വകുപ്പു തലത്തിലോ കോടതി തലത്തിലോ നടപടി നേരിടുന്ന ഉദ്യോഗസ്ഥരുടെ 'ഡെത്ത് കം റിട്ടയര്‍മെന്റ് ഗ്രാറ്റുവിറ്റി' തടയാന്‍ സഹായകമായ വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി

കേരള സര്‍വീസ് ചട്ടം 3എയില്‍, നടപടി നേരിടുന്നവരുടെ 'ഡെത്ത് കം റിട്ടയര്‍മെന്റ് ഗ്രാറ്റുവിറ്റി' (ഡിസിആര്‍ജി) തടയാന്‍ സഹായകമായ വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി. ഗുരുതര കുറ്റാരോപണങ്ങളുടെ പേരില്‍ വകുപ്പു തലത്തിലോ കോടതി തലത്തിലോ നടപടി നേരിടുന്ന, സര്‍ക്കാര്‍ സര്‍വീസില്‍ നിന്നു വിരമിച്ച ഉദ്യോഗസ്ഥരുടെ ഗ്രാറ്റുവിറ്റി ആനുകൂല്യം നിഷേധിക്കാനാകില്ലെന്ന് ഹൈക്കോടതി ഫുള്‍ ബെഞ്ച് വിധിച്ചു.
ജസ്റ്റിസ് കെ.വിനോദ് ചന്ദ്രന്‍, ജസ്റ്റിസ് വി.ജി.അരുണ്‍, ജസ്റ്റിസ് ടി.ആര്‍.രവി എന്നിവരുള്‍പ്പെട്ട ഫുള്‍ ബെഞ്ചിന്റെ വിധി ഡിവിഷന്‍ ബെഞ്ചില്‍ നിന്നു റഫര്‍ ചെയ്‌തെത്തിയ കേസിലാണ്.
ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലെയും സപ്ലൈ ഓഫിസിലെയും വിരമിച്ച ഉദ്യോഗസ്ഥര്‍, വിജിലന്‍സ് കേസുകളില്‍ ശിക്ഷയ്‌ക്കെതിരായ അപ്പീല്‍ നിലവിലിരിക്കെ ഗ്രാറ്റുവിറ്റി തടഞ്ഞതിനെതിരെ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. ട്രൈബ്യൂണല്‍, സപ്ലൈ ഓഫിസിലെ വിരമിച്ച ഉദ്യോഗസ്ഥന് അനുകൂലമായി ഉത്തരവിട്ടത് ചോദ്യംചെയ്ത സര്‍ക്കാര്‍ ഹര്‍ജി ഫുള്‍ ബെഞ്ച് തള്ളി.
അതേസമയം, പനമരം ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലെ റിട്ട. ഉദ്യോഗസ്ഥനായ കെ. ചന്ദ്രന്‍ ട്രൈബ്യൂണലിന്റെ പ്രതികൂല വിധിക്കെതിരെ നല്‍കിയ ഹര്‍ജി അനുവദിച്ചു. 2 ഉദ്യോഗസ്ഥര്‍ക്കും അര്‍ഹതപ്പെട്ട ഗ്രാറ്റുവിറ്റി നല്‍കാനും വര്‍ഷങ്ങള്‍ തടഞ്ഞുവച്ചതിന് പരിഹാരമായി, വിരമിച്ച തീയതി മുതല്‍ 8% പലിശ നല്‍കാനും കോടതി നിര്‍ദേശിച്ചു.
ഡിസിആര്‍ജി. പെന്‍ഷനും ഗ്രാറ്റുവിറ്റിയും കുറഞ്ഞത് 5 വര്‍ഷം സര്‍വീസുള്ള ജീവനക്കാര്‍ മരിച്ചാലോ വിരമിച്ചാലോ അനുവദിക്കുന്ന ആനുകൂല്യമാണ്. വിരമിക്കല്‍ ആനുകൂല്യങ്ങളില്‍പെട്ടതാണെങ്കിലും ചട്ടത്തില്‍ രണ്ടും വ്യത്യസ്തമായാണ് പറഞ്ഞിട്ടുള്ളതെന്നു കോടതി ചൂണ്ടിക്കാട്ടി.
ഗുരുതര കുറ്റമോ വീഴ്ചയോ അനാസ്ഥയോ മൂലം സാമ്പത്തിക നഷ്ടമുണ്ടാക്കിയ ഉദ്യോഗസ്ഥരുടെ പെന്‍ഷനില്‍നിന്ന് സാമ്പത്തിക നഷ്ടം തിരിച്ചുപിടിക്കാന്‍ വ്യവസ്ഥയുണ്ടെങ്കിലും ഗ്രാറ്റുവിറ്റിയില്‍ നിന്നു പിടിക്കാന്‍ വ്യവസ്ഥയില്ല.
https://www.facebook.com/Malayalivartha





















