സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം വ്യാജ സാനിറ്റൈസര്‍ ശേഖരം പിടിച്ചു

തിരൂരങ്ങാടി പാലന്തറയിലെ സ്ഥാപനത്തില്‍ സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം നടത്തിയ പരിശോധനയില്‍ അനധികൃതമായി നിര്‍മിച്ചു വില്‍പന നടത്തിയിരുന്ന വ്യാജ സാനിറ്റൈസറിന്റെ വന്‍ ശേഖരം പിടികൂടി. സ്ഥാപനത്തിനെതിരെ കേസ് എടുത്തു.
ഈഥൈല്‍ ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ 200 ലീറ്റര്‍, 220 ലീറ്റര്‍ വീതം ബാരലുകളില്‍ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ നിന്നും വന്‍തോതില്‍ മലപ്പുറം ജില്ലയിലേക്ക് എത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിനു വിവരം നല്‍കിയത് മഹാരാഷ്ട്ര ഡ്രഗ്‌സ് കണ്‍ട്രോള്‍ അഡ്മിനിസ്‌ട്രേഷന്‍ ആണ്.
തിരൂരങ്ങാടിയിലെ സ്ഥാപനം ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് നിയമം പാലിക്കാതെയും രേഖകള്‍ ഇല്ലാതെയും ആണ് പ്രവര്‍ത്തിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. സ്ഥാപനത്തിന് സാനിറ്റൈസര്‍ നിര്‍മിക്കാന്‍ ലൈസന്‍സ് ഇല്ലെന്നും കണ്ടെത്തി.
കോഴിക്കോട് അസിസ്റ്റന്റ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ സുജിത് കുമാറിന്റെ നിര്‍ദേശ പ്രകാരം ജില്ലാ ഡ്രഗ്‌സ് ഇന്‍സ്പെക്ടര്‍ ഡോ. എം.സി.നിഷിത്, ഡ്രഗ്‌സ് കണ്‍ട്രോള്‍ ഇന്റലിജന്‍സ് വിഭാഗം ഇന്‍സ്പെക്ടര്‍ വി.കെ.ഷിനു, ജില്ല ഡ്രഗ്‌സ് ഇന്‍സ്പെക്ടര്‍ ആര്‍.അരുണ്‍ കുമാര്‍ എന്നിവരാണ് പരിശോധന നടത്തിയത്. സ്ഥാപനത്തിന്റെ ബ്രാന്‍ഡില്‍ 1.80 ലക്ഷം രൂപ വിലവരുന്ന സാനിറ്റൈസറും നിര്‍മാണത്തിനുപയോഗിച്ച ബോട്ടിലുകള്‍, ലേബല്‍, ബില്‍ എന്നിവയും കസ്റ്റഡിയിലെടുത്തു. ഇവ പരപ്പനങ്ങാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി.
https://www.facebook.com/Malayalivartha





















