വള്ളങ്ങളും ചെറു ബോട്ടുകളും നിര്‍ത്തിയിടാന്‍ ബേപ്പൂരില്‍ നിര്‍മ്മിച്ച ലോ ലെവല്‍ ബെര്‍ത്തിങ് ജെട്ടി പ്രവര്‍ത്തന സജ്ജം
ബേപ്പൂര്‍ മത്സ്യബന്ധന ഹാര്‍ബറില്‍ വള്ളങ്ങളും ചെറു ബോട്ടുകളും നിര്‍ത്തിയിടാന്‍ നിര്‍മിച്ച ലോ ലെവല്‍ ബെര്‍ത്തിങ് ജെട്ടി ഉപയോഗ സജ്ജമായി. ചാലിയാറില്‍ പുതിയ വാര്ഫിനോടു ചേര്‍ന്നാണ് പുതിയ ജെട്ടി ഒരുക്കിയത്. 50 മീറ്റര്‍ നീളവും 27 മീറ്റര്‍ വീതിയുമുണ്ട്. 2 മീറ്റര്‍ മാത്രമേ ഉയരമുള്ളൂ എന്നതിനാല്‍ വള്ളങ്ങള്‍ക്കും ചെറിയ ബോട്ടുകള്‍ക്കും ഏറെ പ്രയോജനകരമാകും.
തീരത്ത് യാനങ്ങള്‍ കെട്ടിയിടാന്‍ ബൊള്ളാര്‍ഡ് സ്ഥാപിച്ചു. 2 മീറ്റര്‍ നീളവും 1.2 മീറ്റര്‍ വീതിയുമുള്ള 3 തരം കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ സ്ഥാപിച്ചാണു നദീ തീരത്ത് ജെട്ടി ഒരുക്കിയത്. കേന്ദ്രാവിഷ്കൃത പദ്ധതിയായ രാഷ്ട്രീയ കൃഷി വിജ്ഞാന് യോജനയില്‍ അനുവദിച്ച 98 ലക്ഷം ഉപയോഗിച്ചു ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പിന്റെ മേല്‍നോട്ടത്തിലാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്.
ഇതിനകം തന്നെ വള്ളങ്ങള്‍ ജെട്ടിയില്‍ അടുപ്പിച്ചു തുടങ്ങി. ഹാര്‍ബറില്‍ ലഭ്യമായ സ്ഥലത്ത് പരമാവധി യാനങ്ങള്‍ സുഗമമായി അടുപ്പിക്കാന്‍ കഴിയുന്ന വിധത്തിലാണ് രൂപകല്പന. പുതിയ ജെട്ടി വന്നതോടെ ബേപ്പൂര്‍ മത്സ്യബന്ധന തുറമുഖത്ത് ബോട്ടുകള്‍ക്ക് ഒപ്പം വള്ളങ്ങളും കരയ്ക്ക് അടുപ്പിക്കാന്‍ സൗകര്യമായി.
https://www.facebook.com/Malayalivartha