ബാങ്കുകളിലോ സഹകരണ സംഘങ്ങളിലോ വായ്പക്കുടിശിക ഉണ്ടെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാം, കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളില്‍ കുടിശികയുള്ളവര്‍ക്ക് മത്സരിക്കാനാകില്ല

സര്‍ക്കാരിലേക്കുള്ള കുടിശിക അല്ലെന്നതിനാല്‍, ബാങ്കുകളിലോ സഹകരണ സംഘങ്ങളിലോ വായ്പക്കുടിശിക ഉണ്ടെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാം. കുടിശിക ഈടാക്കാന്‍ നോട്ടിസോ റവന്യു റിക്കവറി നടപടികളോ സ്വീകരിച്ചു കഴിഞ്ഞാല്‍ മത്സരിക്കാന്‍ തടസ്സമാകും. ഇക്കാര്യത്തില്‍ വരണാധികാരിയുടെ തീരുമാനം പ്രധാനം. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളില്‍ കുടിശികയുള്ളവര്‍ക്കു മത്സരിക്കാനാകില്ല. സര്‍ക്കാര്‍ കരാറുകാര്‍ക്കും സാധിക്കില്ല.
ഗുണഭോക്തൃ - പാടശേഖര കമ്മിറ്റി കണ്‍വീനര്‍, റേഷന്‍ കട നടത്തുന്നവര്‍, സിഡിഎസ് ചെയര്‍പഴ്‌സന്‍ ഉള്‍പ്പെടെ കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവര്‍ക്കു മത്സരിക്കാം. സിഡിഎസ് അക്കൗണ്ടന്റ്, എസ്സി-എസ്ടി കോഓര്‍ഡിനേറ്റര്‍ എന്നിവര്‍ക്കു പറ്റില്ല. പാര്‍ട്ടൈം ജീവനക്കാര്‍ക്കും സര്‍ക്കാരില്‍നിന്ന് ഓണറേറിയം ലഭിക്കുന്നവര്‍ക്കും വിലക്കുണ്ട്. ഇതില്‍ നിന്ന് അങ്കണവാടി, ബാലവാടി ജീവനക്കാര്‍, ആശാ വര്‍ക്കര്‍മാര്‍, സാക്ഷരതാ പ്രേരക് എന്നിവരെ ഒഴിവാക്കിയിട്ടുണ്ടെന്നു തിരഞ്ഞെടുപ്പ് നിയമം പറയുന്നു. എയ്ഡഡ് സ്‌കൂള്‍ ജീവനക്കാര്‍ക്കും മത്സരിക്കാം.
തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അയോഗ്യതയുള്ള മറ്റുള്ളവര്‍: കേന്ദ്ര - സംസ്ഥാന - തദ്ദേശ സ്ഥാപന ജീവനക്കാര്‍, കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ നിയന്ത്രണത്തിലോ ഉടമസ്ഥതയിലുള്ള കോര്‍പറേഷനുകളിലെ ജീവനക്കാര്‍, കേന്ദ്ര - സംസ്ഥാന തദ്ദേശ സര്‍ക്കാരുകള്‍ക്ക് 51% ഓഹരിയുള്ള കമ്പനിയിലോ കോഓപ്പറേറ്റീവ് സൊസൈറ്റിയിലോ ഉള്ള ജീവനക്കാര്‍, സ്റ്റാറ്റിയൂട്ടറി ബോര്‍ഡ് ജീവനക്കാര്‍, യൂണിവേഴ്‌സിറ്റി ജീവനക്കാര്‍, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന 179 ദിവസം നിയമനത്തിലുള്ളവര്‍ ഉള്‍പ്പെടെയുള്ള താല്‍ക്കാലിക ജീവനക്കാര്‍, ബാര്‍ കൗണ്‍സില്‍ അയോഗ്യനാക്കിയ അഭിഭാഷകന്‍, കോടതി / ട്രൈബ്യൂണല്‍ 3 മാസം വരെയെങ്കിലും സ്വഭാവദൂഷ്യത്തിനു ശിക്ഷിച്ചവര്‍, ദുര്‍ഭരണത്തിന് ഓംബുഡ്‌സ്മാന്‍ ശിക്ഷിച്ചവര്‍, അഴിമതിനിരോധന നിയമപ്രകാരം ശിക്ഷിക്കപ്പെട്ടവര്‍, വിദേശപൗരത്വം നേടിയവര്‍,കൂറുമാറ്റ നിരോധന നിയമപ്രകാരം ശിക്ഷിക്കപ്പെട്ടവര്‍, തിരഞ്ഞെടുപ്പിന്റെ രഹസ്യസ്വഭാവം ലംഘിച്ചവര്‍, എംപിയോ എംഎല്‍എയോ ആയി മത്സരിച്ച് ഇലക്ഷന്‍ കേസുകളില്‍ ഉള്‍പ്പെട്ട് അയോഗ്യരായവര്‍ തുടങ്ങിയവര്‍ക്കു വിവിധ കാലയളവില്‍ വിലക്കുണ്ട്.
തിരഞ്ഞെടുപ്പു കണക്ക് നല്‍കാത്തവരും പഞ്ചായത്തിരാജ് നിയമപ്രകാരം ഇലക്ഷന്‍ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടവര്‍ക്കും 5 വര്‍ഷത്തേക്ക് അയോഗ്യതയുണ്ട്. കേന്ദ്ര സംസ്ഥാന പ്രാദേശിക സര്‍വീസുകളില്‍നിന്നു പിരിച്ചുവിടപ്പെട്ടവര്‍ക്ക് അന്നു മുതല്‍ 5 വര്‍ഷത്തേക്കു മത്സരിക്കാനാകില്ല.
https://www.facebook.com/Malayalivartha





















