ട്രെയിനുകളില്‍ നിന്നും പാഴ്സല്‍ കൊള്ളയടിക്കുന്ന സംഘത്തിന്റെ തലവനെ റെയില്‍വേ സംരക്ഷണ സേന പിടികൂടി
20 വര്‍ഷമായി ട്രെയിനുകളില്‍ നിന്നു പാഴ്സല്‍ കൊള്ളയടിക്കുന്ന അന്തര്‍ സംസ്ഥാന സംഘത്തിന്റെ തലവനെ റെയില്‍വേ സംരക്ഷണ സേന മുംബൈയില്‍ നിന്നു പിടികൂടി. കൊള്ള നടത്തുന്ന സംഘത്തെ പിടിക്കാന്‍ ഡിവിഷനല്‍ സെക്യൂരിറ്റി കമ്മിഷണര്‍ മനോജ് കുമാറിന്റെ നിര്‍ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിരുന്നു. സംഘത്തില്‍ പെട്ട ചേതന്‍ രാംദാസിനെ സെപ്റ്റംബര്‍ 15-ന് അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
മുംബൈ ഘാട്കോപ്പര്‍ ആസാദ് നഗറിലെ മൊഹിദീന് മെഹബൂബ് സെയിദി (55) യെയാണ് കാസര്‍കോട് ആര്‍പിഎഫ് ഇന്‍സ്പെക്ടര്‍ പി.വിജയകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കണ്ണൂരില്‍ നാലു കേസുകളുണ്ട്. ഇയാളെ മുംബൈ കോടതിയില്‍ ഹാജരാക്കി ട്രാന്‍സിറ്റ് വാറന്റ് വാങ്ങിയ ശേഷം കണ്ണൂരിലെത്തിച്ചു. എസ്ഐ എ.പി.ദീപക്, കെ.വി.മനോജ് കുമാര്‍, പി.പി.ബിനീഷ്, കെ.ദേവരാജന്‍, സി.സത്താര്‍, വി.ശ്രീകാന്ത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. 40-ല്‍ അധികം കവര്‍ച്ച, മോഷണ കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് ആര്‍പിഎഫ് പറഞ്ഞു.
പാഴ്സല്‍ കൊള്ളസംഘം 'ഓപറേഷനു' മുമ്പ് കൊങ്കണ്‍പാത വഴി കേരളത്തിലേക്കു വരുന്ന ഓരോ ട്രെയിനിനെക്കുറിച്ചും വ്യക്തമായി പഠിക്കും. ട്രെയിനുകളുടെ പാഴ്സല്‍ വാന്‍ പൊതുവെ ആളുകളുടെ ശ്രദ്ധയില്‍ പെടാത്ത സ്ഥലത്താണ് നിര്‍ത്തുക. പാഴ്സല്‍ വാനുകളില്‍ രണ്ടോ മൂന്നോ പേര് അടങ്ങുന്ന സംഘമായി ഇവര്‍ കയറും. രത്നഗിരി സ്റ്റേഷനാണ് പ്രധാനമായും മോഷണ സംഘം തിരഞ്ഞെടുത്തിരുന്നത്.
പാഴ്സല്‍ സാധനങ്ങള്‍ ഓരോന്നായി രത്നഗിരിക്കും സാവന്തവാടി സ്റ്റേഷനും ഇടയിലുള്ള സ്ഥലങ്ങളില്‍ പുറത്തേക്ക് ഉരുട്ടിയിടും. മറ്റുള്ളവര്‍ വാഹനവുമായി ഇവിടങ്ങളില്‍ നേരത്തേ കാത്തിരിക്കുന്നുണ്ടാകും. അവര്‍ സാധനങ്ങളുമായി സ്ഥലം വിടും. പ്രധാനമായും വില പിടിപ്പുള്ള തുണികളാണു പാഴ്സലായി ഉണ്ടാകാറെന്ന് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha