാജന് അത് ഒപ്പിട്ട് തുടര്‍ നടപടികള്‍ക്കായി വ്യവസായ സെക്രട്ടറിക്ക് കൈമാറി. എല്ലാം നിയമപരമാണെന്നാണ് മന്ത്രിയുടെ വാദം.
ഖാദി ബോര്‍ഡ് യോഗം ചേര്‍ന്ന് അംഗീകാരം നല്‍കാതെ ബോര്‍ഡിനു കീഴിലെ ഉദ്യോഗസ്ഥന്റെ ശമ്പള വര്‍ധനയില്‍ തീരുമാനമെടുത്തതു ദുരൂഹമാണ്. ധനവകുപ്പ് അംഗീകാരം അടക്കം സര്‍ക്കാര്‍ നടപടികള്‍ പൂര്‍ത്തിയായി ശമ്പളവര്‍ധന തീരുമാനിക്കുന്നു എന്നാണ് കെ.എ. രതീഷ് ഖാദി ബോര്‍ഡ് ഡയറക്ടര്‍ ബോര്‍ഡിന് കഴിഞ്ഞ 19-നു നല്കിയ കത്തില്‍ പറയുന്നത്.
ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍ ശോഭനാ ജോര്‍ജ്, കിന്‍ഫ്ര എംഡിയുടെ ശമ്പളമായ 1,70,000 രൂപ നല്‍കാനുള്ള കത്താണ് വ്യവസായ മന്ത്രിക്കു നല്‍കിയത്. ഈ നടപടികള്‍ക്ക് രണ്ടാഴ്ച എടുത്തെങ്കില്‍ മന്ത്രി ഇ.പി. ജയരാജന് നടപടി വേഗത്തിലാക്കിയത് വിവാദമാകുകയാണ്. ഇന്‍കെലില്‍ നേരത്തേ മൂന്നരലക്ഷം ശമ്പളം വാങ്ങിയിരുന്നെന്നാണു രതീഷിന്റെ വാദം.
ഇടതുസര്‍ക്കാര്‍, യു.ഡി.എഫ്. കാലത്തെ കശുവണ്ടി അഴിമതിക്കേസില്‍ പ്രതിയായ രതീഷിനെ ഇന്‍കെല്‍ എം.ഡിയായി നിയമിച്ചതുതന്നെ വിവാദമായിരുന്നു. ഖാദി ബോര്‍ഡ് വൈസ് ചെയര്‍പഴ്സണ്‍ സര്‍ക്കാര്‍ 20,000 രൂപ നല്‍കുമ്പോഴാണ് കരാര്‍ വ്യവസ്ഥയില്‍ നിയമിച്ച രതീഷ് അതിന്റെ പലമടങ്ങ് ശമ്പളം ആവശ്യപ്പെട്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha